India

മകനെ തേടി 30 വര്‍ഷം; കശ്മീരി വനിത ബിബിസി പട്ടികയില്‍

മകനെ തേടി 30 വര്‍ഷം; കശ്മീരി വനിത ബിബിസി പട്ടികയില്‍
X

ശ്രീനഗര്‍: 30 വര്‍ഷം മകനെ തേടി അലയുകയും ഒടുവില്‍ തന്നെപ്പോലെ മക്കളെ തേടി അലയുന്ന ആയിരങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്ത കശ്മീരി വനിതയെ തേടി ബിബിസിയുടെ അംഗീകാരം. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്ത 100 സ്ത്രീകളുടെ ബിബിസി പട്ടികയിലാണ് കശ്മീരി മനുഷ്യാവകാശ പ്രവര്‍ത്തക പര്‍വീണ അഹംഗര്‍ ഉള്‍പ്പെട്ടത്. കശ്മീരില്‍ കാണാതാകുന്നവരുടെ ബന്ധുക്കളുടെ സംഘടനയ്ക്ക് നേതൃത്വം നല്‍കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയാണ് പര്‍വീണ അഹംഗര്‍. കശ്മീരില്‍ സര്‍ക്കാര്‍ നിയന്ത്രണം മൂന്ന് മാസത്തിലേക്ക് അടുക്കുമ്പോഴാണ് അന്താരാഷ്ട്ര അംഗീകാരം പര്‍വീണ അഹംഗറിനെ തേടിയെത്തിയിരിക്കുന്നത്.

കശ്മീരില്‍ പതിറ്റാണ്ടുകളായി നടക്കുന്ന സൈനിക നടപടിക്കിടെ കാണാതായ ആളുകള്‍ക്ക് വേണ്ടി രൂപീകരിക്കപ്പെട്ട അസോസിയേഷന്‍ ഓഫ് പാരന്റ്‌സ് ഓഫ് ഡിസപ്പിയേഡ് പേഴ്‌സണ്‍സ് (എപിഡിപി) എന്ന സംഘടനയ്ക്കാണ് ഇവര്‍ നേതൃത്വം നല്‍കുന്നത്. കാണാതാകുന്നവരുടെ മാതാപിതാക്കള്‍ക്കു വേണ്ടിയുള്ള സംഘടനയാണത്. പ്രക്ഷോഭങ്ങളില്‍ കാണാതാകുന്നവര്‍ക്ക് വേണ്ടിയും കശ്മീരി ജനതയുടെ അവകാശങ്ങള്‍ക്കു വേണ്ടിയും നിരന്തരം ശബ്ദമുയര്‍ത്തിയാണ് പര്‍വീണ ശ്രദ്ധ നേടിയത്. 1990ല്‍ കാശ്മീരില്‍ ഉണ്ടായ പ്രക്ഷോഭത്തിനിടെയാണ് കൗമാരക്കാരനായ ഇവരുടെ മകനെ കാണാതൊയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്ന പേരില്‍ വീട്ടിലെത്തിയ ചിലരാണ് പര്‍വീണയുടെ മകന്‍ ജാവിദ് അഹമ്മദ് അഹംഗറിനെ കൂട്ടിക്കൊണ്ടുപോയത്. പിന്നീട് ജാവിദ് തിരിച്ചു വന്നില്ല. കാശ്മീരില്‍ നിന്നു ഇത്തരത്തില്‍ കാണാതാകുന്ന ആയിരക്കണക്കിനാളുകളില്‍ ഒരാള്‍ മാത്രമായിരുന്നു പര്‍വീണയുടെ മകന്‍.

'എന്റെ മകനെ കണ്ടെത്തുന്നതിനായി ഞാന്‍ ഇന്ത്യയിലുടനീളമുള്ള ജയിലുകളിലും, കോടതികളിലുമെല്ലാം ചുറ്റിക്കറങ്ങി. ഞാന്‍ ഒറ്റയ്ക്കായിരുന്നു, നിസ്സഹായയായിരുന്നു. പക്ഷെ പിന്നീട് ഞാന്‍ എന്നെ പോലുള്ള നൂറുകണക്കിന് ആളുകളെ കണ്ടുമുട്ടി. ഞങ്ങള്‍ ഒന്നിച്ചു നിന്നാല്‍ ഞങ്ങളുടെ ശബ്ദത്തിന് കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയും എന്ന് എനിക്കു തോന്നി'

പൊതു രംഗത്തെത്തിയതിനെ ഇങ്ങനെയാണ് പര്‍വീണ വിശദീകരിക്കുന്നത്. 1994 ലാണ് എപിഡിപി എന്ന സംഘടന ആരംഭിക്കുന്നത്. പ്രക്ഷോഭങ്ങളില്‍ കാണാതാകുന്നവരുടെ മാതാപിതാക്കള്‍ക്കും കുടുംബത്തിനും പിന്തുണ നല്‍കുക ഇത്തരത്തില്‍ കാണാതാകുന്നവരെ കുറിച്ചന്വേഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നിവയെല്ലാമാണ് ഈ സംഘടനയുടെ ലക്ഷ്യം. കശ്മീരിലെ തിരോധാനങ്ങളില്‍ ഇരയായവര്‍ക്ക് നീതി നേടിക്കൊടുക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇവര്‍ക്ക് 2017 ല്‍ മനുഷ്യാവകാശത്തിനുള്ള റാഫ്‌ടൊ പ്രൈസ് ലഭിച്ചു. 2005 ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം പര്‍വീണയ്ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. സിഎന്‍എന്‍ ന്യൂസ് 18ന്റെ അവാര്‍ഡിന് പര്‍വീണയ്ക്ക് നോമിനേഷന്‍ ലഭിച്ചെങ്കിലും കശ്മീരിലെ പ്രശ്‌നങ്ങളോടുള്ള ഇന്ത്യന്‍ മാധ്യമങ്ങളുടെ സമീപനം ശരിയല്ലെന്ന് ആരോപിച്ച് അവര്‍ അവാര്‍ഡ് സ്വീകരിച്ചില്ല. അടുത്ത വര്‍ഷം പര്‍വീണയുടെ മകനെ കാണാതായതിന്റെ 30ാം വാര്‍ഷികമാണ്. ഇപ്പോഴും മകനെ കണ്ടെത്താനാവും എന്ന വിശ്വാസത്തില്‍ തന്നെയാണ് ഈ ഉമ്മ.

Next Story

RELATED STORIES

Share it