Latest News

എന്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍?; കെ സച്ചിദാനന്ദന്റെ പ്രസ്താവന തള്ളി മന്ത്രി വി ശിവന്‍കുട്ടി

എന്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍?; കെ സച്ചിദാനന്ദന്റെ പ്രസ്താവന തള്ളി മന്ത്രി വി ശിവന്‍കുട്ടി
X

തിരുവനന്തപുരം: സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്റെ പ്രസ്താവന തള്ളി മന്ത്രി വി ശിവന്‍കുട്ടി. സച്ചിദാനന്ദന്റെ നിരീക്ഷണം വസ്തുതാവിരുദ്ധമാണെന്നും എന്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇത്തരമൊരു വിലയിരുത്തല്‍ നടത്തിയതെന്ന് വ്യക്തമല്ലെന്നും മന്ത്രി പറഞ്ഞു. സച്ചിദാനന്ദന്റെ പ്രസ്താവന വെറും തെറ്റിദ്ധാരണയുടെ പുറത്തുള്ളതാണെന്നും തുടര്‍ച്ചയായ ഭരണം ബംഗാളിലെ അവസ്ഥയുണ്ടാക്കുമെന്ന വാദത്തില്‍ കഴമ്പില്ലെന്നും മന്ത്രി പറഞ്ഞു. വികസനത്തുടര്‍ച്ചയ്ക്കായി കേരളത്തില്‍ ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തുടര്‍ച്ചയായി ഭരണത്തില്‍ ഇരിക്കുന്നത് അഴിമതിയിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിച്ചേക്കാമെന്ന് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദന്‍ പറഞ്ഞിരുന്നു. രണ്ടുതവണ ഭരിച്ചു കഴിഞ്ഞാല്‍ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലത്. കോണ്‍ഗ്രസ് ആണ് ഭരിക്കുന്നതെങ്കില്‍ താന്‍ ഇതുതന്നെ പറയും. ജനാധിപത്യത്തെ ജനാധിപത്യം ആക്കുന്നത് പ്രതിപക്ഷമാണെന്നും കെ സച്ചിദാനന്ദന്‍ പ്രതികരിച്ചിരുന്നു.

വീണ്ടും ഭരണം കിട്ടിയാല്‍, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബംഗാളിലെ അവസ്ഥയിലേക്ക് പോകാന്‍ സാധ്യതയുണ്ട്. തുടര്‍ച്ചയായ ഭരണത്തിലൂടെ അധികാരമോഹികള്‍ പാര്‍ട്ടിയില്‍ വന്നുചേരും. അത് പാര്‍ട്ടിയുടെ അടിസ്ഥാന സ്വഭാവത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.വികസനത്തിന്റെ കാര്യത്തിലും സാക്ഷരതയുടെ കാര്യത്തിലും ഒക്കെ ഇടതു സര്‍ക്കാര്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നാലും ജനങ്ങള്‍ക്ക് പാര്‍ട്ടിയെ വിമര്‍ശിക്കാനുള്ള ഭയം വര്‍ധിച്ചുവരികയാണ്.അത് ജനാധിപത്യ പാര്‍ട്ടിക്ക് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് നേതാവ് ആന്റോ ആന്റണിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളിലും മന്ത്രി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. ആന്റോ ആന്റണി രണ്ട് കോടി രൂപ വാങ്ങിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഗൗരവകരമായ ഈ ആരോപണത്തില്‍ പ്രതിപക്ഷ നേതാവിന്റെ പങ്ക് എന്താണെന്ന് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it