Kerala

ശബരിമലയുടെ പേരില്‍ ജനപിന്തുണ നഷ്ടപ്പെട്ടു; വിശ്വാസികളെ ഒപ്പംനിര്‍ത്തി അടിത്തറ വിപുലീകരിക്കാന്‍ സിപിഎം

വിശ്വാസത്തിന്റെ കാര്യത്തില്‍ സംസ്ഥാന സമിതി യോഗം വ്യക്തത വരുത്തി. വിശ്വാസികളെ മാനിക്കുമെന്ന ഭാഗം തിരുത്തി വിശ്വാസികള്‍ക്കൊപ്പമെന്ന് പാര്‍ട്ടിയെന്ന് രേഖയില്‍ എഴുതിച്ചേര്‍ത്തു. നയവ്യതിയാന രേഖയ്ക്ക് സംസ്ഥാന സമിതി അംഗീകാരം നല്‍കി. ശബരിമല വിഷയം തിരിച്ചടിയായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ശബരിമലയുടെ പേരില്‍ ജനപിന്തുണ നഷ്ടപ്പെട്ടു; വിശ്വാസികളെ ഒപ്പംനിര്‍ത്തി അടിത്തറ വിപുലീകരിക്കാന്‍ സിപിഎം
X

തിരുവനന്തപുരം: ജനപിന്തുണ നഷ്ടപ്പെട്ടുവെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മിന്റെ അടിത്തറ വിപുലീകരിക്കാന്‍ തീരുമാനം. സമീപകാലത്ത് സിപിഎമ്മിന്റെ ബഹുജന സ്വാധീനത്തില്‍ ചോര്‍ച്ചയുണ്ടായെന്ന് തുറന്നുസമ്മതിക്കുന്നതായിരുന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇന്നത്തെ വാര്‍ത്താസമ്മേളനം. ആറുദിവസത്തെ നേതൃയോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.

അതേസമയം, വിശ്വാസത്തിന്റെ കാര്യത്തില്‍ സംസ്ഥാന സമിതി യോഗം വ്യക്തത വരുത്തി. വിശ്വാസികളെ മാനിക്കുമെന്ന ഭാഗം തിരുത്തി വിശ്വാസികള്‍ക്കൊപ്പമെന്ന് പാര്‍ട്ടിയെന്ന് രേഖയില്‍ എഴുതിച്ചേര്‍ത്തു. നയവ്യതിയാന രേഖയ്ക്ക് സംസ്ഥാന സമിതി അംഗീകാരം നല്‍കി. ശബരിമല വിഷയം തിരിച്ചടിയായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയിലെ കനത്ത പരാജയത്തിന് പിന്നില്‍ ശബരിമല വിഷയമാണെന്ന് ആദ്യഘട്ടം തന്നെ സിപിഎം സംസ്ഥാനനേതൃത്വം വിലയിരുത്തിയിരുന്നു. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച് അഭിപ്രായം തേടിയിരുന്നു. ഈ ഗൃഹസമ്പര്‍ക്ക പരിപാടിയിലെ അഭിപ്രായങ്ങളാണ് പ്രധാനമായും സംസ്ഥാന സമിതി ചര്‍ച്ച ചെയ്തത്. ശബരിമല വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് തങ്ങളെ വോട്ട് മാറ്റിചെയ്യാന്‍ പ്രേരിപ്പിച്ചുവെന്ന് ജനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതാണിപ്പോള്‍ വിശ്വാസകാര്യത്തില്‍ വ്യക്തത വരുത്താന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.

ഇതോടെ ശബരിമലയിലെ യുവതീ പ്രവേശനത്തിനനുകൂലമായി നിലപാടെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് പാര്‍ട്ടി അപ്പാടെ തള്ളുകയാണ്. പിണറായിയുടെയും സര്‍ക്കാരിന്റെയും നിലപാട് ജനങ്ങള്‍ തള്ളിയതിന് തെളിവാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്കുണ്ടായ കനത്ത പരാജയമെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷം അഭിപ്രായം. ഇതോടെ വിശ്വാസ പക്ഷത്ത് നിലകൊള്ളാന്‍ പാര്‍ട്ടി നിലപാടെടുക്കുകയായിരുന്നു. അല്ലാതെ വന്നാല്‍ പശ്ചിമബംഗാളിനും ത്രിപുരയ്ക്കും പിന്നാലെ കേരളത്തില്‍ നിന്നുകൂടി ഇടതുപ്രസ്ഥാനം തൂത്തെറിയപ്പെടുമെന്ന വിമര്‍ശനങ്ങള്‍ വരെ സംസ്ഥാന സമിതി അംഗങ്ങളില്‍ നിന്നുണ്ടായെന്നാണ് സൂചന.

