India

800 കോടിയുടെ വായ്പാ തട്ടിപ്പ് കേസ്; ആംബിയന്‍സ് ഗ്രൂപ്പ് പ്രമോട്ടര്‍ അറസ്റ്റില്‍

800 കോടിയുടെ വായ്പാ തട്ടിപ്പ് കേസ്; ആംബിയന്‍സ് ഗ്രൂപ്പ് പ്രമോട്ടര്‍ അറസ്റ്റില്‍
X

ന്യൂഡല്‍ഹി: 800 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആംബിയന്‍സ് ഗ്രൂപ്പിന്റെ പ്രൊമോട്ടര്‍ രാജ് സിങ് ഗെലോട്ടിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ (പിഎംഎല്‍എ) വിവിധ വകുപ്പുകള്‍ പ്രകാരം അറസ്റ്റുചെയ്ത ഗെലോട്ടിനെ ഡല്‍ഹിയിലെ കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഗെലോട്ടിന്റെ കമ്പനിയായ അമാന്‍ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് (എഎച്ച്പിഎല്‍), ആംബിയന്‍സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികളുടെ ഡയറക്ടര്‍ ദയാനന്ദ് സിങ്, മോഹന്‍ സിങ് ഗെലോട്ട്, അവരുടെ കൂട്ടാളികള്‍ എന്നിവരുടെ മറ്റ് ചില സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു. ഡല്‍ഹിയിലെ യമുന സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് സമീപം മഹാരാജ് സൂരജ്മല്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ഫൈവ് സ്റ്റാര്‍ ലീല ആംബിയന്‍സ് കണ്‍വെന്‍ഷന്‍ ഹോട്ടല്‍ലിന്റെ നിര്‍മാണവും അനുബന്ധപ്രവര്‍ത്തനത്തിനുമായി കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ജമ്മുയിലെ അഴിമതി വിരുദ്ധ ബ്യൂറോ 2019 ല്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടികള്‍.

ഗുരുഗ്രാമിലെ ആംബിയന്‍സ് മാളിന്റെ പ്രൊമോട്ടര്‍ കൂടിയായ ഗെലോട്ടിനും എച്ച്പിഎല്ലിനും അതിന്റെ ഡയറക്ടര്‍മാര്‍ക്കുമെതിരേയാണ് ഇഡി കേസെടുത്തിരുന്നത്. ഹോട്ടല്‍ പ്രോജക്ടിനായി ബാങ്കുകളുടെ ഒരു കണ്‍സോര്‍ഷ്യം അനുവദിച്ച 800 കോടിയിലധികം രൂപയുടെ വായ്പാ തുകയുടെ വലിയൊരു ഭാഗം എഎച്ച്പിഎല്‍, രാജ് സിങ് ഗെലോട്ടും അദ്ദേഹത്തിന്റെ കൂട്ടാളികളും ചേര്‍ന്ന് അവരുടെ ഉടമസ്ഥതയിലുള്ളതും നിയന്ത്രിക്കുന്നതുമായ ഒരുകൂട്ടം കമ്പനികളിലേക്ക് മാറ്റിയതായി ഇഡി അന്വേഷണം കണ്ടെത്തി.

ബില്ലുകള്‍ അടയ്ക്കുന്നതിന്റെ മറവില്‍ വായ്പാ പണത്തിന്റെ ഗണ്യമായ ഒരുഭാഗം നിരവധി കമ്പനികള്‍ക്കും വ്യക്തികള്‍ക്കും കൈമാറി. മെറ്റീരിയല്‍, പ്രവൃത്തികള്‍ എന്നിവയ്ക്കായി അഡ്വാന്‍സ് നല്‍കി. ആംബിയന്‍സ് ഗ്രൂപ്പിലെ ജീവനക്കാരെയും ഗെലോട്ടിന്റെ അസോസിയേറ്റുകളെയുമാണ് ഈ കമ്പനികളില്‍ ഡയറക്ടര്‍മാരും പ്രൊപ്പറൈറ്റര്‍മാരുമാക്കിയത്. ഈ സ്ഥാപനങ്ങളുടെ രേഖകളില്‍ പലതിലും ഗെലോട്ടാണ് ഔദ്യോഗികമായി ഒപ്പിട്ടിരിക്കുന്നത്.

അതേസമയം, വായ്പാ തുകയുടെ പേരില്‍ ഒരു മെറ്റീരിയലും നല്‍കിയിട്ടില്ലെന്നും ഒരു പ്രവൃത്തിയും നടപ്പാക്കിയിട്ടില്ലെന്നുമാണ് വ്യക്തമായത്. മിക്കവാറും മുഴുവന്‍ തുകയും ഉടന്‍തന്നെ രാജ് സിങ്ങിന്റെയും കുടുംബത്തിന്റെയും സഹോദരന്റെ മകന്റെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലേക്ക് വകമാറ്റുകയാണ് ചെയ്തത്. ഒന്നിലധികം കമ്പനികളുടെ പേരില്‍ വന്‍തോതില്‍ പണം തട്ടിയെടുക്കുകയാണ് ചെയ്തതെന്നും ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.

Next Story

RELATED STORIES

Share it