Latest News

ഇന്ത്യയില്‍ ശിശു മരണനിരക്ക് 79 ശതമാനമായി കുറഞ്ഞു, യുഎന്‍ റിപോര്‍ട്ട്

ഇന്ത്യയില്‍ ശിശു മരണനിരക്ക് 79 ശതമാനമായി കുറഞ്ഞു, യുഎന്‍ റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: ലോകത്ത് ശിശു മരണനിരക്ക് കുറയ്ക്കുന്നതില്‍ ഇന്ത്യ ശ്രദ്ധേയ മുന്നേറ്റം കൈവരിച്ചെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപോര്‍ട്ട് വ്യക്തമാക്കുന്നു. യുഎന്‍ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് ഫോര്‍ ചൈല്‍ഡ് മോര്‍ട്ടാലിറ്റി എസ്റ്റിമേഷന്‍ (യുഎന്‍ഐജിഎംഇ) പുറത്തിറക്കിയ 2025ലെ റിപോര്‍ട്ടിലാണ് ഇന്ത്യയുടെ നേട്ടം പ്രത്യേകം ചൂണ്ടിക്കാണിച്ചത്. നവജാത ശിശുക്കളുടെയും അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളുടെയും മരണനിരക്ക് കുറയ്ക്കുന്നതില്‍ ഇന്ത്യ വലിയ മുന്നേറ്റം കൈവരിച്ചതായി റിപോര്‍ട്ട് പറയുന്നു. 1990നു ശേഷം ദക്ഷിണേഷ്യന്‍ മേഖലയിലാകെ കുട്ടികളുടെ മരണനിരക്കില്‍ 76 ശതമാനം കുറവുണ്ടായപ്പോള്‍, ഇന്ത്യയില്‍ ഇത് 79 ശതമാനമായി കുറഞ്ഞു.

1990ല്‍ 1,000 ജനനങ്ങളില്‍ 127 ആയിരുന്ന അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 2024ല്‍ 26.6 ശതമാനമായി താഴ്ന്നു. നവജാതശിശു മരണനിരക്കും 57ല്‍ നിന്ന് 17 ആയി കുറഞ്ഞു. ശിശു മരണനിരക്ക് 23.3 ശതമാനമായി ചുരുങ്ങിയതും ശ്രദ്ധേയമാണ്. ഈ പുരോഗതിക്ക് പിന്നില്‍ ശക്തമായ പൊതുജനാരോഗ്യ ഇടപെടലുകളാണെന്ന് യൂണിസെഫ് ഇന്ത്യ വിലയിരുത്തുന്നു. ജനനി സുരക്ഷാ യോജന, ജനനി ശിശു സുരക്ഷാ കാര്യക്രം തുടങ്ങിയ പദ്ധതികളും നവജാത ശിശു പരിചരണ യൂണിറ്റുകളുടെ വ്യാപനവും നിര്‍ണായക പങ്കുവഹിച്ചു. ടെലി എസ്എന്‍സിയു പോലുള്ള ഡിജിറ്റല്‍ സംവിധാനങ്ങളും സേവനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കി. കൂടാതെ, സാര്‍വത്രിക പ്രതിരോധ കുത്തിവയ്പ്പ് പരിപാടി ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തില്‍ വലിയ മാറ്റം സൃഷ്ടിച്ചു. ഗര്‍ഭകാല ശിശുമരണങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയും റിപോര്‍ട്ട് ചെയ്യുന്ന സംവിധാനങ്ങള്‍ നടപ്പിലാക്കിയ രാജ്യങ്ങളില്‍ ഇന്ത്യ മുന്‍പന്തിയിലാണ്.

വിപുലമായ ജനസംഖ്യയുള്ള രാജ്യമായിട്ടും കാര്യക്ഷമമായ ആസൂത്രണവും നിക്ഷേപവും ഉണ്ടെങ്കില്‍ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങള്‍ സാധ്യമാണെന്ന് ഇന്ത്യ തെളിയിച്ചിരിക്കുകയാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്ക് ഇന്ത്യ ശക്തമായി മുന്നേറുന്നുവെന്നതിന്റെ തെളിവായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.

Next Story

RELATED STORIES

Share it