Kerala

കിഫ്ബിയിൽ സിഎജി ഓഡിറ്റിങില്ല; പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ പിരിഞ്ഞു

പ്രതിപക്ഷത്തിന്റെ അവകാശത്തെ സ്പീക്കർ ഹനിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കിഫ്ബി വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുന്ന സ്പീക്കറുടെ നടപടിയെ നിയമപരമായി നേരിടും. സ്പീക്കറുടേത് ജനാധിപത്യവിരുദ്ധ നിലപാടാണെന്നും ചെന്നിത്തല പറഞ്ഞു.

കിഫ്ബിയിൽ സിഎജി ഓഡിറ്റിങില്ല; പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ പിരിഞ്ഞു
X

തിരുവനന്തപുരം: കിഫ്ബിയിൽ സിഎജി ഓഡിറ്റിങ് നിഷേധിക്കുന്നതിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതോടെ നിയമസഭയിൽ പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് സഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിഷേധം ശക്തമായതോടെ നടപടിക്രമങ്ങൾ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. സ്പീക്കർ ജനാധിപത്യ അവകാശങ്ങളെ നിരാകരിക്കുകയാണെന്ന് പ്രതിപക്ഷം പറഞ്ഞു. കിഫ്ബിയുടെ അഴിമതിയും ധൂർത്തും പുറത്താവുമെന്ന ഭയത്താലാണ് ഓഡിറ്റ് നടത്താത്തതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ വി ഡി സതീശൻ പറഞ്ഞു.

അതേസമയം, കിഫ്ബി ഓഡിറ്റില്‍ നിലപാട് ആവര്‍ത്തിച്ച് ധനമന്ത്രി തോമസ് ഐസക് മറുപടി നൽകി. കിഫ്ബി സിഎജി ഓഡിറ്റിന് വിധേയമാണ്. സെക്ഷൻ 14(1) പ്രകാരമുള്ള ഓഡിറ്റിന് നിയന്ത്രണമില്ല. കിയാൽ സർക്കാർ കമ്പനിയല്ലെന്നും ധനമന്ത്രി നിയമസഭയില്‍ പറ‌ഞ്ഞു. കിഫ്ബി കേരളത്തിന്റെ സാമ്പത്തിക ഉത്തേജക പാക്കേജാണ്. അതിനെതിരെ ആവര്‍ത്തിച്ച് ആക്ഷേപമുന്നയിക്കുന്നത് പുകമറ സൃഷ്ടിക്കാനാണെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.

അഴിമതിയും സ്വജനപക്ഷപാതവും പുറത്തുവരാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 20(2) അനുസരിച്ചുള്ള ഓഡിറ്റ് വേണം. വിഡ്ഡികളായത് കൊണ്ടാണോ സിഎജി മൂന്ന് തവണ കത്തയച്ചതെന്നും ചെന്നിത്തല ചോദിച്ചു. സര്‍ക്കാര്‍ സിഎജിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട് എന്നായിരുന്നു ഇതിനുള്ള ധനമന്ത്രിയുടെ മറുപടി. പ്രതിപക്ഷത്തിന്റെ അവകാശത്തെ സ്പീക്കർ ഹനിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കിഫ്ബി വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുന്ന സ്പീക്കറുടെ നടപടിയെ നിയമപരമായി നേരിടും. സ്പീക്കറുടേത് ജനാധിപത്യവിരുദ്ധ നിലപാടാണെന്നും ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it