Kerala

മോദിയുടെ ഫാസിസവും അസഹിഷ്‌ണുതയും തന്നെയാണ്‌ സിപിഎം നേതൃത്വവും പിന്തുടരുന്നതെന്ന് രമേശ് ചെന്നിത്തല

വിമർശിച്ചതിന്റെ പേരിലെ നടപടി വിലകുറഞ്ഞ രാഷ്ടീയവേട്ടയാടൽ. നിയമപരമായും രാഷ്ട്രീയ പരമായും നേരിടും.

മോദിയുടെ ഫാസിസവും അസഹിഷ്‌ണുതയും തന്നെയാണ്‌ സിപിഎം  നേതൃത്വവും പിന്തുടരുന്നതെന്ന് രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: സംഘ പരിവാറിന്റെ നേതൃത്വത്തിലുള്ള മോദി സർക്കാർ പിന്തുടരുന്ന ഫാസിസവും അസഹിഷ്‌ണുതയും തന്നെയാണ്‌ സിപിഎം നേതൃത്വം നൽകുന്ന പിണറായി സർക്കാരും പിന്തുടരുന്നതിന്റെ വ്യക്തമായ സൂചനയാണ് ഡിജിപിയെ വിമർശിച്ചതിന്റെ പേരിൽ കെപിസിസി പ്രസിഡൻറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പാലാ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു വിലകുറഞ്ഞ രാഷ്ട്രീയ വേട്ടയാടലാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത്. രാഷ്ട്രീയ വിമർശനം നടത്തിയതിന്റെ പേരിൽ എതിരാളികളെ പ്രോസിക്യൂട്ട് ചെയ്തു ജയിലിൽ അടയ്ക്കാനുള്ള ശ്രമം സ്വതന്ത്ര കേരളത്തിൽ മുൻപ് ഒരു ഭരണാധികാരിയും നടത്തിയിട്ടില്ല. ജനാധിപത്യത്തിലെ കറുത്ത അധ്യായമാണ് ഈ സംഭവം. അഭിപ്രായ സ്വാതന്ത്ര്യത്തെ ക്കുറിച്ചും രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യത്തെ ക്കുറിച്ചും വാതോരാത്ത പ്രസംഗിച്ചു നടക്കുന്നവരാണ് രാഷ്ട്രീയ വിമർശനം നടത്തുന്നവരെ കൽതുറുങ്കിൽ അടയ്ക്കാൻ ശ്രമിക്കുന്നത്. ഈ നടപടി അവരുടെ കാപട്യമാണ് തുറന്നു കാട്ടുന്നത്.

വിമർശനങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത കടുത്ത ഫാസിസ്റ്റ് മനോഭാവമാണ് സിപിഎമ്മിനുള്ളത്. ഇതുകൊണ്ടൊന്നും കോൺഗ്രസിന്റെയോ യുഡിഎഫിന്റെയോ വായടിപ്പിക്കാമെന്നു പിണറായി കരുതുന്നു എങ്കിൽ അത് കേരളത്തിൽ നടക്കില്ല. ഡിജിപിയെ പറ്റി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അന്ന് പറഞ്ഞതിനെകാൾ എത്രയോ മോശമായ അവസ്ഥയിലാണ് അദ്ദേഹം ഇപ്പോൾ. പിണറായി വിജയൻ എങ്ങനെ ഒക്കെ അടിച്ചമർത്തിയാലും ജനവികാരം ആളി കത്തും.

എതിരാളികളെ വേട്ടയാടി പിടിക്കുന്ന നരേന്ദ്രമോദി യുടെ അതേ ശൈലിയാണ് പിണറായിയും പിന്തുടരുന്നത്. ഇതു കൊണ്ടൊന്നും പാലായിൽ ഇടത് മുന്നണി രക്ഷപ്പെടില്ല. ജനങ്ങൾ ശക്തമായി സർക്കാരിനെതിരെ പ്രതികരിക്കും. കെപിസിസി പ്രസിഡന്റിനു എതിരായ നടപടി നിയമപരമായും രാഷ്ട്രീയമായും കോൺഗ്രസ് നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it