Kerala

ആദിവാസി ഫണ്ട് തട്ടിപ്പ്: പിഎം ബഷീറിനും കൂട്ടാളികൾക്കുമെതിരേ കുറ്റപത്രം

കേസിലെ പ്രതികളായ പിഎം ബഷീറും മുഹമ്മദ് ജാക്കിറും ഇത്തവണയും ഇടതുപക്ഷ സ്ഥാനാർത്ഥികളായി മൽസരിക്കുന്നുണ്ട്.

ആദിവാസി ഫണ്ട് തട്ടിപ്പ്: പിഎം ബഷീറിനും കൂട്ടാളികൾക്കുമെതിരേ കുറ്റപത്രം
X

കോഴിക്കോട്: ആദിവാസികളുടെ ഭവന നിർമാണ ഫണ്ട് തട്ടിയെടുത്ത കേസിൽ സിപിഐ നേതാവിനും കൂട്ടാളികൾക്കുമെതിരേ കുറ്റപത്രം. സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയം​ഗം പിഎം ബഷീറിനും മറ്റു രണ്ടുപേർക്കുമെതിരേയാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.

തട്ടിപ്പിനിരയായ ആദിവാസികളുടെ പരാതിയെ തുടർന്നാണ് പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസ് എടുത്തത്. അട്ടപ്പാടി ഭൂതിവഴി ഊരിലെ കലാമണിയുടെ പരാതിയിൽ 2019 ജൂലൈ മാസം 31നാണ് കേസെടുത്തത്. എന്നാൽ കേസിന്റെ ​ഗൗരവ സ്വഭാവം കണക്കിലെടുത്ത് മാസങ്ങൾക്ക് ശേഷം ആഭ്യന്തരവകുപ്പ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.


ഈ അന്വേഷണത്തിൻമേലുള്ള കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ചിരിക്കുന്നത്. പട്ടികജാതി-പട്ടിക വർ​ഗ പീഡന നിരോധന നിയമം, ക്രിമിനൽ ​ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പിഎം ബഷീറിനെ കൂടാതെ എൽജെ‍ഡി നേതാവ് മുഹമ്മദ് ജാക്കിർ, അബ്ദുൾ ​ഗഫൂർ എന്നിവർ കുറ്റക്കാരെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഇവർ മൂന്നുപേരും ​ഗൂഡാലോചന നടത്തി ഏഴ് കുടുംബങ്ങളിൽ നിന്നായി 24,80,000 രൂപ കൈപ്പറ്റി യാതൊരുവിധ ​ഗുണനിലവാരവുമില്ലാതെ വീട് പണിതത് ആദിവാസികളെ ദുരിതത്തിലേക്ക് തള്ളിയിട്ടെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.


സംഭവം വിവാദമായതോടെ കരാറുകാരനായ തന്റെ സുഹൃത്ത് അബ്ദുൾ ​ഗഫൂറിനെ സഹായിക്കാൻ തന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയതാണെന്നും തൊട്ടടുത്ത ദിവസം തന്നെ ​ഗഫൂറിന് ആ പണം മുഴുവൻ നൽകിയെന്നുമാണ് ബഷീർ പറഞ്ഞത്. എന്നാൽ ബഷീറിന്റെ ബാങ്ക് അക്കൗണ്ട് രേഖകൾ ഇതിന് വിരുദ്ധമാണ്. പണം കൈമാറിയതിന് പിറ്റേദിവസം ബഷീർ ഒരു ലക്ഷം രൂപ മാത്രമാണ് പിൻവലിച്ചത്.

കേസിലെ പ്രതികളായ പിഎം ബഷീറും മുഹമ്മദ് ജാക്കിറും ഇത്തവണയും ഇടതുപക്ഷ സ്ഥാനാർത്ഥികളായി മൽസരിക്കുന്നുണ്ട്. പിഎം ബഷീര്‍ ഇത്തവണ ജനവിധി തേടുന്നത് നിലമ്പൂര്‍ മുനിസിപ്പാലിറ്റിയിലെ 8ാം വാര്‍ഡില്‍ നിന്നാണ്. ജാക്കിര്‍ അട്ടപ്പാടി ഗ്രാമപ്പ പഞ്ചായത്തിലെ 7ാം വാര്‍ഡില്‍ നിന്നാണ് ജനവിധി തേടുന്നത്. ഇതിനെതിരേ വ്യാപക പ്രതിഷേധമാണ് മുന്നണിക്കുള്ളിൽ നിന്ന് തന്നെ ഉയർന്നത്.

Next Story

RELATED STORIES

Share it