Top

ആശങ്കയൊഴിയാതെ കേരളം: 84 പേർക്ക് കൂടി കൊവിഡ്; ഒരു മരണം

ഇന്ന് പുതുതായി ആറ് പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. കാസർകോട് 3, പാലക്കാട് രണ്ട് പഞ്ചായത്തുകൾ, കോട്ടയത്തെ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ.

ആശങ്കയൊഴിയാതെ കേരളം: 84 പേർക്ക് കൂടി കൊവിഡ്; ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ മരിക്കുകയും മൂന്നുപേർ രോഗമുക്തി നേടുകയും ചെയ്തു. ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാസർകോഡ് 18, പാലക്കാട് 16, കണ്ണൂർ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂർ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം 1, ഇടുക്കി 1, ആലപ്പുഴ 1 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്.

കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് ഒരാൾ മരിച്ചു. തെലുങ്കാന സ്വദേശി അഞ്ജയ്യ (68) ആണ് മരിച്ചത്. അഞ്ജയും കുടുംബവും കഴിഞ്ഞ 22ന് രാജസ്ഥാനിൽ നിന്നുള്ള ജയ്പുർ- തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനിൽ തെറ്റിക്കയറി തിരുവനന്തപുരത്ത് എത്തുകയായിരുന്നു. ആവശ്യമായ രേഖകളില്ലാതെയാണ് ഇവർ വന്നത്. പരിശോധനകൾക്കു ശേഷം പൂജപ്പുര ഐസിഎംഎല്ലിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് മരിച്ചത്. ഇന്ന് ലഭിച്ച സ്രവ പരിശോധനാ ഫലത്തിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. കൊവിഡ് മാർഗനിർദ്ദേശമനുസരിച്ച് മൃതദേഹം മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനാകില്ല. മതാചാരങ്ങൾ പാലിച്ചുകൊണ്ട് ഇവിടെ സംസ്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. മരിച്ചയാളുടെ ഭാര്യയും രണ്ടു കുട്ടികളും മറ്റ് രണ്ടു കുടുംബാംഗങ്ങളും പൂജപ്പുരയിലെ കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടെ പരിശോധന ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇന്ന് 6 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം, പുതുശേരി, കോട്ടയം ജില്ലയിലെ ചങ്ങനാശേരി മുന്‍സിപ്പാലിറ്റി, കാസര്‍ഗോഡ് ജില്ലയിലെ മധൂര്‍, ഉദുമ, മഞ്ചേശ്വരം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 82 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. ഏറ്റവും കൂടുതൽ ആളുകൾ വൈറസ് ബാധിച്ച് ചികിത്സയിലുള്ളത് പാലക്കാട് ജില്ലയിലാണ് -105 പേർ. കണ്ണൂരിൽ 93 പേരും കാസർകോട് 63 പേരും മലപ്പുറത്ത് 52 പേരും ചികിത്സയിലുണ്ട്.

ഇന്ന് രോഗം പിടിപ്പെട്ടവരിൽ 5 പേർ ഒഴികെ മറ്റുള്ളവർ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവരാണ്. 31 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.-15, കുവൈറ്റ്-5, സൗദി അറേബ്യ-5, ഒമാന്‍-3, ഖത്തര്‍-2, മാലിദ്വീപ്-1) 48 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും (മഹാരാഷ്ട്ര-31, തമിഴ്‌നാട്-9, കര്‍ണാടക-3, ഡല്‍ഹി-2, ഗുജറാത്ത്-2, ആന്ധ്രാപ്രദേശ്-1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ 2 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1088 ആയി വർധിച്ചു. 526 പേർ നിലവിൽ ചികിത്സയിൽ തുടരുകയാണ്. 115297 പേർ നിരീക്ഷണത്തിലുണ്ട്. 114305 പേർ വീടുകളിലും 992 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 210 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 60685 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇതിൽ 58460 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.

സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ഇതുവരെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട 9937 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 9217 എണ്ണം നെഗറ്റീവായി.

Next Story

RELATED STORIES

Share it