India

ബീഫ് വില്‍പ്പന നടത്തിയെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്നു

അടിയേറ്റ മറ്റു രണ്ടുപേര്‍ ഗുരുതര നിലയില്‍ ആശുപത്രിയിലാണ്. തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഖുന്തി ജില്ലയിലാണ് സംഭവം.

ബീഫ് വില്‍പ്പന നടത്തിയെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്നു
X

റാഞ്ചി: ജാര്‍ഖണ്ഡില്‍ വീണ്ടും ഹിന്ദുത്വ ആള്‍ക്കൂട്ടക്കൊല. ബീഫ് വില്‍പ്പന നടത്തിയെന്നാരോപിച്ച് ക്രൂരമായി ആക്രമിക്കപ്പെട്ട ആദിവാസി യുവാവ് ആശുപത്രിയില്‍ മരിച്ചു. അടിയേറ്റ മറ്റു രണ്ടുപേര്‍ ഗുരുതര നിലയില്‍ ആശുപത്രിയിലാണ്. തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഖുന്തി ജില്ലയിലാണ് സംഭവം.

ജല്‍തന്ത സുവാരി ഗ്രാമത്തിലെ പുഴയുടെ തീരത്തുള്ള മാര്‍ക്കറ്റില്‍ ബീഫ് വില്‍പ്പന നടത്തിയെന്നാരോപിച്ച് ഞായറാഴ്ച്ച രാവിലെയാണ് 15ഓളം വരുന്ന സംഘം മൂന്നു പേരെയും പിടികൂടി തല്ലിച്ചതച്ചത്. പശുവിനെ അറുത്തതായി വാട്ട്‌സാപ്പില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് സമീപ ഗ്രാമത്തില്‍ നിന്ന് എത്തിയതായിരുന്നു അക്രമികള്‍. ആള്‍ക്കൂട്ടം വരുന്നത് കണ്ട് മൂവരും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കലാന്തുസ് ബാര്‍ല എന്നയാളാണ് മരിച്ചത്. ഫാഗു കച്ചാപന്ത്, ഫിലിപ്പ് ഹാഹോരോ എന്നിവര്‍ ഗുരുതര പരിക്കുകളോടെ ചികില്‍സയിലാണ്. മൂന്നു പേരും ആദിവാസി ക്രൈസ്തവരാണ്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും മറ്റുള്ളവരെ പിടികൂടാന്‍ പരിശോധന തുടരുകയാണെന്നും ഡിഐജി വി ഹോംകര്‍ പറഞ്ഞു.

ചില ഗ്രാമവാസികള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ സ്ഥലത്തെത്തിയതെന്ന് പോലിസ് പറഞ്ഞു. പോലിസാണ് മൂന്നുപേരെയും അക്രമികളില്‍ നിന്ന് രക്ഷിച്ച് പ്രദേശത്തെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ബര്‍ല ഉള്‍പ്പെടെ രണ്ടു പേരെ റാഞ്ചി മെഡിക്കല്‍ കോളജിലേക്കു മാറ്റി. അവിടെ വച്ചാണു മരിച്ചത്. മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജാര്‍ഖണ്ഡില്‍ ഹിന്ദുത്വര്‍ നടത്തിയ രണ്ടാമത്തെ ആള്‍ക്കൂട്ടക്കൊലയാണ് ഇത്. ജൂണില്‍ തബ്‌രേസ് അന്‍സാരിയെന്ന മുസ്‌ലിം യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. മോഷണം ആരോപിച്ചായിരുന്നു അക്രമം. എട്ട് മണിക്കൂറിന് ശേഷമാണ് തബ്‌രേസ് അന്‍സാരിയെ പോലിസ് രക്ഷിച്ചുകൊണ്ടുപോയത്. തുടര്‍ന്ന് മോഷ്ടാവെന്ന നിലയില്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത തബ്‌രേസ് നാലുദിവസത്തിനു ശേഷമാണ് മരിച്ചത്.

കുറ്റപത്രത്തില്‍ നിന്ന് കൊലക്കുറ്റം ഒഴിവാക്കി പ്രതികളെ ഒഴിവാക്കാന്‍ പോലിസ് ശ്രമിച്ചെങ്കിലും വന്‍പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

Next Story

RELATED STORIES

Share it