Latest News

ജീവനക്കാര്‍ക്ക് ഡ്രസ് കോഡുമായി ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍

ജീന്‍സും ടീഷര്‍ട്ടും ധരിച്ച് ഓഫീസില്‍ വരരുത്, സമൂഹമാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനം വേണ്ട എന്നിങ്ങനെയാണ് ഉത്തരവില്‍ പറയുന്നത്

ജീവനക്കാര്‍ക്ക് ഡ്രസ് കോഡുമായി ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍
X

ഷിംല: ജീവനക്കാര്‍ക്ക് ഡ്രസ് കോഡുമായി ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. ഓഫീസുകളിലും കോടതികളിലും ജീന്‍സ്, ടീ ഷര്‍ട്ടുകള്‍, പാര്‍ട്ടി വെയര്‍ എന്നിവക്ക് നിരോധനം ഏര്‍പ്പെടുത്തി. ഇതിന് പുറമേ സമൂഹമാധ്യമങ്ങളില്‍ രാഷ്ട്രീയ-മതപരമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തരുതെന്നും ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശമുണ്ട്. ചീഫ് സെക്രട്ടറി സഞ്ജയ് ഗുപ്തയാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഫോര്‍മലായ വൃത്തിയും മാന്യതയുമുള്ള തിളക്കം കുറഞ്ഞ വസ്ത്രം ധരിക്കണമെന്നാണ് ഇതില്‍ പറയുന്നത്.

പുരുഷന്മാരായ ജീവനക്കാര്‍ക്ക് ഷൂ അല്ലെങ്കില്‍ സാന്‍ഡലുകള്‍ ധരിക്കാം. വസ്ത്രമാണെങ്കില്‍ കോളറുള്ള ഷര്‍ട്ടുകള്‍, പാന്റ്‌സ് അല്ലെങ്കില്‍ ട്രൗസറോ കോളറുള്ള ഷര്‍ട്ടോ ധരിക്കാം. സ്ത്രീകള്‍ക്ക് സാരി, ഫോര്‍മല്‍ സ്യൂട്ടുകള്‍, സല്‍വാര്‍, ചുരിദാര്‍, ദുപ്പട്ടയും കുര്‍ത്തയും പാന്റും ഷര്‍ട്ടും ധരിക്കാം. ചെരിപ്പ്, സാന്‍ഡല്‍, ഷൂ എന്നിവയാണ് ഇവയ്ക്കൊപ്പം ധരിക്കേണ്ടത്. ജീവനക്കാര്‍ ആരും ജീന്‍സോ ടീഷര്‍ട്ടോ ധരിക്കാന്‍ പാടില്ലെന്നും കര്‍ശന നിര്‍ദേശമുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അച്ചടക്കം പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ജീവനക്കാര്‍ സാധാരണ വസ്ത്രം ധരിച്ച് ജോലി സംബന്ധമായ കാര്യങ്ങളില്‍ പങ്കെടുക്കരുതെന്നും സര്‍ക്കാര്‍ അറിയിച്ചു. മുന്‍കൂര്‍ അനുമതിയില്ലാതെ വ്യക്തിഗത സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഒരു ഔദ്യോഗിക വിവരവും പങ്കിടരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാഷ്വലായുള്ള വേഷങ്ങള്‍ ധരിച്ച് ചില ജീവനക്കാര്‍ വ്യക്തിഗത സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ സര്‍ക്കാര്‍ സ്‌കീമുകള്‍ പങ്കുവയ്ക്കുകയും ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

സര്‍വീസില്‍ മാന്യതയും മര്യാദയും നിലനിര്‍ത്തുകയാണ് ഡ്രസ് കോഡ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഉത്തരവിലുണ്ട്. സര്‍ക്കാര്‍ നയങ്ങള്‍, സ്‌കീമുകള്‍ എന്നിവയെ കുറിച്ചും സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായപ്രകടനം നടത്താന്‍ പാടില്ലെന്നും ഇതില്‍ പറയുന്നു. 2017 ആഗസ്റ്റ് മൂന്നിന് സമാനമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടും പല ജീവനക്കാരും അത് പാലിക്കാന്‍ തയ്യാറായിട്ടില്ലെന്നും പുതിയ നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it