India

കശ്മീരികള്‍ക്കു നേരെ ആക്രമണം; പ്രതിഷേധിച്ച ഷെഹ്‌ല റാഷിദിനെതിരേ കേസ്

കശ്മീരികള്‍ക്കു നേരെ ആക്രമണം; പ്രതിഷേധിച്ച ഷെഹ്‌ല റാഷിദിനെതിരേ കേസ്
X

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരികള്‍ക്കെതിരേ ആക്രമണം വ്യാപകമാവുന്നതിനെതിരേ പ്രതിഷേധിച്ച ജെഎന്‍യു ഗവേഷക വിദ്യാര്‍ഥിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഷെഹ്‌ല റാഷിദിനെതിരേ കേസ്. ന്യൂനപക്ഷങ്ങളില്‍ ഭീതിയുണ്ടാക്കുന്ന തരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ചാണു ഷെഹ്‌ലക്കെതിരേ ഡെറാഡൂണ്‍ പോലിസ് കേസെടുത്തത്. ഡെറാഡൂണിലെ കോളജ് ഹോസ്റ്റലില്‍ 20ഓളം കശ്മീരി വിദ്യാര്‍ഥിനികളെ ബന്ധിയാക്കിയ സംഭവത്തിലടക്കം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നാണു പോലിസ് ആരോപണം. പുല്‍വാമ ആക്രമണത്തെ തുടര്‍ന്നു രാജ്യവ്യാപകമായി കശ്മീരികള്‍ക്കെതിരേ ആക്രമണങ്ങള്‍ ശക്തിയാര്‍ജിച്ചിരുന്നു. ഈ സമയത്താണ് ഡെറാഡൂണിലെ കോളജ് ഹോസ്റ്റലില്‍ കശ്മീരി വിദ്യാര്‍ഥിനികളെ പൂട്ടിയിടുകയും അവരെ കോളജില്‍ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടു പുറത്തു സംഘപരിവാര പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തത്. ഇവിടെയെത്തിയ പോലിസ് അക്രമാസക്തരായ സംഘപരിവാര പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ തയ്യാറായില്ലെന്നു മാത്രമല്ല, വിദ്യാര്‍ഥിനികളുടെ മോചനത്തിനായും ഒന്നും ചെയ്തില്ല. ഇതടക്കമുള്ള വിഷയങ്ങളില്‍ ഷെഹ്‌ല ട്വിറ്ററിലൂടെയടക്കം വിമര്‍ശനമുന്നയിച്ചിരുന്നു. ഇതാണ് പോലിസിനെ പ്രകോപിപ്പിച്ചത്. 'ബിജെപി ഭരണത്തിനു കീഴില്‍ നീതിക്കായി ശബ്ദിച്ചാല്‍ ലഭിക്കുന്ന സമ്മാനം' എന്ന ട്വീറ്റിനൊപ്പമാണ് ഷെഹ്‌ല, എഫ്‌ഐആര്‍ കോപി ട്വിറ്ററിലിട്ടത്. തനിക്കെതിരേ കേസെടുത്ത പോലിസ്, ആള്‍ക്കൂട്ട ആക്രമണത്തിനു നേതൃത്ത്വം നല്‍കുകയും കശ്മീരികള്‍ ഡെറാഡൂണ്‍ വിടണമെന്നു മാധ്യമങ്ങളോടടക്കം പറയുകയും ചെയ്ത ബജ്‌റംഗ്ദള്‍ കണ്‍വീനര്‍ വികാസ് വെര്‍മക്കെതിരേ കേസെടുക്കാത്തതെന്താണെന്നും ഷെഹ്‌ല ചോദിച്ചു. അതേസമയം കശ്മീരി വിദ്യാര്‍ഥിനികള്‍ ബന്ധികളാക്കപ്പെട്ടിട്ടില്ലെന്നും അവരെ പുറത്താക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധം നടന്നിട്ടില്ലെന്നും സീനിയര്‍ പോലിസ് സൂപ്രണ്ട് നിവേദിത കുക്രെതി പറഞ്ഞു. ഇത്തരം കളവു പ്രചരിപ്പിച്ചു ഭീതി പടര്‍ത്തിയതിനാണു ഷെഹ്‌ലക്കെതിരേ കേസെടുത്തതെന്നും നിവേദിത കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it