Kerala

കൊറോണ: സംസ്ഥാനത്ത് അതീവജാഗ്രത; സര്‍ക്കാരിന്റെ പൊതുപരിപാടികള്‍ ഒഴിവാക്കി

ഒന്നു മുതല്‍ ഏഴ് വരെയുള്ള സ്‌കൂളുകള്‍ മാര്‍ച്ച് മാസം പൂര്‍ണമായും അടച്ചിടും. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും ഇത് ബാധകമാണ്. എട്ട്, ഒമ്പത്, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടക്കും.

കൊറോണ: സംസ്ഥാനത്ത് അതീവജാഗ്രത; സര്‍ക്കാരിന്റെ പൊതുപരിപാടികള്‍ ഒഴിവാക്കി
X

തിരുവനന്തപുരം: കൊറോണ വൈറസ് രോഗവ്യാപനം തടയുന്നതിനായി കനത്ത ജാഗ്രതപാലിക്കാന്‍ ഇന്നുചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. ഒന്നു മുതല്‍ ഏഴ് വരെയുള്ള സ്‌കൂളുകള്‍ മാര്‍ച്ച് മാസം പൂര്‍ണമായും അടച്ചിടും. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും ഇത് ബാധകമാണ്. എട്ട്, ഒമ്പത്, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടക്കും. പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള കോളജുകള്‍, മദ്‌റസകള്‍, അങ്കണവാടികള്‍, ട്യൂറ്റോറിയലുകള്‍ ഈമാസം 31 വരെ അടച്ചിടണം.

ട്യൂഷന്‍ ക്ലാസുകളും സ്‌പെഷ്യല്‍ ക്ലാസുകളും അവധിക്കാല ക്ലാസുകളും ഒഴിവാക്കണം. അങ്കണവാടികളില്‍ പോവുന്ന കുട്ടികള്‍ക്കുള്ള ഭക്ഷണം അവരവരുടെ വീടുകളിലെത്തിക്കുമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എസ്എസ്എല്‍സി പരീക്ഷയും എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷയും മാറ്റിവയ്ക്കില്ല. ആ പരീക്ഷകള്‍ എഴുതാന്‍ വരുന്നവരില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ അവരെ പ്രത്യേക മുറിയില്‍ പരീക്ഷ എഴുതിക്കും. പരീക്ഷ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരുതരം പഠനപ്രവര്‍ത്തനവും മാര്‍ച്ച് 31 വരെ ഉണ്ടാവരുത്.

എല്ലാതരം ഉല്‍സവങ്ങളും പള്ളിപ്പെരുന്നാളുകളും അതുപോലുള്ള മറ്റ് പരിപാടികളും ഒഴിവാക്കുകയും അവ ചടങ്ങുകള്‍ മാത്രമായി നടത്തുകയും ചെയ്യണം. ജനങ്ങളെ കൂട്ടത്തോടെ പങ്കെടുപ്പിക്കുന്ന പരിപാടികള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കും. ശബരിമലയില്‍ പൂജകള്‍ നടക്കും. എന്നാല്‍ ഈ ഘട്ടത്തില്‍ ദര്‍ശനത്തിന് പോവുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. വിവാഹങ്ങള്‍ വളരെ ചുരുങ്ങിയ രീതിയില്‍ മാത്രം നടത്തണമെന്ന് മുഖ്യമന്ത്രി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. തിയറ്ററുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടണം.

നാടകം പോലെ ആളുകള്‍ അധികമായി ഒത്തുചേരുന്ന കലാസംസ്‌കാരിക പരിപാടികളും മാറ്റിവയ്ക്കണം. നിരീക്ഷണത്തിലുള്ള കുടുംബങ്ങളില്‍ അര്‍ഹരായവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ സംവിധാനമുണ്ടാക്കും. സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ പൊതുപരിപാടികളും മാറ്റിവയ്ക്കും. മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികളും ഇതില്‍പെടും. സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ ഓഫിസുകളിലും രോഗബാധ നിയന്ത്രിക്കാനുള്ള മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തും. എല്ലായിടത്തും സാനിറ്റൈസര്‍ ലഭ്യമാക്കും. ഇന്നത്തെ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഇന്റര്‍നെറ്റ് ശൃംഖല ശക്തിപ്പെടുത്താനും മുടക്കമില്ലാതെ ഇന്റര്‍നെറ്റ് കിട്ടാനും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it