Kerala

കേന്ദ്രത്തില്‍ മതേതര ബദലിനുള്ള സാധ്യത രൂപപ്പെടുന്നുണ്ടെന്ന് എസ് രാമചന്ദ്രന്‍ പിള്ള

ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കുന്നതിന് തടസമായി നില്‍ക്കുന്നത് വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകളാണ്. യു പിയിലും ഡല്‍ഹിയിലും കോണ്‍ഗ്രസ് ഈ നിലപാടാണ് സ്വീകരിക്കുന്നത്. രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് മല്‍സരിക്കുന്നതും ഈ സമീപനത്തിന്റെ ഭാഗമാണ്. രാജ്യത്തെ കോണ്‍ഗ്രസ് ഒഴിച്ചുള്ള കക്ഷികള്‍ ബിജെപി വിരുദ്ധ നിലപാട് സ്വീകരിച്ചു മുന്നോട്ടുവരുമ്പോള്‍ ഇതിനെ അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്

കേന്ദ്രത്തില്‍ മതേതര ബദലിനുള്ള സാധ്യത രൂപപ്പെടുന്നുണ്ടെന്ന് എസ് രാമചന്ദ്രന്‍ പിള്ള
X

കൊച്ചി: കേന്ദ്രത്തില്‍ ബി ജെ പിയെ പരാജയപ്പെടുത്തി ഇടതു പിന്തുണയോടെ ഒരു മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനുള്ള സാധ്യത തെളിയുകയാണെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള.എറണാകുളം ലോക് സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജിവിന്റെ ഇടപ്പള്ളയിലെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകസഭയില്‍ ഏറ്റവുമധികം സീറ്റുകളുള്ള ഉത്തര്‍ പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍സമാജ് പാര്‍ട്ടിയും രാഷ്ട്രീയ ജനതാദളും ഉള്‍പ്പെട്ട സഖ്യം രൂപപ്പെട്ടിട്ടുള്ളതാണ് കേന്ദ്രത്തില്‍ മതേതര ഗവണ്‍മെന്റ് വരുമെന്നതിന്റെ ഏറ്റവും വലിയ ഉറപ്പെന്ന് അദ്ദേഹം പറഞ്ഞു.

ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കുന്നതിന് തടസമായി നില്‍ക്കുന്നത് വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകളാണ്. യു പിയിലും ഡല്‍ഹിയിലും കോണ്‍ഗ്രസ് ഈ നിലപാടാണ് സ്വീകരിക്കുന്നത്. രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് മല്‍സരിക്കുന്നതും ഈ സമീപനത്തിന്റെ ഭാഗമാണ്. രാജ്യത്തെ കോണ്‍ഗ്രസ് ഒഴിച്ചുള്ള കക്ഷികള്‍ ബിജെപി വിരുദ്ധ നിലപാട് സ്വീകരിച്ചു മുന്നോട്ടുവരുമ്പോള്‍ ഇതിനെ അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ബിജെപി വിരുദ്ധ പ്രായോഗിക രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. 2004ല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ഡല്‍ഹിയിലെത്തിയ കേരളത്തിലെ 18 എംപിമാരടക്കം യുപിഎ സര്‍ക്കാരിനെ പിന്തുണച്ചത് വിശാലമായ രാജ്യതാല്‍പ്പര്യം സംരക്ഷിക്കാനാണ്. അങ്ങനെയുള്ള ഇടതുപക്ഷത്തെയാണ് മുഖ്യശത്രുവായി കോണ്‍ഗ്രസ് കോണ്‍ഗ്രസ് കാണുന്നതെന്നും എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

പാപ്പരായ നേതൃത്വമാണ് കോണ്‍ഗ്രസിനുള്ളത്. ഉറച്ച മതനിരപേക്ഷ നിലപാട് സ്വീകരിക്കാന്‍ അവര്‍ക്കാകുന്നില്ല. ഒരേ സാമ്പത്തിക നയമാണ് കോണ്‍ഗ്രസും ബിജെപിയും പിന്തുടരുന്നത്. മതനിരപേക്ഷ നിലപാട് സ്വീകരിക്കാന്‍ അവര്‍ക്ക് കഴിയുന്നുമില്ല. ഗോവധക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തുകയാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തത്. അഞ്ചുവര്‍ഷത്തെ ബിജെപി ഭരണം രാജ്യത്തിന്റെ സര്‍വമേഖകകളെയും തകര്‍ത്തു. സമ്പന്നരുടെ താല്‍പര്യമാണ് മോഡി സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. രാജ്യത്തെ സമ്പത്തിന്റെ 50 ശതമാനം 9 പേരുടെ കൈയിലാണ്. ജനസംഖ്യയില്‍ താഴെത്തട്ടിലെ 50 ശതമാനം പേരുടെ ആകെ സമ്പത്ത് മൂന്നു ശതമാനം മാത്രമാണ്. ഈ തിരഞ്ഞെടുപ്പില്‍ മോഡിയും ബിജെപിയും വിജയിച്ചാല്‍ രാജ്യത്ത് ഇനി തിരഞ്ഞെടുപ്പുണ്ടാകില്ലെന്ന് പറഞ്ഞത് ബിജെപിയുടെ വിശ്വസ്തനാണ്. വീണ്ടും ബിജെപി വന്നാല്‍ രാജ്യത്ത് ഭരണഘടനയുണ്ടാകില്ല, കോടതിയുണ്ടാകില്ല, ഭരണഘടനാ സ്ഥാപനങ്ങളുണ്ടാകില്ല. റിസര്‍വ് ബാങ്ക്, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ്, ആദായ നികുതി ഡയറക്ടറേറ്റ് തുടങ്ങി ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയാവശ്യത്തിനായി ദുരുപയോഗം ചെയ്യുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്നും പറഞ്ഞു.

Next Story

RELATED STORIES

Share it