India

ആറ് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന പ്രതി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

ആറ് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന പ്രതി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍
X

ഹൈദരാബാദ്: ആറുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിംഗരേണി കോളനി നിവാസിയായ പള്ളക്കൊണ്ട രാജു (30)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി പോലിസ് അറിയിച്ചു. തെലങ്കാന പോലിസ് മേധാവി ട്വിറ്ററില്‍ പ്രതിയുടെ മൃതശരീരത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് വാര്‍ത്ത സ്ഥിരീകരിച്ചു. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്ന പ്രതിയെ ഏറ്റുമുട്ടലിലൂടെ കൊല്ലുമെന്ന് തെലങ്കാന മന്ത്രി പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് മൃതദേഹം റെയില്‍വേ ട്രാക്കില്‍ കാണപ്പെടുന്നത്.

ചൊവ്വാഴ്ച തെലങ്കാന മന്ത്രി മല്ല റെഡ്ഡിയാണ് പ്രതിയെ 'ഏറ്റുമുട്ടലില്‍ കൊല്ലുമെന്ന്' പറഞ്ഞിരുന്നത്. 'ബലാല്‍സംഗക്കൊലക്കേസ് പ്രതിയെ ഞങ്ങള്‍ പിടികൂടും. പിടികൂടിയതിന് ശേഷം ഒരു ഏറ്റുമുട്ടലുണ്ടാവും,' എന്നായിരുന്നു റെഡ്ഡി ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. സപ്തംബര്‍ 9നാണ് ഹൈദരാബാദിലെ സിംഗാരേണി കോളനിയിലെ വീട്ടില്‍നിന്ന് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഞായറാഴ്ച കുട്ടിയെ മരിച്ച നിലയില്‍ രാജുവിന്റെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോട്ടം റിപോര്‍ട്ടില്‍ കുട്ടി ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായതായി തെളിഞ്ഞു. കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് വ്യക്തമാക്കുന്നു.

സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഹൈദരാബാദ് പോലിസ് 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ബലാല്‍സംഗക്കൊലയുടെ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രതിയെ അറസ്റ്റുചെയ്‌തെന്ന തെലങ്കാന മന്ത്രി കെ ടി രാമറാവുവിന്റെ ട്വീറ്റ് വിവാദമായിരുന്നു. പ്രതിയെ അറസ്റ്റുചെയ്തിട്ടില്ലെന്ന് തിരിച്ചറിഞ്ഞതോടെ മന്ത്രി ട്വീറ്റ് പിന്‍വലിച്ചെങ്കിലും വിവാദം അവസാനിച്ചില്ല.

പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് വലിയ തോതില്‍ പ്രതിഷേധവും സംഘര്‍ഷവും അരങ്ങേറി. വിഷയം കൈവിട്ടുപോവുമെന്ന് വ്യക്തമായതോടെ ഖേദപ്രകടനവുമായി മന്ത്രി രംഗത്തുവരികയും വിവാദ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു. 'എന്റെ ട്വീറ്റ് തിരുത്താന്‍ ആഗ്രഹിക്കുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായി എനിക്ക് തെറ്റിദ്ധാരണയുണ്ടായി. തെറ്റായ പ്രസ്താവനയില്‍ ഖേദിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നാണ് പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പോലിസ് പ്രഖ്യാപിച്ചത്.

Next Story

RELATED STORIES

Share it