Sub Lead

നിയമസഭാ തിരഞ്ഞെടുപ്പ്; അരുണാചലില്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ല; മുഖ്യമന്ത്രി ഉള്‍പ്പെടെ 10 ബി ജെ പി സ്ഥാനാര്‍ഥികള്‍ക്ക് ജയം

നിയമസഭാ തിരഞ്ഞെടുപ്പ്; അരുണാചലില്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ല; മുഖ്യമന്ത്രി ഉള്‍പ്പെടെ 10 ബി ജെ പി സ്ഥാനാര്‍ഥികള്‍ക്ക് ജയം
X

ഇറ്റാനഗര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരുണാചലില്‍ മുഖ്യമന്ത്രി പെമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗനാ മേനും ഉള്‍പ്പെടെ 10 ബി ജെ പി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി അവസാനിച്ചതിനാല്‍ ഖണ്ഡുവും മറ്റ് ഒമ്പത് സ്ഥാനാര്‍ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പവന്‍ കുമാര്‍ സെയിന്‍ ആണ് അറിയിച്ചത്.

തവാങ് ജില്ലയിലെ മുക്തോ മണ്ഡലത്തില്‍ മുഖ്യമന്ത്രി പെമഖണ്ഡു മാത്രമേ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നുള്ളു എന്ന് പവന്‍ കുമാര്‍ സെയിന്‍ പറഞ്ഞു. ചൗക്കാം മണ്ഡലത്തിലാണ് ഉപമുഖ്യമന്ത്രി ചൗനാ മേന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഇവിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശനിയാഴ്ച തന്റെ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതോടെയാണ് ചൗനാ മേന്‍ വിജയിച്ചത്. ആറ് മണ്ഡലങ്ങളില്‍ ഒരോ നാമനിര്‍ദേശ പത്രിക വീതം മാത്രമാണ് ലഭിച്ചതെന്നും നാലിടങ്ങളില്‍ എതിര്‍ സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

ബുധനാഴ്ചയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 60 മണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചിരുന്നു. 34 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 60 അംഗ നിയമസഭയിലെ മറ്റ് മണ്ഡലങ്ങളിലേക്കും രണ്ട് ലോക്സഭാ സീറ്റുകളിലേക്കും ഏപ്രില്‍ 19-ന് ആണ് തിരഞ്ഞെടുപ്പ് നടക്കുക. 2019ലാണ് അരുണാചലില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബി ജെ പി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 41 സീറ്റായിരുന്നു നേടിയത്. ജെ ഡി യു ഏഴ് സീറ്റിലും എന്‍.പി.പി അഞ്ച് സീറ്റിലും കോണ്‍ഗ്രസ് നാല് സീറ്റിലും പീപ്പിള്‍ പാര്‍ട്ടി ഓഫ് അരുണാചല്‍ ഒരു സീറ്റിലും സ്വതന്ത്രര്‍ രണ്ട് സീറ്റിലുമായിരുന്നു വിജയിച്ചത്. പിന്നീട് ജെ ഡി യു ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍നിന്നുള്ള ഏഴ് എം.എല്‍.എമാര്‍ ബി ജെ പിയോടൊപ്പം ചേര്‍ന്നു.

കോണ്‍ഗ്രസ് വിട്ട് പീപ്പിള്‍സ് പാര്‍ട്ടിയിലെത്തിയ മുഖ്യമന്ത്രി ഖണ്ഡു, 2016-ല്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയിരുന്നു. പിന്നീട് പീപ്പിള്‍സ് പാര്‍ട്ടിയെ ബി ജെ പിയില്‍ ലയിപ്പിച്ചു. അടുത്തിടെ രണ്ട് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എം.എല്‍.എമാരും മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരും ബി ജെ പി ക്യാമ്പിലെത്തിയിരുന്നു.





Next Story

RELATED STORIES

Share it