Kerala

കനത്ത മഴ: എറണാകുളത്ത് അതീവജാഗ്രതാ നിര്‍ദേശം;ദുരന്തനിവാരണ നടപടി തുടങ്ങി

തീവ്രമഴസംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടുള്ള സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും അതീവജാഗ്രത പുലര്‍ത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി.ആവശ്യമായ കേന്ദ്രങ്ങളിലെല്ലാം ക്യാംപുകള്‍ ഏതു സമയത്തും തുറക്കാന്‍ സജ്ജമാണെന്നും കലക്ടര്‍ വ്യക്തമാക്കി

കനത്ത മഴ: എറണാകുളത്ത് അതീവജാഗ്രതാ നിര്‍ദേശം;ദുരന്തനിവാരണ നടപടി തുടങ്ങി
X

കൊച്ചി: കനത്ത മഴയുടെ ഭാഗമായി എറണാകുളത്ത് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കല്‍ നടപടി ആരംഭിച്ചു.തീവ്രമഴസംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടുള്ള സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും അതീവജാഗ്രത പുലര്‍ത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി.ആവശ്യമായ കേന്ദ്രങ്ങളിലെല്ലാം ക്യാംപുകള്‍ ഏതു സമയത്തും തുറക്കാന്‍ സജ്ജമാണെന്നും കലക്ടര്‍ വ്യക്തമാക്കി.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള കോതമംഗലം താലൂക്കില്‍ഉളളവരെയാണ് ബുധനാഴ്ച്ച രാത്രി മുതല്‍ ക്യാംപുകളിലേക്ക് മാറ്റുന്നത്. കുട്ടമ്പുഴയില്‍ പെരിയാറില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട ആദിവാസിക്കുടികളിലേക്ക് സഹായമെത്തിക്കാന്‍ നടപടി സ്വീകരിച്ചു. കോട്ടപ്പടി, കുട്ടമംഗലം, നേര്യമംഗലം വില്ലേജുകളില്‍ കാറ്റില്‍ മരം വീണ്വീടുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. നഷ്ടം തിട്ടപ്പെടുത്താന്‍ റവന്യൂ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.

മലങ്കര അണക്കെട്ടില്‍ നിന്നും തുറന്നു വിടുന്ന ജലമെത്തുന്ന തൊടുപുഴ, കാളിയാര്‍, മൂവാറ്റുപുഴ നദികളില്‍ ശരാശരി പ്രളയ മുന്നറിയിപ്പ് നിരപ്പായ 9.015 മീറ്ററിനടുത്ത് ജലനിരപ്പെത്തിയിട്ടുണ്ട്. ചില മേഖലകളില്‍ ഈ നിരപ്പ് കഴിഞ്ഞും വെള്ളമുണ്ട്. എങ്കിലും നിലവില്‍ ഒഴിപ്പിക്കല്‍ ആവശ്യമായ സാഹചര്യമില്ല. തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. മൂവാറ്റുപുഴ, മാറാടി, വാളകം, ഐക്കരനാട്, രാമമംഗലം, പൂതൃക്ക, മണീട്, പിറവം, മുളക്കുളം, എടക്കാട്ടുവയല്‍, തലയോലപ്പറമ്പ്, വെള്ളൂര്‍, കാഞ്ഞിരമറ്റം, മാറന്തുരുത്ത്, ചെമ്പ്, വൈക്കം, പല്ലാരിമംഗലം, കോതമംഗലം, വാരപ്പെട്ടി, പായിപ്ര,പൈ മഞ്ഞള്ളൂര്‍, ആരക്കുഴ, ആവോലി, പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, ആയവന തുടങ്ങിയ പ്രദേശങ്ങളെയാണ് മൂവാറ്റുപുഴയാറിലെ ഉയരുന്ന ജലനിരപ്പ് ബാധിക്കാന്‍ സാധ്യതയുള്ളത്.

ഭൂതത്താന്‍കെട്ട് ബാരേജിലെ 15 ഷട്ടറുകളും തുറന്നിട്ടുണ്ടെങ്കിലും ബാരേജിന് താഴേക്ക് പെരിയാറില്‍ നിലവില്‍ ആശങ്കാജനകമായ സ്ഥിതിയില്ല. അതേസമയം ഹൈറേഞ്ചില്‍ ശക്തമായ മഴ തുടരുകയാണ്. ഇടമലയാര്‍ അണക്കെട്ടില്‍ സംഭരണശേഷിയുടെ 41.69 ശതമാനം വെള്ളമാണുള്ളത്. തമിഴ്‌നാട്ടിലെ അപ്പര്‍ നീരാര്‍ വിയര്‍ നിറഞ്ഞതിനെ തുടര്‍ന്ന് ജലം ലോവര്‍ നീരാര്‍ അണക്കെട്ടിലേക്ക് ഒഴുകുന്നുണ്ട്. മഴ തുടര്‍ന്നാല്‍ ലോവര്‍ നീരാര്‍ അണക്കെട്ട് രണ്ട് ദിവസത്തിനുള്ളില്‍ നിറയാനും സ്പില്‍വേ ഷട്ടറുകള്‍ തുറക്കാനും സാധ്യതയുണ്ട്. ഈ ജലം ഇടമലാര്‍ അണക്കെട്ടിലേക്കാണ് ഒഴുകിയെത്തുക.

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ സ്ലൂയിസ് ഗേറ്റുകള്‍ തുറന്ന് വെള്ളമൊഴുക്കുന്നത് മൂലം ചാലക്കുടിപ്പുഴയില്‍ ജലനിരപ്പുയര്‍ന്നിട്ടുണ്ടെങ്കിലും നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ വ്യക്തമാക്കി.കടല്‍കയറ്റം നേരിടുന്ന ചെല്ലാനത്ത് തോടുകളിലെ നീരൊഴുക്ക് സുഗമമാക്കാന്‍ ഊര്‍ജിതമായ ശ്രമം നടക്കുന്നുണ്ട്. ബസാര്‍ തോടില്‍ വന്നടിഞ്ഞിരിക്കുന്ന മണലും കല്ലുകളും യന്ത്രസഹായത്തോടെ നീക്കം ചെയ്യും. കടല്‍ വെള്ളം കയറുന്ന മേഖലകളില്‍ താമസിക്കുന്നവരെ സ്‌കൂളുകളില്‍ തുറക്കുന്ന ക്യാംപുകളിലേക്ക് മാറ്റും. ബസാര്‍, മാലാഖപ്പടി, ചാളക്കടവ് എന്നീ പ്രദേശങ്ങളിലാണ് കടലേറ്റം രൂക്ഷം. സൗദി പള്ളിയുടെ പടിഞ്ഞാറു ഭാഗത്തും കടല്‍ക്ഷോഭത്തില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it