Kerala

പ്രമുഖ നോവലിസ്റ്റ് മണിയൂര്‍ ഇ ബാലന്‍ മാസ്റ്റര്‍ അന്തരിച്ചു

പ്രമുഖ നോവലിസ്റ്റ് മണിയൂര്‍ ഇ ബാലന്‍ മാസ്റ്റര്‍ അന്തരിച്ചു
X

പയ്യോളി: പ്രമുഖ നോവലിസ്റ്റും കഥാകൃത്തുമായ തിക്കോടി 'രചന' യില്‍ മണിയൂര്‍ ഇ ബാലന്‍ മാസ്റ്റര്‍ (83) അന്തരിച്ചു. 1962ല്‍ സര്‍വീസില്‍ പ്രവേശിച്ചു. മണിയൂര്‍ യുപി സ്‌കൂള്‍, ഉണ്ണിക്കുളം യുപിസ്‌കൂള്‍, നടുവണ്ണൂര്‍ സൗത്ത് മാപ്പിള എല്‍പി സ്‌കൂള്‍, പള്ളിക്കണ്ടി ഗവ: എല്‍ പി സ്‌കൂള്‍, കാരപ്പറമ്പ് ഗവ.ഹൈസ്‌കൂള്‍, കൊയിലാണ്ടി ഗവ. ഹൈസ്‌കൂള്‍, പയ്യോളി ഗവ: ഹൈസ്‌കൂള്‍ എന്നീ വിദ്യാലയങ്ങളില്‍ അധ്യാപകനായിരുന്നു. 1993 ല്‍ പയ്യോളി ഹൈസ്‌കൂളില്‍ നിന്ന് വിരമിച്ചു. മണിയൂരിലെ സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായിരുന്നു.

മണിയൂര്‍ ജനതാ ലൈബ്രറിയുടേയും മണിയൂര്‍ ഗ്രാമീണ കലാവേദിയുടേയും സ്ഥാപക സെക്രട്ടറിയായിരുന്നു. മണിയൂര്‍ തെരുവിന്റ കഥാഖ്യാനത്തിലൂടെ മലയാള നോവലിന് മനുഷ്യാനുഭവങ്ങളുടെ സൗന്ദര്യശാസ്ത്രം പരിചയപ്പെടുത്തിയ സര്‍ഗധനനാണ് അദ്ദേഹം. മികച്ച അധ്യാപകന്‍, പ്രഭാഷകന്‍ എന്നീ നിലകളിലും അദ്ദേഹം അറിയപ്പെട്ടു. ഗ്രാമീണ കലാവേദിയുടെ ആദ്യകാല നാടകങ്ങളില്‍ അദ്ദേഹം നടനായിട്ടുണ്ട്. യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ്, ഡിപ്പാര്‍ട്ട്‌മെന്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ആദ്യ നോവല്‍ ചുടല (1971) തുടങ്ങി 5 നോവലുകളും ഒട്ടനവധി കഥകളും നോവലെറ്റുകളും ലേഖന സമാഹാരങ്ങളും തിരഞ്ഞെടുത്ത കഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടി എന്‍കുമാരന്‍ സ്മാരക അവാര്‍ഡ്, പി സ്മാരക തുളുനാട് മാസിക അവാര്‍ഡ്, പിആര്‍ നമ്പ്യാര്‍ അവാര്‍ഡ്, പ്ലാവില അവാര്‍ഡ്, പ്രഭാത് നോവല്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. പയ്യോളി ഹൈസ്‌കൂളില്‍നിന്നും വിരമിച്ച അധ്യാപിക പി ജാനകിയാണ് ഭാര്യ.

മക്കള്‍: ബിന്ദു(അധ്യാപിക, വാകയാട് ഹൈസ്‌കൂള്‍),ഇന്ദുഭായ് (രജിസ്ട്രാര്‍ ഓഫിസ് ചേവായൂര്‍), ദീപ്തി (താലൂക്ക് ഓഫിസ് കണ്ണൂര്‍). മരുമക്കള്‍: രാധാകൃഷ്ണന്‍ (മാനേജര്‍, യൂനിയന്‍ ബാങ്ക് വടകര), ചന്ദ്രന്‍ (ഹയര്‍ഗ്രേഡ് അസിസ്റ്റന്റ് എല്‍ഐസി കൊയിലാണ്ടി), മനോജ് (സീനിയര്‍ സൂപ്രണ്ട് കെഎസ്ഇബി കണ്ണൂര്‍). സഹോദരങ്ങള്‍: ഇ കൃഷ്ണന്‍മാസ്റ്റര്‍(റിട്ട. പ്രധാനാധ്യാപകന്‍ ഗവ.ഹൈസ്‌കൂള്‍ നടുവണ്ണൂര്‍), പരേതരായ എകരത്ത് ചന്തു, ചീരു, നാരായണി, സരോജിനി.

Next Story

RELATED STORIES

Share it