Kerala

സ്പ്രിംഗ്ലര്‍ വിവാദം: ഐടി സെക്രട്ടറിയെ നീക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എം പി

എ ടി സെക്രട്ടറിയുടെ കുറ്റസമ്മതം ഗൗരവതരമാണ്. പൗരന്റെ സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് സര്‍ക്കാര്‍ നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്താന്‍ സിപിഎം പൊളിറ്റ്ബ്യുറോ തയാറാകണം

സ്പ്രിംഗ്ലര്‍ വിവാദം: ഐടി സെക്രട്ടറിയെ നീക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എം പി
X

കൊച്ചി: സ്പ്രിംഗ്ലര്‍ വിവാദവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തമേറ്റ ഐ ടി സെക്രട്ടറിയെ നീക്കം ചെയ്യാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ എംപി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഐ ടി സെക്രട്ടറിയുടെ കുറ്റസമ്മതം ഗൗരവതരമാണ്. പൗരന്റെ സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് സര്‍ക്കാര്‍ നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്താന്‍ സിപിഎം പൊളിറ്റ്ബ്യുറോ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്പ്രിംഗ്ലര്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന് യു ഡി എഫ് കണ്‍വീനര്‍ ആരോപിച്ചു. സ്പ്രിംഗ്ലറിന്റെ സേവനവുമായി ബന്ധപ്പെട്ട ഡാറ്റ ഉപയോഗിക്കാനുള്ള ആഗോള അവകാശം കമ്പനിക്ക് നല്‍കിയത് എന്തിനാണെന്നും മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കരാര്‍ പ്രകാരം ഡാറ്റ കൈകാര്യം ചെയ്യാനുള്ള പൂര്‍ണ്ണ അവകാശം സ്പ്രിംഗ്ലര്‍ കമ്പനിക്കാണെന്നും ബെന്നി ബെഹനാന്‍ ആരോപിച്ചു. ഐടി വിഭാഗവും സ്പ്രിംഗ്ലറും തമ്മിലുള്ള കരാറില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ആഗോള തലത്തില്‍ ഉപയോഗിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.നമ്മുടെ എല്ലാ അവകാശങ്ങള്‍ക്കും തീറെഴുതി കൊടുത്തുകൊണ്ടാണ് സ്പ്രിംഗ്ലര്‍ കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. തര്‍ക്കമുണ്ടായാല്‍ ന്യൂയോര്‍ക്കിലെ കോടതിക്ക് മാത്രമേ ഇടപെടാനാകൂവെന്നും കരാറില്‍ പറയുന്നുണ്ട്.

സെന്‍സിറ്റീവ് ആയ വിവരങ്ങളാണ് കമ്പനി ശേഖരിക്കുന്നത്. കൊവിഡ് രോഗികളുടെയും ജീവിതശൈലി രോഗങ്ങളുടെയും വിവരം വരെ കമ്പനിക്ക് ലഭിക്കും.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിശ്വസനീയത നഷ്ടപ്പെട്ടതിന് ഉത്തരവാദി മുഖ്യമന്ത്രിയുടെ പാര്‍ട്ടി നേതാക്കള്‍ തന്നെയാണെന്നും ബെന്നി ബഹനാന്‍ ആരോപിച്ചു.അധികാരത്തില്‍ ഇരിക്കുന്ന ആളുകള്‍ക്ക് ബാധിക്കുന്ന വൈറസാണ് ഏറ്റവും വലിയ അപകടം. കേരളത്തിലും ഇത്തരം ഫാസിസ്റ്റ് വൈറസ് ബാധിച്ച ഭരണാധികാരികളുണ്ട്. എതിര്‍ക്കുന്നവരെ കൊല്ലാനും പ്രതികാരം തീര്‍ക്കാനും ശ്രമിച്ചിട്ടുള്ള എല്ലാ ഭരണാധികാരികളുടെയും സ്ഥാനം ചരിത്രത്തിന്റെ ചവറ്റു കുട്ടയിലാണെന്ന് ചിലര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. കൊറോണ വൈറസിനെ എതിര്‍ക്കുന്നത് പോലെ തന്നെ ഇത്തരം രാഷ്ട്രീയ വൈറസുകളെയും എതിര്‍ക്കും. പറയാനുള്ളത് പറയുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആരോഗ്യരംഗത്തെ മുന്നേറ്റം ഏതെങ്കിലും ഒരാളുടെ വ്യക്തിപരമായ നേട്ടമല്ല. നേട്ടം പറഞ്ഞ് ആളുകളുടെ സ്വകാര്യത വിറ്റ് കാശാക്കാന്‍ അനുവദിക്കില്ല. വിവരങ്ങള്‍ വിശദമായി പഠിച്ചശേഷം നിയമനടപടിയെക്കുറിച്ച് ആലോചിക്കുമെന്നും ബെന്നി ബഹനാന്‍ എംപി പറഞ്ഞു.

Next Story

RELATED STORIES

Share it