Latest News

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സാ പിഴവിനെ തുടര്‍ന്ന് നവജാതശിശു മരിച്ച സംഭവം; പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത് പോലിസ്

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സാ പിഴവിനെ തുടര്‍ന്ന് നവജാതശിശു മരിച്ച സംഭവം; പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത് പോലിസ്
X

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശാസ്ത്രക്രിയക്കിടെ നവജാത ശിശു മരിച്ച സംഭവത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത് പോലിസ്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന ഒരുകൂട്ടം ആള്‍ക്കാര്‍ക്കെതിരേ നെടുമങ്ങാട് പോലിസ് കേസെടുത്തത്. അതേസമയം, കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പാലോട് പന്നിയോട്ടുകടവുള്ള വീട്ടിലാണ് ചടങ്ങുകള്‍ നടന്നത്.

ആശുപത്രിയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താനും സൂപ്രണ്ടിനെ ഉപദ്രവിക്കാനും ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കേസ്. ആശുപത്രിയില്‍ ചികില്‍സാപിഴവ് സംഭവിച്ചെന്ന് ആരോപിച്ച് ഇവര്‍ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയെന്നും സൂപ്രണ്ടിനെ കയ്യേറ്റം ചെയ്തുവെന്നും പരാതിയിലുണ്ട്. നെടുമങ്ങാട് എസ്‌ഐ മുഹ്സിന്‍ മുഹമ്മദിനാണ് അന്വേഷണച്ചുമതല.

സംഭവത്തില്‍, ആരോഗ്യവകുപ്പ് നിര്‍ദേശിച്ച സര്‍ക്കാര്‍ തല അന്വേഷണവും പുരോഗമിക്കുകയാണ്. എസ്എടി ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തി കുഞ്ഞിന്റെ മാതാവിന്റേയും പിതാവിന്റേയും മൊഴി രേഖപ്പെടുത്തി. മാതാപിതാക്കള്‍ ഗൈനക്കോളജിസ്റ്റ് ബിന്ദു സുന്ദറിനെതിരേയുള്ള ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. രണ്ടുതവണയായി കൈക്കൂലി ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്. ഈ കാര്യങ്ങള്‍ വിദഗ്ധസമിതിക്കു മുന്നിലും മാതാപിതാക്കള്‍ അറിയിച്ചു. അന്വേഷണ റിപോര്‍ട്ട് ഉടന്‍ ആരോഗ്യവകുപ്പിന് കൈമാറുമെന്നാണ് വിവരം.

പാലോട് സ്വദേശിനി നിരഞ്ജനയുടേയും ബിനിലിന്റേയും കുഞ്ഞാണ് കഴിഞ്ഞ ദിവസം പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ചത്. മുന്‍പ് ആരോപണവിധേയയായ ഡോക്ടര്‍ ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലായിരുന്നു സിസേറിയന്‍. ഇവര്‍ക്കെതിരേ ചികില്‍സാപിഴവിന് മുന്‍പും ആരോപണമുയര്‍ന്നിരുന്നു. സംഭവത്തിനു പിന്നാലെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ ഡോക്ടര്‍ക്കെതിരേ കുറ്റം തെളിയുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ സൂപ്രണ്ട് ഓഫീസിന് മുന്‍പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ബിന്ദു സുന്ദറിന്റെ കാര്‍ പ്രവര്‍ത്തകര്‍ തടയുകയും ചെയ്തു. പിന്നാലെ പോലിസെത്തിയാണ് ഡോക്ടറെ സംഭവ സ്ഥലത്ത് നിന്ന് ജീപ്പില്‍ കയറ്റി തിരികെ ആശുപത്രിയിലെത്തിച്ചത്. ഇതിനുപിന്നാലെയാണ് പ്രതിഷേധക്കാര്‍ക്കെതിരേ പോലിസ് കേസെടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it