Kerala

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: കൂടുതല്‍ പോലിസുകാരുടെ അറസ്റ്റ് ഉടന്‍; ഇടുക്കി എസ്പിയെ ചോദ്യംചെയ്യും

കേസിലെ ഒന്നാം പ്രതി എസ്‌ഐ കെ എ സാബുവിനെ ചോദ്യം ചെയ്തതില്‍നിന്ന് രാജ്കുമാറിനെ മര്‍ദിച്ച മുഴുവന്‍ പോലിസുകാരെക്കുറിച്ചും ക്രൈംബ്രാഞ്ചിന് വ്യക്തമായ വിവരം ലഭിച്ച സാഹചര്യത്തിലാണ് ഉടന്‍തന്നെ അറസ്റ്റിലേക്ക് നീങ്ങാനുള്ള തീരുമാനം. നെടുങ്കണ്ടം സ്‌റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥരുടെ മൊഴികള്‍ ക്രൈംബ്രാഞ്ച് വിശദമായി രേഖപ്പടുത്തിയിരുന്നു.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: കൂടുതല്‍ പോലിസുകാരുടെ അറസ്റ്റ് ഉടന്‍; ഇടുക്കി എസ്പിയെ ചോദ്യംചെയ്യും
X

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ കൂടുതല്‍ പോലിസുകാരെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്യും. കേസിലെ ഒന്നാം പ്രതി എസ്‌ഐ കെ എ സാബുവിനെ ചോദ്യം ചെയ്തതില്‍നിന്ന് രാജ്കുമാറിനെ മര്‍ദിച്ച മുഴുവന്‍ പോലിസുകാരെക്കുറിച്ചും ക്രൈംബ്രാഞ്ചിന് വ്യക്തമായ വിവരം ലഭിച്ച സാഹചര്യത്തിലാണ് ഉടന്‍തന്നെ അറസ്റ്റിലേക്ക് നീങ്ങാനുള്ള തീരുമാനം. നെടുങ്കണ്ടം സ്‌റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥരുടെ മൊഴികള്‍ ക്രൈംബ്രാഞ്ച് വിശദമായി രേഖപ്പടുത്തിയിരുന്നു. പലരുടെയും മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയതോടെ കസ്റ്റഡി മര്‍ദനത്തില്‍ കൂടുതല്‍ പോലിസുകാര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിച്ചേരുകയായിരുന്നു.

സ്റ്റേഷന്‍ റെക്കോര്‍ഡുകളില്‍ തിരിമറി നടത്തി തെളിവ് നശിപ്പിച്ചവരെയും ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്യും. സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായിരുന്ന മരിച്ച രാജ്കുമാറിന് ജൂണ്‍ 13ന് സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചുവെന്ന് രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്നായിരുന്നു കണ്ടെത്തല്‍. സംഭവം വിവാദമായതോടെ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതു മുതലുള്ള രേഖകളിലാണ് നെടുങ്കണ്ടം പോലിസ് കൃത്രിമം നടത്തിയത്. രാജ്കുമാറിനെ മര്‍ദിച്ചത് ഒമ്പതുപേര്‍ അടങ്ങുന്ന സംഘമെന്നാണ് സാമ്പത്തിക തട്ടിപ്പുകേസില്‍ കൂട്ടുപ്രതികളായ ശാലിനിയും മഞ്ജുവും മൊഴി നല്‍കിയത്. ഇവരെ മര്‍ദിച്ച പോലിസുകാരികള്‍ക്കെതിരേയും ക്രൈംബ്രാഞ്ചിന്റെ നടപടിയുണ്ടാവും.

ഗീതു, റസിയ എന്നീ പോലിസുകാരികള്‍ ക്രൂരമായി മര്‍ദിച്ചെന്നും മുളക് പ്രയോഗം നടത്തിയെന്നുമാണ് ശാലിനിയുടെ മൊഴി. അതിനിടെ, ഒന്നാംപ്രതി എസ്‌ഐ കെ എ സാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇടുക്കി എസ്പിയായിരുന്ന കെ ബി വേണുഗോപാലിനെ അന്വേഷണസംഘം ചോദ്യം ചെയ്‌തേക്കും. ഇതിനായി അന്വേഷണസംഘം പ്രത്യേക അനുമതി തേടും. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം എസ്‌ഐ സാബുവിനെ ദേവികുളം ജയില്‍ അധികൃതര്‍ക്ക് കൈമാറി.

കേസില്‍ റിമാന്‍ഡിലായ എഎസ്‌ഐ റെജിമോന്‍, ഡ്രൈവര്‍ നിയാസ് എന്നിവരെ കസ്റ്റഡിയില്‍ ചോദ്യംചെയ്യുന്നതിന് ക്രൈംബ്രാഞ്ച് സംഘം വരുംദിവസം കോടതിയില്‍ അപേക്ഷ നല്‍കും. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഉടന്‍ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം. അതേസമയം, പ്രതികളുടെ അഭിഭാഷകര്‍ ജാമ്യത്തിനായുള്ള ശ്രമങ്ങളും തുടരുകയാണ്. ജൂണ്‍ 21നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാര്‍ പീരുമേട് സബ്ജയിലില്‍ മരിച്ചത്.

Next Story

RELATED STORIES

Share it