Kerala

മുഖ്യമന്ത്രിയുടെ ഓഫീസിലെ തിരക്കഥയുടെ ഫലമാണ് ശ്രീറാമിന്റെ ജാമ്യം: മുല്ലപ്പള്ളി

സംഭവം നടന്നപ്പോള്‍ മുതല്‍ പ്രതിയെ സംരക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയത്. തെളിവുശേഖരിക്കുന്നതില്‍ പോലിസിന് ഗുരുതരമായ വീഴ്ചപറ്റി. ശ്രീറാമിന് ജാമ്യം കിട്ടിയത് പിന്നില്‍ ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ്. മുഖ്യമന്ത്രിയുടെ വാക്ക് പഴയ ചാക്കായി.

മുഖ്യമന്ത്രിയുടെ ഓഫീസിലെ തിരക്കഥയുടെ ഫലമാണ് ശ്രീറാമിന്റെ ജാമ്യം: മുല്ലപ്പള്ളി
X

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് ജാമ്യം ലഭിച്ചത് സിപിഎമ്മും പോലിസും മുഖ്യമന്ത്രിയുടെ ഓഫീസും തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നതര്‍ തയ്യാറാക്കിയ തിരക്കഥയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ അവതരിപ്പിച്ചത്. മദ്യപിച്ചിരുന്നു എന്നത് ഉള്‍പ്പെടെയുള്ള ആവശ്യമായ തെളിവുകളില്ലാതിരുന്നാല്‍ ഏത് കോടതിക്കും ഇത്തരമൊരു വിധിയെ പ്രസ്താവിക്കാനാവൂ. സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചാലും അത്ഭുതമൊന്നും സംഭവിക്കാന്‍ പോകുന്നില്ല. പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലും ഇതേ നാടകം തന്നെ നടത്തുമെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

സംഭവം നടന്നപ്പോള്‍ മുതല്‍ പ്രതിയെ സംരക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയത്. തെളിവുശേഖരിക്കുന്നതില്‍ പോലിസിന് ഗുരുതരമായ വീഴ്ചപറ്റി. ശ്രീറാമിന് ജാമ്യം കിട്ടിയത് പിന്നില്‍ ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ്. മുഖ്യമന്ത്രിയുടെ വാക്ക് പഴയ ചാക്കായി. അദ്ദേഹത്തിന്റെ വാക്കിന് ഒരു പ്രസക്തിയുമില്ല. മുഖ്യമന്ത്രി നിസഹായതയുടെ തടവുകാരനായി. ഇത് അപമാനമാണ്. ഇനിയെങ്കിലും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിഞ്ഞ് മറ്റാര്‍ക്കെങ്കിലും ചുമതല നല്‍കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ നടത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നടപടികള്‍ മാത്രമാണ്. കേരളീയ പൊതുസമൂഹത്തോട് കാണിച്ച ക്രൂരമായ നീതിനിഷേധമാണ്. മാധ്യമപ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രതിഷേധിച്ചിട്ടും നിഷ്പക്ഷമായ അന്വേഷണം സാധിക്കുന്നില്ലെങ്കില്‍ ഒരു സാധരണക്കാരന് ഇങ്ങനെ സംഭവിച്ചാല്‍ എങ്ങനെ നീതിലഭിക്കുമെന്നും മുല്ലപ്പള്ളി ചോദിച്ചു.

Next Story

RELATED STORIES

Share it