Kerala

ജില്ലാ കായികമേള-ഗെയിംസ് അഴിമതി: കാംപസ് ഫ്രണ്ട് പരാതി ശരിവെച്ച് വിദ്യാഭ്യാസ വകുപ്പ്

അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഴിമതി നടത്തിയ എല്ലാ ഉദ്യോഗസ്ഥരേയും മാതൃകാപരമായി ശിക്ഷിക്കണമെന്ന് കാംപസ് ഫ്രണ്ട് മലപ്പുറം സെന്‍ട്രല്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ കായികമേള-ഗെയിംസ് അഴിമതി: കാംപസ് ഫ്രണ്ട് പരാതി ശരിവെച്ച് വിദ്യാഭ്യാസ വകുപ്പ്
X
മലപ്പുറം: മലപ്പുറം റവന്യൂ ജില്ലാ കായികമേള ഗെയിംസ് നടത്തിപ്പിലെ ലക്ഷങ്ങളുടെ അഴിമതി അന്വേഷിച്ച് കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് നല്‍കിയ പരാതി ശരിവെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. 2014-15 വര്‍ഷത്തെ ജില്ലാ കായികമേളയിലെ അഴിമതി ചൂണ്ടിക്കാട്ടി 2018 ഫെബ്രുവരി 12ന് വാര്‍ത്താസമ്മേളനം വിളിക്കുകയും വിദ്യാഭ്യാസ മന്ത്രി, ഡിഡിഇ, ഡിപിഐ, എസ്പി, കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയര്‍ ഫിനാന്‍സ് ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ആരോപണങ്ങളില്‍ കഴമ്പുള്ളതായി കണ്ടെത്തിയിരിക്കുന്നത്.

അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഴിമതി നടത്തിയ എല്ലാ ഉദ്യോഗസ്ഥരേയും മാതൃകാപരമായി ശിക്ഷിക്കണമെന്ന് കാംപസ് ഫ്രണ്ട് മലപ്പുറം സെന്‍ട്രല്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ചും, വിദ്യാര്‍ത്ഥികളുടെ െ്രെടനിംഗ് സംബന്ധമായി നല്‍കിയ ബത്ത വ്യാജ ഒപ്പുകളിട്ട് കൈപറ്റിയും, പരിശീലന ദിവസങ്ങളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചും, നടക്കാത്ത കോച്ചിംഗ് ക്യാംപുകളുടെ പേരില്‍ പണം തട്ടിയും, ഒഫീഷ്യല്‍സിന് പണം നല്‍കിയ അക്വിറ്റന്‍സ് ഫോമില്‍ ഒരേ പേരില്‍ വ്യത്യസ്ഥ ഒപ്പുകളിട്ട് പണം തട്ടിയും, ബില്ലുകളില്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ പത്തിരട്ടി പെരുപ്പിച്ച് കാണിച്ചും, വാഹനങ്ങള്‍ ഉപയോഗിച്ചു എന്ന വ്യാജ രേഖയുണ്ടാക്കിയും, പങ്കെടുക്കാത്ത ഒഫീഷ്യല്‍സിന്റെ എണ്ണം പെരുപ്പിച്ച് കാണിച്ചും ലക്ഷങ്ങളുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കണ്ടെത്തലുകള്‍ക്ക് ശേഷം ഇതുവരെ കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നതും കായികമേള നടത്തിപ്പുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങള്‍ ഇന്നും നിര്‍വഹിക്കുന്നു എന്നതും വിഷയം ഗൗരവമേറിയതാക്കുന്നു.

മേളകള്‍ക്ക് വേണ്ടി വിദ്യാര്‍ഥികളില്‍ നിന്നുള്ള നിര്‍ബന്ധിത പിരിവ് നിര്‍ത്തലാക്കുക, സന്നദ്ധ സംഘടനകളില്‍ നിന്നും വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും സംഭാവന പിരിക്കുന്നത് നിര്‍ത്തലാക്കി മുഴുവന്‍ ചിലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കുക, സംസ്ഥാനത്തും ജില്ലകളിലുമായി ഇതുവരെ നടന്ന എല്ലാ കായികമേള കലോത്സവ ശാസ്ത്രമേളകളുടെയും സാമ്പത്തിക ഇടപാടുകള്‍ പുനര്‍പരിശോധിക്കുക, കായികമേള കലോത്സവ ശാസ്ത്രമേളകളുടെ സിഎ ഓഡിറ്റ് റിപ്പോര്‍ട്ട് പൊതുജന സമക്ഷം സമര്‍പ്പിക്കുക തുടങ്ങിയവയാണ് മറ്റു ആവശ്യങ്ങള്‍.

കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അര്‍ഷഖ് ഷര്‍ബാസ്, മുന്‍ ജില്ലാ പ്രസിഡന്റ് അര്‍ഷഖ് വാഴക്കാട്, ജില്ലാ സെക്രട്ടറി തമീം ബിന്‍ ബക്കര്‍, ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് അലി പറപ്പൂര്‍, ജില്ലാ ഖജാഞ്ചി അക്ബര്‍ അലി സംസാരിച്ചു.

Next Story

RELATED STORIES

Share it