Kerala

50,000 കിലോ അരിയും അവശ്യവസ്തുക്കളും; വയനാടിന് സഹായഹസ്തവുമായി രാഹുല്‍

ദുരിതബാധിതമേഖലകള്‍ സന്ദര്‍ശിച്ച് അവരുടെ ആവലാതികളും നൊമ്പരങ്ങളും നെഞ്ചേറ്റി മടങ്ങിയതിന് പിന്നാലെയാണ് അവശ്യസാധനങ്ങള്‍ വയനാട്ടിലെത്തിക്കാന്‍ രാഹുല്‍ നിര്‍ദേശം നല്‍കിയത്. ശക്തമായ മഴയിലും മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലുംപെട്ട് ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ജനതയെ കാണാന്‍ കഴിഞ്ഞ ദിവസമാണ് രാഹുല്‍ഗാന്ധി വയനാടും മലപ്പുറവും സന്ദര്‍ശിച്ചത്.

50,000 കിലോ അരിയും അവശ്യവസ്തുക്കളും; വയനാടിന് സഹായഹസ്തവുമായി രാഹുല്‍
X

കല്‍പ്പറ്റ: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വയനാട് നിവാസികള്‍ക്ക് സഹായഹസ്തവുമായി രാഹുല്‍ ഗാന്ധി എംപി. 50,000 കിലോ അരി ഉള്‍പ്പടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തരവസ്തുക്കളുമാണ് രാഹുല്‍ ഗാന്ധിയുടെ ഓഫിസ് മുഖേന സ്വന്തം മണ്ഡലമായ വയനാട്ടിലെത്തിച്ചത്. ദുരിതബാധിതമേഖലകള്‍ സന്ദര്‍ശിച്ച് അവരുടെ ആവലാതികളും നൊമ്പരങ്ങളും നെഞ്ചേറ്റി മടങ്ങിയതിന് പിന്നാലെയാണ് അവശ്യസാധനങ്ങള്‍ വയനാട്ടിലെത്തിക്കാന്‍ രാഹുല്‍ നിര്‍ദേശം നല്‍കിയത്. ശക്തമായ മഴയിലും മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലുംപെട്ട് ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ജനതയെ കാണാന്‍ കഴിഞ്ഞ ദിവസമാണ് രാഹുല്‍ഗാന്ധി വയനാടും മലപ്പുറവും സന്ദര്‍ശിച്ചത്.

രണ്ടുദിവസത്തെ സന്ദര്‍ശനത്തില്‍ ആദ്യത്തെ ദിവസം ഉരുള്‍പൊട്ടലില്‍ വന്‍നാശം വിതച്ച മലപ്പുറം നിലമ്പൂരിലെ കവളപ്പാറയും രണ്ടാമത്തെ ദിവസം ശക്തമായ മണ്ണിടിച്ചിലില്‍ ഏഴുപേരെ കാണാതായ വയനാട്ടിലെ പുത്തുമലയിലുമാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയത്. ജില്ലയിലെ വിവിധ ക്യാംപുകളും രാഹുല്‍ സന്ദര്‍ശിച്ചിരുന്നു. പ്രളയബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍ഗാന്ധി ദുരിതബാധിതര്‍ക്ക് എല്ലാ സഹായങ്ങളും ഉറപ്പുനല്‍കിയിരുന്നു. ആദ്യഘട്ടത്തില്‍ പുതപ്പ്, പായ തുടങ്ങിയ അത്യാവശ്യവസ്തുക്കള്‍ ലഭ്യമാക്കി. രണ്ടാംഘട്ടത്തില്‍ 10,000 കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങളുമെത്തിച്ചു. അഞ്ചുകിലോ അരിയടങ്ങിയ വസ്തുക്കളാണ് ഒരോ കുടുംബത്തിനുമുള്ള കിറ്റിലുള്ളത്. കോണ്‍ഗ്രസ് പ്രാദേശികഘടകങ്ങളിലൂടെ ഇതിന്റെ വിതരണം ആരംഭിച്ചു.

മൂന്നാംഘട്ടത്തില്‍ ക്ലീനിങ് സാധനങ്ങള്‍ ജില്ലയിലെത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ബാത്ത്‌റൂം, ഫ്‌ളോര്‍ ക്ലീനിങ് വസ്തുക്കളടങ്ങിയ കിറ്റ് എത്തിക്കും. ഈമാസം അവസാനം രാഹുല്‍ ഗാന്ധി വീണ്ടും മണ്ഡലം സന്ദര്‍ശിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രളയക്കെടുതിയ്ക്ക് ഇരയായവര്‍ക്കായി കേന്ദ്രസഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് രാഹുല്‍ കത്തെഴുതിയിരുന്നു. പിന്നാലെ കര്‍ഷകരുടെ വായ്പാ തിരിച്ചടവ് കാലാവധി നീട്ടിനല്‍കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും അദ്ദേഹം കത്തെഴുതിയിട്ടുണ്ട്.

Next Story

RELATED STORIES

Share it