Big stories

കലാപത്തിന് സംഘപരിവാര്‍ ശ്രമം; ഒരുതരം അക്രമവും വച്ചുപൊറുപ്പിക്കില്ല: മുഖ്യമന്ത്രി

സുപ്രിംകോടതി വിധിയെ അട്ടിമറിക്കാനാണ് സംഘപരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നതെന്നും ഒരുതരം അക്രമവും വച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കലാപത്തിന് സംഘപരിവാര്‍ ശ്രമം; ഒരുതരം അക്രമവും വച്ചുപൊറുപ്പിക്കില്ല: മുഖ്യമന്ത്രി
X

തിരുവനന്തപുരം: ശബരിമലയെ സംഘര്‍ഷഭൂമിയിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടിലാകമാനം കലാപമുണ്ടാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. അത്തരം കലാപങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനം ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുത്. മുതലെടുപ്പ് നടത്താന്‍ ആഗ്രഹിക്കുന്നവരാണ് സംഘര്‍ഷത്തിന് പിന്നില്‍. സംസ്ഥാനത്തുടനീളം ആസൂത്രിത അക്രമണമാണ് നടക്കുന്നത്. സുപ്രിംകോടതി വിധിയെ അട്ടിമറിക്കാനാണ് സംഘപരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നതെന്നും ഒരുതരം അക്രമവും വച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല ദര്‍ശനം നടത്തിയ രണ്ട് വനിതകള്‍ കുറച്ചുദിവസം മുമ്പ് ഇതിനായി ശ്രമിച്ചവരാണ്. പലകാരണങ്ങളാല്‍ കഴിയാതെ വന്നതോടെ താല്‍ക്കാലികമായി അവര്‍ മടങ്ങിപ്പോയി. തുടര്‍ന്ന് കഴിഞ്ഞദിവസം അവര്‍ വീണ്ടും ദര്‍ശനത്തിന് സുരക്ഷതേടി പോലിസിനെ സമീപിച്ചു. സുപ്രീംകോടതി വിധി പാലിക്കേണ്ട പോലിസ് സുരക്ഷയൊരുക്കി. ഹെലികോപ്ടറിലല്ല സ്ത്രീകള്‍ ശബരിമലയിലെത്തിയത്. സാധാരണ എല്ലാഭക്തരും പോവുന്ന വഴിയിലാണ് അവരും പോയത്. പ്രത്യേക പരിഗണനയൊന്നും ഇവര്‍ക്ക് നല്‍കിയില്ല. മറ്റു ഭക്തര്‍ക്കൊപ്പമാണ് ഇവരും ദര്‍ശനം നടത്തിയത്. സ്ത്രീകള്‍ പ്രവേശിച്ച സംഭവത്തില്‍ സാധാരണ ഭക്തരില്‍ നിന്നും പ്രതിഷേധമുണ്ടായില്ല.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാനതലത്തില്‍ നടത്തുന്ന അഞ്ചാമത്തെ ഹര്‍ത്താലാണിത്. മൂന്നു മാസത്തിനിടെ ഏഴു ഹര്‍ത്താലാണ് സംഘപരിവാര്‍ നടത്തുന്നത്. ആത്മഹത്യ, അപകടമരണം എന്നിവയുടെ പേരില്‍ ഹര്‍ത്താല്‍ നടത്തുന്നു. സമരരൂപങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഹര്‍ത്താല്‍. ഇതു തൊന്നുമ്പോഴെല്ലാം കള്ളക്കഥകള്‍ കെട്ടിച്ചമത്ത് ഹര്‍ത്താല്‍ നടത്തുകയാണ്. ഇന്നത്തെ ഹര്‍ത്താല്‍ സുപ്രീംകോടതിവിധിക്കെതിരായ ഹര്‍ത്താലാണ്. ഇവിടെ നടപ്പായത് സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയാണ്. ഈ വിധിയെയാണ് സംഘപരിവാര്‍ വെല്ലുവിളിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍, പോലിസുകാര്‍, വഴിയാത്രികര്‍ തുടങ്ങി എല്ലാവരും അക്രമത്തിനിരയായി. 79 കെഎസ്ആര്‍ടിസി ബസ്സുകള്‍ തകര്‍ത്തു. 31 പോലിസുകാര്‍ക്ക് പരിക്കേറ്റു. ഏഴ് പോലിസ് വാഹനങ്ങള്‍ നശിപ്പിച്ചു. അക്രമിക്കപ്പെട്ടവര്‍ ഏറെയും സ്ത്രീകളാണ്. നിരവധി കടകളും റോഡുവക്കിലുള്ള വീടുകളും തകര്‍ത്തു. സിപിഎമ്മിന്റേയും സിപിഐയുടേയും ഓഫീസുകള്‍ വ്യാപകമായി അക്രമിച്ചു. ചില ഓഫീസുകള്‍ കത്തിച്ചു. സ്വകാര്യബസ്സുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ അക്രമിച്ചു.

യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് നട അടച്ച ശബരിമല തന്ത്രിയുടേത് വിചിത്രമായ നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്രം അടയ്ക്കണോ വേണ്ടയോ എന്ന തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്. തന്ത്രി ലംഘിച്ചത് കോടതി വിധി മാത്രമല്ല, ദേവസ്വം ബോര്‍ഡിന്റെ അധികാരം കൂടിയാണ്. ഇക്കാര്യത്തില്‍ തുടര്‍നടപടിയെടുക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്. വിശ്വാസത്തോടുള്ള ബഹുമാനക്കുറവല്ല, മറിച്ച് ഇന്ത്യന്‍ ഭരണഘടനയോടു കൂറുപുലര്‍ത്തുകയെന്ന സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.



Next Story

RELATED STORIES

Share it