Kerala

ലൈഫ് മിഷന്‍: സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി

ഹരജി നാളെ പരിഗണിക്കണമെന്നും സര്‍ക്കാര്‍ കോടതിയോട് അഭ്യര്‍ഥിച്ചു. സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്.കേസ് രജിസ്റ്റര്‍ ചെയ്ത് സിബി ഐ കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആര്‍ റദ്ദാക്കണമെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെടുന്നു.

ലൈഫ് മിഷന്‍: സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി
X

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി.ഹരജി നാളെ പരിഗണിക്കണമെന്നും സര്‍ക്കാര്‍ കോടതിയോട് അഭ്യര്‍ഥിച്ചു. സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്.കേസ് രജിസ്റ്റര്‍ ചെയ്ത് സിബി ഐ കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആര്‍ റദ്ദാക്കണമെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെടുന്നു.നിയമാനുസൃതമായല്ല സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് സിബിഐ കേസെടുത്തതെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്നും ഹരജിയില്‍ ആരോപിക്കുന്നു.ഹരജി നാളെ കോടതി പരിഗണിച്ചേക്കും.

യുണിടാക് എംഡി സന്തോഷ് ഈപ്പന്‍,സെയിന്‍ വെഞ്ചേഴ്‌സ്,ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.തുടര്‍ന്ന് സിബിഐ യുണിടാക് എംഡി സന്തോഷ് ഈപ്പന്‍,തൃശൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്നിവരെയടക്കം കൊച്ചിയിലെ ഓഫിസില്‍ വിളിച്ചു വരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ വടക്കാഞ്ചേരി നഗര സഭ ഓഫിസില്‍ നിന്നും സിബി ഐ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.ഇതിനു പിന്നാലെ സിബി ഐ ലൈഫ് മിഷന്‍ സിഇ ഒ യു വി ജോസിനും ഫയലുകള്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.സിബി ഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ അഡ്വക്കറ്റ് ജനറലിനോടും സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു.തുടര്‍ന്ന് മന്ത്രിസഭയും വിഷയം ചര്‍ച്ച ചെയ്തിരുന്നതായാണ് വിവരം.ഇതിനു ശേഷമാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it