Kerala

ആറുപേര്‍ക്കുകൂടി കൊറോണ; സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 12 ആയി

ഇവരില്‍ നാലുപേര്‍ ഇറ്റലിയില്‍ നിന്നെത്തിയവരും എട്ടുപേര്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്.

ആറുപേര്‍ക്കുകൂടി കൊറോണ; സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 12 ആയി
X

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആറുപേരില്‍കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചച്ചു. ഇതോടെ നിലവിലെ രോഗബാധിതരുടെ എണ്ണം 12 ആയതായി മുഖ്യമന്ത്രി അറിയിച്ചു. ഇവരില്‍ നാലുപേര്‍ ഇറ്റലിയില്‍ നിന്നെത്തിയവരും എട്ടുപേര്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്. ഇറ്റലിയില്‍നിന്നും റാന്നിയിലെത്തിയ കുടുംബവുമായി ഇടപഴകിയ ആറുപേര്‍ക്കാണ് ഇപ്പോള്‍ രോഗം കണ്ടെത്തിയത്. കോട്ടയത്ത് ചികില്‍സയിലുള്ള നാലുപേരും കോഴഞ്ചേരിയില്‍ ചികില്‍സയിലുള്ള രണ്ടുപേരുമാണിവര്‍. ഇവരില്‍ രണ്ടുപേര്‍ ഇറ്റലിയില്‍നിന്നെത്തിയവരുടെ 86 ഉം 95 ഉം വയസുള്ള മാതാപിതാക്കളാണ്. രണ്ടുപേര്‍ കോട്ടയത്ത് നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ഇവരെ വിളിക്കാന്‍ പോയവരാണ്.

രണ്ടുപേര്‍ റാന്നിയിലെ കുടുംബസുഹൃത്തുക്കളാണ്. കൊറോണ ബാധിച്ച മൂന്നുപേരുടെ രോഗം പൂര്‍ണമായി മാറി. 1116 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. ഇവരില്‍ 967 പേര്‍ വീടുകളില്‍ കഴിയുകയാണ്. 149 പേര്‍ ആശുപത്രികളിലുമുണ്ട്. 807 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതില്‍ ലഭിച്ചിട്ടുള്ള 717 ഫലങ്ങള്‍ നെഗറ്റീവാണ്. ബാക്കി വരാനുണ്ട്. സംസ്ഥാനത്താകെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. എന്നാല്‍, കോവിഡ് 19 വ്യാപനം നിയന്ത്രിക്കാന്‍ സാധാരണ തോതിലുള്ള ജാഗ്രതയും ഇടപെടലും പോര. ലോകത്ത് 102 രാജ്യങ്ങളില്‍ പടര്‍ന്നിട്ടുണ്ട്. ലോകം പൊതുജനാരോഗ്യ അടിയന്തരാവസ്ഥയ്ക്കു തുല്യമായ സ്ഥിതിയിലാണ്.

സ്ഥിതി നിയന്ത്രിച്ചുനിര്‍ത്താന്‍ സര്‍ക്കാരും ജനങ്ങളും എല്ലാ സംവിധാനങ്ങളും ഒത്തൊരുമിച്ച് രംഗത്തിറങ്ങേണ്ടതുണ്ട്. ബഹുജനസംഘടനകള്‍ മുന്നിട്ടിറങ്ങണം. രോഗവ്യാപനം തടയാനായി തിരുവനന്തപുരത്തും കോഴിക്കോടും മെഡിക്കല്‍ കോളജിലും സാമ്പിളുകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കും. ടെസ്റ്റിങ് ലാബുകളുടെ എണ്ണം വര്‍ധിപ്പിക്കാനും കുവൈറ്റും സൗദി അറേബ്യയും പ്രവേശനത്തിനായി കൊറോണ സര്‍ട്ടിഫിക്കറ്റ് നിഷ്‌കര്‍ഷിക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാനും കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ചൈന, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ രോഗബാധ ഗണ്യമായി തന്നെയുണ്ട്. അവിടങ്ങളില്‍നിന്ന് വരുന്നവര്‍ സ്വയം സന്നദ്ധരായി മുന്‍കരുതലുകള്‍ എടുക്കണം. അത്തരക്കാര്‍ വീടുകളിലോ ഹോട്ടലുകളിലോ മറ്റ് ആളുകളുമായി സമ്പര്‍ക്കമില്ലാതെ കഴിയേണ്ടതും ആരോഗ്യവകുപ്പിനെ അക്കാര്യം അറിയിക്കേണ്ടതുമാണെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കാണ് വൈറസ് ബാധ ഉണ്ടാവുന്നത് എന്നതുകൊണ്ട് രോഗലക്ഷണമുള്ളവരും രോഗം ബാധിക്കാന്‍ സാധ്യതയുള്ള ആളുകളുമായോ പ്രദേശങ്ങളുമായോ സമ്പര്‍ക്കം പുലര്‍ത്തിയവരും ജാഗ്രതയോടെ പെരുമാറണം. നേരിയ അനാസ്ഥ പോലും നാടിനെയാകെ പ്രതിസന്ധിയില്‍ പെടുത്തും എന്നതാണ് മുന്നിലുള്ള അനുഭവം. സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രമല്ല, സ്വകാര്യാശുപത്രികളുടെ സഹായവും തേടും. കൂടുതല്‍ രോഗികള്‍ വരുന്നതനുസരിച്ച് ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വിമാനത്താവളത്തിലും പുറത്തുനിന്ന് ആളുകളെത്തുന്ന മറ്റ് യാത്രാമാര്‍ഗങ്ങളിലും നിരീക്ഷണം ശക്തിപ്പെടുത്തും. എയര്‍പോര്‍ട്ടുകളിലേക്ക് ഇതിനാവശ്യമായി കൂടുതല്‍ സ്റ്റാഫിനെ നല്‍കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഡ് മെംബര്‍മാരുടെയും ആശാ വര്‍ക്കര്‍മാരുടെയും സഹായത്തോടെ കോവിഡ് 19 രോഗബാധിത പ്രദേശങ്ങളില്‍നിന്നും വന്നിട്ടുള്ളവരുണ്ടോയെന്ന് കണ്ടെത്താന്‍ നിരീക്ഷണസംവിധാനം ശക്തിപ്പെടുത്തും. ഇതിന് നഗരപ്രദേശത്ത് റസിഡന്‍സ് അസോസിസിയേഷന്റെ സഹായം ലഭ്യമാക്കും. സര്‍ക്കാരിന്റെയും ഔദ്യോഗികസംവിധാനങ്ങളുടെയും നിര്‍ദേശങ്ങളല്ലാതെ വാര്‍ത്ത പരക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it