Kerala

ബന്ധുനിയമന വിവാദം: മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നല്‍കി

നിയമസഭാ സമ്മേളനം ആരംഭിച്ച പശ്ചാത്തലത്തില്‍ മന്ത്രി കെ ടി ജലീലിനെതിരേ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ബന്ധുനിയമന വിവാദം: മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നല്‍കി
X

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. മന്ത്രി കെ ടി ജലീലിനെതിരായ ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് നോട്ടീസില്‍ പറയുന്നു. ബന്ധുവായ കെ ടി അദീബിന്റെ നിയമനത്തില്‍ ചട്ടം പാലിച്ചിട്ടില്ലെന്ന് മന്ത്രി കെ ടി ജലീല്‍ നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയാണ് പ്രതിപക്ഷം ആയുധമാക്കുന്നത്.

സംസ്ഥാന ന്യൂനപക്ഷ വികസന, ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജരുടെ നിയമനം സംബന്ധിച്ച് പാറയ്ക്കല്‍ അബ്ദുല്ല എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പൊതുമേഖലാ സ്ഥാപനത്തിലെ ഉന്നതതല നിയമനത്തിന് ദേശീയ അംഗീകാരമുള്ള വിദഗ്ധസമിതിയുടെ ശുപാര്‍ശ ആവശ്യമാണ്. എന്നാല്‍ അദീബിന്റെ നിയമനത്തില്‍ ഈ ചട്ടം പാലിച്ചിട്ടില്ലെന്നും അഭിമുഖത്തിന് പങ്കെടുത്തില്ലെന്നും മന്ത്രിയുടെ മറുപടിലുണ്ട്.

എന്നാല്‍, കഴിഞ്ഞ സഭാസമ്മേളനത്തില്‍ കെ മുരളീധരന്റെ അടിയന്തരപ്രമേയ നോട്ടീസിനുള്ള മറുപടിയില്‍ ചട്ടലംഘനം നടന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ സാഹചര്യത്തിലാണ് സഭയെ തെറ്റിദ്ധരിപ്പിച്ചതിന് മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. നിയമസഭാ സമ്മേളനം ആരംഭിച്ച പശ്ചാത്തലത്തില്‍ മന്ത്രി കെ ടി ജലീലിനെതിരേ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.


Next Story

RELATED STORIES

Share it