Kerala

ഹര്‍ത്താല്‍ അക്രമം: 1718 പേര്‍ അറസ്റ്റില്‍; 1009 പേര്‍ കരുതല്‍ തടങ്കലില്‍ തെക്കന്‍ കേരളത്തില്‍ സംഘര്‍ഷത്തിന് അയവില്ല

1108 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡിജിപി ലോകനാഥ് ബെഹറ അറിയിച്ചു.

ഹര്‍ത്താല്‍ അക്രമം: 1718 പേര്‍ അറസ്റ്റില്‍; 1009 പേര്‍ കരുതല്‍ തടങ്കലില്‍  തെക്കന്‍ കേരളത്തില്‍ സംഘര്‍ഷത്തിന് അയവില്ല
X

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തെ തുടര്‍ന്ന് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് 1718 പേര്‍ അറസ്റ്റില്‍. ഇന്ന് വൈകീട്ടു വരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 1108 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡിജിപി ലോകനാഥ് ബെഹറ അറിയിച്ചു. കരുതല്‍ തടങ്കലില്‍ എടുത്തവരുടെ എണ്ണം 1009 ആയി ഉയര്‍ന്നിട്ടുണ്ട്. വിവിധ അക്രമങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 135 പോലിസുദ്യോഗസ്ഥരും 129 പൊതുജനങ്ങളും 10 മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ 174 പേര്‍ക്ക് പരിക്കേറ്റതായും ഡിജിപി അറിയിച്ചു. തിരുവനന്തപുരം റൂറല്‍ പോലിസ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോലിസുകാര്‍ക്ക് പരിക്കേറ്റത് - 26. പാലക്കാട് 24 പേര്‍ക്കും മലപ്പുറത്ത് 13 പേര്‍ക്കും കൊല്ലം റൂറല്‍, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ 12 പേര്‍ക്ക് വീതവും പരിക്കേറ്റു. പൊതുജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പരിക്കേറ്റത് പത്തനംതിട്ട ജില്ലയിലാണ്- 18. കൊല്ലം സിറ്റി, കൊല്ലം റൂറല്‍ എന്നിവിടങ്ങളില്‍ 17 പേര്‍ക്ക് വീതം പരിക്കേറ്റു. കാസര്‍കോഡ് നാലും തൃശ്ശൂര്‍ റൂറല്‍, കൊല്ലം സിറ്റി, തിരുവനന്തപുരം സിറ്റി എന്നിവിടങ്ങളില്‍ രണ്ടും വീതം മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

അതേസമയം, തെക്കന്‍ കേരളത്തില്‍ സംഘര്‍ഷത്തിന് അയവ് വന്നിട്ടില്ല. പത്തനംതിട്ട, തിരുവനന്തപുരം ജില്ലയുടെ ഗ്രാമീണമേഖലയില്‍ ഇപ്പോഴും സിപിഎം, ആര്‍എസ്എസ് അക്രമം തുടരുകയാണ്. കഴിഞ്ഞദിവസം ബോംബേറ് ഉള്‍പ്പടെ വലിയതോതില്‍ അക്രമസംഭങ്ങള്‍ അരങ്ങേറിയ നെടുമങ്ങാട് താലൂക്കിലെ വലിയമല, നെടുമങ്ങാട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ മൂന്നുദിവസത്തേക്ക് ജില്ലാഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നെടുമങ്ങാട് മേഖലയിലെ മൂന്ന് സിപിഎം നേതാക്കളുടെ വീടിനുനേരെ കല്ലേറുണ്ടായി. നെയ്യാറ്റിന്‍കരയില്‍ സിപിഎം ഓഫീസിനുനേരെ ബോംബേറുണ്ടായി. പിഡിപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റു പായ്ച്ചിറ സലാഹുദീന്റെ വീടിനും കാറിനും നേരെയും ആക്രമണമുണ്ടായി. കാട്ടാക്കട, നെയ്യാറ്റിന്‍കര മേഖലയിലും സംഘര്‍ഷം വ്യാപിച്ചിട്ടുണ്ട്. മലയിന്‍കീഴ് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സരസ്വതി വിദ്യാലത്തിനു സമീപത്തുനിന്നും മൂന്ന് നാടന്‍ബോംബുകള്‍ പോലിസ് കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ അടൂര്‍, പന്തളം മേഖലയിലാണ് സംഘര്‍ഷം നിലനില്‍ക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12ഓടെ അടൂര്‍ നഗരത്തിലെ മൊബൈല്‍ കടയ്ക്കുനേരെ ആര്‍എസ്എസുകാര്‍ പെട്രോള്‍ ബോംബെറിഞ്ഞു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം, പഞ്ചായത്ത് മെമ്പര്‍ എന്നിവരുടേ വീടിനുനേരെയും അക്രമണമുണ്ടായി. വൈകീട്ട് പഴകുളത്ത് സിപിഎം പ്രവര്‍ത്തകന്റെ കടയ്ക്കു നേരെയും ബോംബേറുണ്ടായി. അടൂര്‍ മേഖലയില്‍ ആര്‍എസ്എസ്- സിപിഎം പ്രവര്‍ത്തകരുടെ അമ്പതോളം വീടുകള്‍ക്കു നേരെയാണ് കഴിഞ്ഞരാത്രി ആക്രമണമുണ്ടായത്.

അതേസമയം, ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരംഭിച്ച ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ ഊര്‍ജ്ജിതപ്പെടുത്തിയതായി ഡിജിപി അറിയിച്ചു. ശബരിമലയില്‍ തികച്ചും സമാധാനപരമായ അന്തരീക്ഷത്തില്‍ തീര്‍ത്ഥാടനം പുരോഗമിക്കുകയാണ്. തീര്‍ത്ഥാടനത്തിന് എത്തുന്ന എല്ലാവര്‍ക്കും പോലിസ് മതിയായ സുരക്ഷ ലഭ്യമാക്കുന്നുണ്ട്.




Next Story

RELATED STORIES

Share it