Kerala

സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി കോൺഗ്രസ്; ഓണക്കിറ്റ് നല്‍കാത്തത് അനീതി

ഓണക്കിറ്റിലും സ്പെഷ്യൽ പഞ്ചസാര നല്‍കുന്നതിലും ലാഭം നോക്കുന്ന ഇടതു സര്‍ക്കാര്‍ ആര്‍ഭാടത്തിനും ധൂര്‍ത്തിനുമായി പൊടിക്കുന്നത് കോടികളാണ്. സംസ്ഥാന സര്‍ക്കാരിന്റെ 'ആയിരം ദിനം' ജില്ലകള്‍ തോറും ആഘോഷിക്കാന്‍ ഖജനാവില്‍ നിന്നും പൊടിച്ചത് കോടികളാണ്.

സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി കോൺഗ്രസ്; ഓണക്കിറ്റ് നല്‍കാത്തത് അനീതി
X

തിരുവനന്തപുരം: അതീവ ദരിദ്ര ജനവിഭാഗങ്ങളേയും പ്രളയബാധിതരേയും പട്ടിണിക്കിട്ട് കോടികള്‍ പൊടിച്ച് ഓണം ആഘോഷിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന് അപമാനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഓണക്കിറ്റും സ്‌പെഷ്യല്‍ പഞ്ചസാരയും ഈ വര്‍ഷം നല്‍കേണ്ടന്ന് തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി സാധാരണക്കാരോടുള്ള കടുത്ത അനീതിയാണ്. ഓണക്കാലത്ത് സാധാരണക്കാരുടെ അഭയകേന്ദ്രങ്ങളായ ന്യായവില സ്ഥാപനങ്ങളിലൂടെ അവശ്യസാധാനങ്ങള്‍ നല്‍കാന്‍ കാലങ്ങളായി എല്ലാ സര്‍ക്കാരും മുന്‍ഗണന നല്‍കിയിരുന്നു. അധികചിലവ് താങ്ങാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഓണക്കിറ്റും സ്‌പെഷ്യല്‍ പഞ്ചസാരയും നല്‍കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. അന്ത്യോദയ അന്നയോജന വിഭാഗത്തില്‍പ്പെടുന്ന അഞ്ച് ലക്ഷം പേരാണ് സര്‍ക്കാര്‍ ഓണക്കിറ്റ് നിഷേധിച്ച സാഹചര്യത്തില്‍ ദുരിതം അനുഭവിക്കുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

ഓണക്കിറ്റിലും സ്പെഷ്യൽ പഞ്ചസാര നല്‍കുന്നതിലും ലാഭം നോക്കുന്ന ഇടതു സര്‍ക്കാര്‍ ആര്‍ഭാടത്തിനും ധൂര്‍ത്തിനുമായി പൊടിക്കുന്നത് കോടികളാണ്. സംസ്ഥാന സര്‍ക്കാരിന്റെ 'ആയിരം ദിനം' ജില്ലകള്‍ തോറും ആഘോഷിക്കാന്‍ ഖജനാവില്‍ നിന്നും പൊടിച്ചത് കോടികളാണ്. ഇതിനു പുറമെ മന്ത്രി മന്ദിരം മോഡി പിടിപ്പിക്കാനും വിലകൂടിയ കാറുകള്‍ വാങ്ങാനും ഇഷ്ടക്കാരെ അധികാരത്തിന്റെ ഉന്നത ശ്രേണിയില്‍ നിയമിക്കാനും പൊടിച്ചത് സാധരണക്കാരന്റെ നികുതി പണം. ഇത്തരം അനാവശ്യ ചെലുവുകള്‍ സര്‍ക്കാര്‍ ഒഴുവാക്കിയിരുന്നെങ്കില്‍ സാധാരണക്കാരന് ഓണം സന്തോഷത്തോടെയും കീശചോരാതെയും ആഘോഷിക്കാമായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രളയബാധിതര്‍ക്ക് പ്രഖ്യാപിച്ച അടിയന്തര ധനസഹായം വിതരണം ചെയ്യുന്നതിലും സര്‍ക്കാര്‍ അലംഭാവം കാട്ടി. സെപ്റ്റംബര്‍ 7ന് മുമ്പായി പ്രളയബാധിതര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ക്യാമ്പുകളില്‍ കഴിഞ്ഞ ഒന്നേകാല്‍ ലക്ഷത്തോളം ദുരന്തബാധിതരില്‍ വെറും അമ്പതിനായിരത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് സര്‍ക്കാരിന്റെ സഹായം ലഭിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയായതിനാല്‍ ഓണം കഴിഞ്ഞ് മാത്രമെ ഇവര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നയെന്നതും ഏറെ വേദനാജനകമാണ്. സര്‍ക്കാരിന്റെ ജാഗ്രത കുറവുകൊണ്ട് സംസ്ഥാനത്തെ സാധാരണക്കാരുടേയും പ്രളയബാധിതരുടേയും ഓണം വെള്ളത്തിലായതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Next Story

RELATED STORIES

Share it