ശബരിമലയുടെ പേരില്‍ ചിലയാളുകള്‍ പാര്‍ട്ടി വിട്ടുപോയെന്നത് സത്യമാണെന്ന് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്ക് ചില തിരിച്ചടികള്‍ നേരിട്ടു. വിഷയത്തില്‍ തെറ്റായ പ്രചരണങ്ങള്‍ ഏറെ നടന്നു. ഒരുവിഭാഗം വിശ്വാസികളെ സിപിഎമ്മിന് എതിരാക്കാന്‍ ചിലര്‍ക്ക് കഴിഞ്ഞു. വിശ്വാസികളുടെ വോട്ട് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കും. സിപിഎം വിശ്വാസികള്‍ക്ക്എതിരല്ല.പാര്‍ട്ടി വിശ്വാസികള്‍ക്ക് എതിരാണെന്നും പാര്‍ട്ടി അംഗങ്ങള്‍ക്ക് ദേവാലയങ്ങളില്‍ പോകാനോ ദൈവവിശ്വാസത്തിനോ സാധിക്കില്ലെന്നും ഒക്കെയുള്ള കാര്യങ്ങള്‍ മാധ്യമങ്ങള്‍ നടത്തുന്ന പ്രചരണങ്ങള്‍ മാത്രമാണ്. പാര്‍ട്ടി ഭരണഘടനയില്‍ ഒരിടത്തും ഇങ്ങനെ രേഖപ്പെടുത്തിയിട്ടില്ലെന്നും കോടിയേരി വിശദീകരിച്ചു. പാര്‍ട്ടി അംഗങ്ങള്‍ക്ക് ദേവാലയങ്ങളില്‍ പോകാം. പള്ളി- അമ്പല കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കാം. എന്നാല്‍ പാര്‍ട്ടിയിലെ ഏതെങ്കിലും പദവി വഹിക്കുകയും ദേവാലയ കമ്മിറ്റികളുടെ ഭാരവാഹിത്വം ഏറ്റെടുക്കുകയും ഒരുമിച്ച് ചെയ്യുമ്പോള്‍ ചില ബുദ്ധിമുട്ടുകള്‍ സംഭവിക്കും. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ അങ്ങനയുള്ള സന്ദര്‍ഭങ്ങളില്‍ മുഴുവന്‍ സമയ ശ്രദ്ധചെലുത്താനാകില്ല. അത് മാത്രമാണ് പാര്‍ട്ടി ചൂണ്ടിക്കാട്ടിയിട്ടുള്ളത്- കോടിയേരി പറഞ്ഞു.

അതേസമയം, പാര്‍ട്ടി അംഗങ്ങള്‍ വിശ്വാസികള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാകരുതെന്നും അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ ശ്രദ്ധിക്കണമെന്നും കോടിയേരി നിര്‍ദേശിച്ചു. പാര്‍ട്ടിയുടെ അടിത്തറ വിപുലീകരിക്കേണ്ടതുണ്ട്. സംസ്ഥാന കമ്മിറ്റി മുതല്‍ ബ്രാഞ്ച് കമ്മിറ്റികള്‍ വരെ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തും. പാര്‍ട്ടി പ്രവര്‍ത്തകര്‍ വിനയാന്വിതരാകണമെന്നും ജനങ്ങളുടെ സ്‌നേഹം പിടിച്ചുപറ്റുന്ന തരത്തില്‍ പ്രവര്‍ത്തിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ബഹുജന പിന്തുണ നഷ്ടപ്പെടുന്ന ഒരു പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകരുത്. അക്രമ സംഭവങ്ങളില്‍ പെടരുതെന്നും കോടിയേരി ഓര്‍മിപ്പിച്ചു.

സംസ്ഥാനത്തെ സിപിഎമ്മിന് യുഡിഎഫ് മാത്രമല്ല ബിജെപിയും മുഖ്യ എതിരാളികളാണ്. ആര്‍എസ്എസ് ഇടപെടലുകള്‍ക്കെതിരെ കരുതല്‍ വേണം. പരിസ്ഥിതി സംരക്ഷണം സിപിഎം മുഖ്യ വിഷയമാക്കുമെന്നും കോടിയേരി വ്യക്തമാക്കി. പരിസ്ഥിതി റിപ്പോര്‍ട്ടുകളില്‍ നിലവിലെ സാഹചര്യം മനസിലാക്കി പാര്‍ട്ടി നിലപാടെടുക്കും. കരിങ്കല്ലും മണലും പരമാവധി ഒഴിവാക്കി കെട്ടിടങ്ങള്‍ നിര്‍മിക്കണമെന്നാണ് പാര്‍ട്ടി നിലപാടെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഈ മാതൃകയിലാകണം. പാര്‍ട്ടി കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോവും ഈ മാതൃകകള്‍ അവലംബിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it