India

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദിന് പിന്തുണയുമായി റെയില്‍വെ യൂനിയനുകളും

കര്‍ഷകരെ പിന്തുണച്ചുകൊണ്ട് ചൊവ്വാഴ്ച റാലികളും പ്രകടനങ്ങളും നടത്തുമെന്ന് യൂനിയനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദിന് പിന്തുണയുമായി റെയില്‍വെ യൂനിയനുകളും
X

ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി റെയില്‍വെ ജീവനക്കാരുടെ രണ്ട് യൂനിയനുകള്‍ രംഗത്ത്. ഓള്‍ ഇന്ത്യ റെയില്‍വെമെന്‍സ് ഫെഡറേഷന്‍ (എഐആര്‍എഫ്), നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റെയില്‍വെമെന്‍ (എന്‍എഫ്‌ഐആര്‍) എന്നിവ തിങ്കളാഴ്ചത്തെ കര്‍ഷകരുടെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു.

കര്‍ഷകരെ പിന്തുണച്ചുകൊണ്ട് ചൊവ്വാഴ്ച റാലികളും പ്രകടനങ്ങളും നടത്തുമെന്ന് യൂനിയനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. എഐആര്‍എഫ് ജനറല്‍ സെക്രട്ടറി ശിവഗോപാല്‍ മിശ്ര സിംഘുവിലെത്തി സമരം ചെയ്യുന്ന കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തുകയും അവര്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ന്യായമായ ആവശ്യം മുന്‍നിര്‍ത്തിയുള്ള കര്‍ഷകരുടെ പ്രക്ഷോഭത്തിന് എല്ലാ പിന്തുണയും ഡിസംബര്‍ എട്ടിന് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂനിയനിലെ അംഗങ്ങള്‍ക്ക് കത്ത് നല്‍കിയതായി മിശ്ര വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് എന്‍എഫ്‌ഐആര്‍ ജനറല്‍ സെക്രട്ടറി എം രാഘവയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചു. കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തില്‍ റെയില്‍വെ കുടുംബാംഗങ്ങള്‍ അന്നദാതാക്കള്‍ക്കൊപ്പം ആണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

13 ലക്ഷത്തോളം റെയില്‍വെ ജീവനക്കാരും 20 ലക്ഷത്തോളം വിരമിച്ച ജീവനക്കാരും രണ്ട് യൂനിയനുകളിലും അംഗങ്ങളായുണ്ട്. ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു എന്നിവയും ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട് കോണ്‍ഗ്രസും നേരത്തെ തന്നെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Next Story

RELATED STORIES

Share it