Kerala

പാലാരിവട്ടം പാലം അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയില്‍ വച്ച് വിജിലന്‍സ് ചോദ്യം ചെയ്തു; റിപോര്‍ട് കോടതിയില്‍ സമര്‍പ്പിക്കും

അര്‍ബുദ ബാധിതതനായ ഇബ്രാംഹികുഞ്ഞ് എംഎല്‍എ ചികില്‍സയില്‍ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ ഒമ്പതു മുതലായിരുന്നു ചോദ്യം ചെയ്യല്‍.വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യല്‍ വൈകുന്നേരം അഞ്ചു മണിയോടെയാണ് അവസാനിച്ചത്

പാലാരിവട്ടം പാലം അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയില്‍ വച്ച് വിജിലന്‍സ് ചോദ്യം ചെയ്തു; റിപോര്‍ട് കോടതിയില്‍ സമര്‍പ്പിക്കും
X

കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റു ചെയ്ത അഞ്ചാം പ്രതി മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയെ വിജിലന്‍സിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തി ചോദ്യം ചെയ്തു.അര്‍ബുദ ബാധിതതനായ ഇബ്രാംഹികുഞ്ഞ് എംഎല്‍എ ചികില്‍സയില്‍ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ ഒമ്പതു മുതലായിരുന്നു ചോദ്യം ചെയ്യല്‍.വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യല്‍ വൈകുന്നേരം അഞ്ചു മണിയോടെയാണ് അവസാനിച്ചത്.കോടതി മുന്നോട്ടു വെച്ച ഉപാധികള്‍ അനുസരിച്ചായിരുന്നു ചോദ്യം ചെയ്യല്‍.ചോദ്യം ചെയ്യല്‍ സംബന്ധിച്ച റിപോര്‍ട് അടുത്ത ദിവസം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് വ്യക്തമാക്കി.

ചികില്‍സയില്‍ ഇരിക്കെ ഈ മാസം 18 നാണ് വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റു ചെയ്തത്. ഇബ്രാഹിംകുഞ്ഞിന്റെ രോഗം ഗുരുതരമായതിനാല്‍ ആശുപത്രിയില്‍ നിന്നും മാറ്റുന്നത് അദ്ദേഹത്തിന്റെ ജീവന് ഭീഷണിയാകുമെന്ന് ആശുപത്രി അധികൃതരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് മൂവാറ്റു പുഴ വിജിലന്‍സ് കോടതി ജഡ്ജി ആശുപത്രിയിലെത്തിയാണ് ഇബ്രാഹിംകുഞ്ഞിനെ റിമാന്റു ചെയ്തത്. തുടര്‍ന്ന് നാലു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് വിജിലന്‍സും ജാമ്യം തേടി ഇബ്രാംഹിംകുഞ്ഞും കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.തുടര്‍ന്ന് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് ഇബ്രാംഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതി പരിശോധിച്ച് ആശുപത്രിയില്‍ തന്നെ ഇബ്രാഹിംകുഞ്ഞ് തുടരുന്നതാണ് ഉചിത വെന്ന് വ്യക്തമാക്കി റിപോര്‍ട് നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ വേണമെന്ന വിജിലന്‍സിന്റെ അപേക്ഷ തള്ളിയ കോടതി ഒരു ദിവസം ഇബ്രാംഹിംകുഞ്ഞിനെ ഉപാധികളോടെ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതി അനുമതി നല്‍കിയിരുന്നു.രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം മൂന്നു മുതല്‍ അഞ്ചു വരെയും ചോദ്യം ചെയ്യാനാണ് വിജിലന്‍സിന് കോടതി അനുമതി നല്‍കിയത്.ഒരു മണിക്കൂര്‍ ചോദ്യം ചെയ്താല്‍ 15 മിനിട് ഇബ്രാഹിം കുഞ്ഞിന് വിശ്രമം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ചോദ്യം ചെയ്യുന്ന സംഘത്തില്‍ മൂന്നു ഉദ്യോഗസ്ഥര്‍ മാത്രമെ പാടുള്ളു.ചോദ്യം ചെയ്യല്‍ ആരംഭിക്കുന്നതിന് മുമ്പായി ഇവര്‍ കൊവിഡ് പരിശോധന നടത്തണം. ഇബ്രാഹിംകുഞ്ഞിന്റെ ചികില്‍സയക്ക് തടസം പാടില്ല,മാനസികമായോ ശാരീരീകമായോ ബുദ്ധിമുട്ടിക്കരുത് എന്നിങ്ങനെയാണ് മറ്റു നിബന്ധനകള്‍.ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം ഇന്ന് രാവിലെ ആശുപത്രിയില്‍ എത്തി ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തത്.

Next Story

RELATED STORIES

Share it