Latest News

നെഹ്റുവിനെ രാജ്യത്തിന്റെ ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാനാണ് ബിജെപിയുടെ ശ്രമം: സോണിയ ഗാന്ധി

നെഹ്റുവിനെ രാജ്യത്തിന്റെ ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാനാണ് ബിജെപിയുടെ ശ്രമം: സോണിയ ഗാന്ധി
X

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിനെ രാജ്യത്തിന്റെ ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാനും അപകീര്‍ത്തിപ്പെടുത്താനുമാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. ജവഹര്‍ ഭവനില്‍ നടന്ന നെഹ്റു സെന്റര്‍ ഇന്ത്യയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കവെയാണ് സോണിയയുടെ പരാമര്‍ശം.

'ജവഹര്‍ലാല്‍ നെഹ്റുവിനെ അപകീര്‍ത്തിപ്പെടുത്തുക എന്നതാണ് ഇന്നത്തെ ഭരണ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം എന്നതില്‍ യാതൊരു സംശയവുമില്ല. അവരുടെ ലക്ഷ്യം അദ്ദേഹത്തെ ഇല്ലാതാക്കുക മാത്രമല്ല, നമ്മുടെ രാഷ്ട്രം സ്ഥാപിക്കപ്പെടുകയും കെട്ടിപ്പടുക്കുകയും ചെയ്ത സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക അടിത്തറകളെ യഥാര്‍ഥത്തില്‍ നശിപ്പിക്കുക എന്നതാണ്,' സോണിയ ഗാന്ധി പറഞ്ഞു.

ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമത്തിന്റെ ഭാഗമായി നെഹ്റുവിന്റെ ബഹുമുഖ പൈതൃകം തകര്‍ക്കാനും ബിജെപി ശ്രമിക്കുന്നുണ്ടെന്ന് സോണിയ ഗാന്ധി ആരോപിച്ചു. സ്വാതന്ത്ര്യസമരത്തിലോ ഭരണഘടനാ രൂപവല്‍ക്കരണത്തിലോ ഒരു പങ്കുമില്ലാത്തവരാണ് നെഹ്റുവിനെ ചെറുതാക്കാന്‍ ശ്രമിക്കുന്നത്. ഗാന്ധിജിയുടെ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം സൃഷ്ടിച്ച പ്രത്യയശാസ്ത്രം പേറുന്നവരാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നെഹ്റു ലക്ഷക്കണക്കിന് ഇന്ത്യക്കാരെ നയിക്കുന്ന പ്രകാശഗോപുരമായി തുടരുന്നുവെന്നും അദ്ദേഹത്തെപ്പോലെ ഒരു വ്യക്തിയുടെ ജീവിതത്തേയും പ്രവര്‍ത്തനങ്ങളേയും വിശകലനംചെയ്യുകയും വിമര്‍ശിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും സോണിയ ഗാന്ധി പറഞ്ഞു.

അതേസമയം, നെഹ്റുവിനോട് അത്ര ബഹുമാനമുണ്ടായിരുന്നെങ്കില്‍, കുടുംബപ്പേരില്‍ നെഹ്റു എന്ന് ചേര്‍ക്കേണ്ടിയിരുന്നുവെന്നായിരുന്നു ബിജെപി നേതാവ് ടോം വടക്കന്റെ പരിഹാസം. നെഹ്റുവിന്റെ സംഭാവനകളെ വിലകുറച്ച് കണ്ടത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നായിരുന്നു ടോം വടക്കന്റെ വാദം.

Next Story

RELATED STORIES

Share it