Kerala

കൊറോണ ജാഗ്രതയില്‍ കേരളം; പത്തനംതിട്ടയില്‍ രോഗം സംശയിക്കുന്ന അഞ്ചുപേരുടെ പരിശോധനാഫലം ഇന്ന്

ഇറ്റലിയില്‍നിന്നെത്തിയ രോഗം സ്ഥിരീകരിച്ച റാന്നി സ്വദേശികളുമായി അടുപ്പം പുലര്‍ത്തിയവരുടെ പുതിയ പട്ടിക ഇന്ന് തയ്യാറാക്കും. 150 പേരുടെ പ്രാഥമികപട്ടിക ഇന്നലെ തയ്യാറാക്കിയിരുന്നു.

കൊറോണ ജാഗ്രതയില്‍ കേരളം; പത്തനംതിട്ടയില്‍ രോഗം സംശയിക്കുന്ന അഞ്ചുപേരുടെ പരിശോധനാഫലം ഇന്ന്
X

പത്തനംതിട്ട: കൊറോണ വൈറസ് (കോവിഡ് 19) ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവജാഗ്രതയില്‍. കോവിഡ് 19 രോഗം സംശയിക്കുന്ന അഞ്ചുപേരുടെ സാമ്പിളിന്റെ പരിശോധനാഫലം ഇന്ന് പുറത്തുവരും. ഇറ്റലിയില്‍നിന്നെത്തിയ രോഗം സ്ഥിരീകരിച്ച റാന്നി സ്വദേശികളുമായി അടുപ്പം പുലര്‍ത്തിയവരുടെ പുതിയ പട്ടിക ഇന്ന് തയ്യാറാക്കും. 150 പേരുടെ പ്രാഥമികപട്ടിക ഇന്നലെ തയ്യാറാക്കിയിരുന്നു. ഇവര്‍ സന്ദര്‍ശിച്ച ആളുകള്‍ ആരൊക്കെയായി ഇടപഴകി എന്നതുള്‍പ്പടെയുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. പത്തനംതിട്ടയില്‍ 10 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

10 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 158 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് മുതല്‍ മൂന്നുദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നല്‍കിയിട്ടുണ്ട്. 3,000 പേരുമായി റാന്നി സ്വദേശികളായ ദമ്പതികളും മകനും അടുത്തിടപഴകിയെന്നാണ് നിഗമനം.

കോവിഡ് സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികള്‍ സന്ദര്‍ശിച്ച വീട്ടിലെ മൂന്നുപേരെയും അയല്‍വാസികളായ രണ്ടുപേരെയുമാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടാന്‍ ആരോഗ്യവകുപ്പ് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ പൊതുപരിപാടികളും മാറ്റിവച്ചിട്ടുണ്ട്.

മതപരമായ ആചാരങ്ങള്‍ മാറ്റിവയ്ക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് 19 രോഗലക്ഷണങ്ങളുള്ളവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. പനി, ചുമ, ശ്വാസതടസ്സമുള്ളവര്‍ ബന്ധപ്പെടണം. പത്തനംതിട്ട കണ്‍ട്രോള്‍ റൂം നമ്പര്‍: 046822 28 220. അതേസമയം, കോവിഡ് 19 രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് കൊല്ലത്ത് അഞ്ചുപേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പാരിപ്പള്ളി മെഡിക്കല്‍ കോളജിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it