Latest News

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസിന് സ്ഥലംമാറ്റം

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസിന് സ്ഥലംമാറ്റം
X

കൊച്ചി: എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസിന് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് സ്ഥലംമാറ്റം. നിലവില്‍ ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായ കെ കെ ബാലകൃഷ്ണന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായി ചുമതലയേല്‍ക്കും. നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പറഞ്ഞത് ഹണി എം വര്‍ഗീസ് ആയിരുന്നു. തൊടുപുഴ, ആലപ്പുഴ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയിലെ ജഡ്ജിമാര്‍ക്കും സ്ഥലംമാറ്റം. തൊടുപുഴ കോടതിയിലെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി എസ് ശശികുമാറിനെ തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായും നിയമിച്ചിട്ടുണ്ട്.

നേരത്തെ പുറത്തിറങ്ങിയ ജഡ്ജിമാരുടെ സ്ഥലംമാറ്റ പട്ടികയില്‍ ഹണി എം വര്‍ഗീസിന്റെ പേരുണ്ടായിരുന്നെങ്കിലും നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ അന്ന് സ്ഥലംമാറ്റം മരവിപ്പിക്കുകയായിരുന്നു. കേസിന്റെ വിധിപ്രസ്താവം പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് സ്ഥലംമാറ്റം പ്രാബല്യത്തിലാകുന്നത്. കേസ് വനിതാജഡ്ജി പരിഗണിക്കണമെന്ന അതിജീവിതയുടെ അഭ്യര്‍ഥന പ്രകാരമാണ് ഹണി എം വര്‍ഗീസിന് മുന്‍പാകെ നടി ആക്രമിക്കപ്പെട്ട കേസ് എത്തിയത്.

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന തള്ളിയും നടന്‍ ദിലീപിനെ കുറ്റമുക്തനാക്കിയും വിധി പുറപ്പെടുവിച്ചതിനു പിന്നാലെ ജഡ്ജി ഹണി എം വര്‍ഗീസിന് നേരെ വ്യാപക സൈബര്‍ ആക്രമണമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന്, ജഡ്ജിക്കെതിരായ സൈബര്‍ ആക്രമണങ്ങളിലും വ്യക്തിഹത്യയിലും ഇടപെടണമെന്നാവശ്യപ്പെട്ട് കേരള ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. ജഡ്ജിയെ പരസ്യമായി അപമാനിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it