Kerala

കനത്ത മഴ: ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി;ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു

ജില്ലയില്‍ നിലവില്‍ അഞ്ച് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.എല്ലാ ക്യാംപുകളും ചെങ്ങന്നൂര്‍ താലൂക്കിലാണ്.15 കുടുംബങ്ങളിലെ 58 പേരാണ് ക്യാംപുകളിലുള്ളത്.

കനത്ത മഴ: ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി;ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു
X

ആലപ്പുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ പ്രഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.സമീപ ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം ചേര്‍ന്ന് ദുരന്ത നിവാരണ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. ജലനിരപ്പ് ഉയരാനുള്ള സാധ്യത മുന്നില്‍ കണ്ട് ക്രമീകരണങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.

എല്ലാ നിയോജക മണ്ഡലങ്ങളിലും എംഎല്‍എമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ദുരന്ത നിവാരണ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം തീരുമാനിച്ചു. ജില്ലാ, താലൂക്ക് തലത്തില്‍ ഇന്‍സിഡന്‍സ് റെസ്‌പോണ്‍സ് ടീമീന്റെ സേവനം ഉറപ്പാക്കും. ജില്ലാതലത്തിലും താലൂക്ക് തലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.താലൂക്ക് തലത്തില്‍ രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഹിറ്റാച്ചി, ജെസിബി, ടോറസ് ലോറികള്‍, ബോട്ടുകള്‍ തുടങ്ങിയ വാഹനങ്ങള്‍ സജ്ജമാക്കാന്‍ തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം ആവശ്യമാകുന്ന ഘട്ടത്തില്‍ 2018ല്‍ പ്രളയം ബാധിച്ച മേഖലകളില്‍ താമസിക്കുന്നവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും.

പാലങ്ങളുടെ അടിയില്‍ അടിഞ്ഞു കൂടിയ എക്കലും മറ്റ് മാലിന്യങ്ങളും അടിയന്തരമായി നീക്കംചെയ്യാന്‍ ജലസേചന വകുപ്പിനെ ചുമതലപ്പെടുത്തി. ചെറുതന പെരുമാങ്കര, പാണ്ടി വെട്ടുകളഞ്ഞി, പള്ളിപ്പാട് 28ല്‍ കടവ്, എടത്വ പോച്ച പാലങ്ങളുടെ അടിയില്‍ മാലിന്യങ്ങള്‍ അടിഞ്ഞ് നീരൊഴുക്ക് തടസപ്പെടുന്നതായി ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ആവശ്യമായ ഘട്ടത്തില്‍ തുറക്കുന്നതിന് 420 ക്യാംപുകളും ചെറുതനയിലെയും മാരാരിക്കുളത്തേയും സൈക്ലോണ്‍ ഷെല്‍ട്ടറുകളും സജ്ജമാണ്. എല്ലാ ക്യാംപിന്റെയും മേല്‍നോട്ടത്തിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. ക്യാംപുകളില്‍ ബയോ ടോയ്‌ലെറ്റ് സംവിധാനം ഒരുക്കും. ആവശ്യമനുസരിച്ച് കഞ്ഞിവീഴ്ത്തല്‍ കേന്ദ്രങ്ങളും സജ്ജമാക്കും. പള്ളാത്തുരുത്തി, നെടുമുടി, കാവാലം എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് നിരപ്പിനു മുകളില്‍ വെള്ളമുണ്ട്. തണ്ണീര്‍മുക്കം ബണ്ടിലെയും, തോട്ടപ്പള്ളി, അന്ധകാരനഴി സ്പില്‍വേകളിലെയും ഷട്ടറുകള്‍ കൃത്യമായി ക്രമീകരിച്ചുവരുന്നു. തോട്ടപ്പള്ളിയിലെ 20 ഷട്ടറുകളും തണ്ണീര്‍മുക്കത്തെ മുഴുവന്‍ ഷട്ടറുകളും തുറന്നിരിക്കുകയാണ്.

കുട്ടനാട് മേഖലയില്‍ ആളുകളെ ഒഴിപ്പിക്കേണ്ടിവന്നാല്‍ അതിനായി ബോട്ടുകള്‍ സജ്ജമാണ്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് അഞ്ച് വലിയ പമ്പ് സെറ്റുകളും നാല് ചെറിയ പമ്പുകളും അഗ്‌നിരക്ഷാ സേനയുടെ പക്കലുണ്ട്. പാടശേഖര സമിതികളുടെ പക്കലുള്ള 24 ചെറിയ പമ്പുകളും ഇതിനായി ലഭ്യമാക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി. എല്ലാ സ്ഥലങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ ജല അതോറിറ്റി ജാഗ്രത പുലര്‍ത്തണം. വൈദ്യുതി തടസ്സപ്പെടുന്നില്ലെന്ന് കെഎസ്ഇബി. ഉറപ്പാക്കണം. ആശുപത്രികളും വില്ലേജ് ഓഫീസുകളും ഉള്‍പ്പെടെ അടിയന്തര സേവന വിഭാഗങ്ങളില്‍ പെടുന്ന ഓഫീസുകളില്‍ ആവശ്യത്തിന് ജീവനക്കാരുണ്ടെന്ന് ഉറപ്പുവരുത്തണം.പ്രളയം ബാധിക്കുന്ന മേഖലകളിലെ മൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ മൃഗസംരക്ഷണ വകുപ്പ് നടപടി സ്വീകരിക്കണം. പാലങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രി കെട്ടിടങ്ങള്‍ എന്നിവയുടെ സുരക്ഷാ പരിശോധന അടിയന്തരമായി പൂര്‍ത്തീകരിക്കണം. അപകടകരമായി നില്‍ക്കുന്ന മരച്ചില്ലകളും മരങ്ങളും വെട്ടി മാറ്റുന്നതിന് നടപടി സ്വീകരിക്കാനും യോഗം നിര്‍ദേശിച്ചു. ജില്ലയില്‍ നിലവില്‍ അഞ്ച് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. എല്ലാ ക്യാംപുകളും ചെങ്ങന്നൂര്‍ താലൂക്കിലാണ്.15 കുടുംബങ്ങളിലെ 58 പേരാണ് ക്യാംപുകളിലുള്ളത്.

Next Story

RELATED STORIES

Share it