Ernakulam

കൊട്ടിക്കലാശം ആവേശമാക്കി മുന്നണികള്‍; ഇനി നിശബ്ദ പ്രചരണം

യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ എറണാകുളം ടൗണ്‍ ഹാള്‍ പരിസരത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവ് പാലാരിവട്ടം ജംഗ്ഷനിലും എസ് ഡി പി ഐ സ്ഥാനാര്‍ഥി വി എം ഫൈസല്‍ കളമശ്ശേരി എച്ച് എം ടി ജംഗ്ഷനിലും എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം കലൂരിലും കൊട്ടിക്കലാശത്തില്‍ പങ്കെടത്തു.

കൊട്ടിക്കലാശം ആവേശമാക്കി മുന്നണികള്‍; ഇനി നിശബ്ദ പ്രചരണം
X

കൊച്ചി: ഒരു മാസം നീണ്ടു നിന്ന ചൂടേറിയ പരസ്യ പ്രചരണത്തിന് കൊടിയിറങ്ങി.ഇനി നിശബ്ദ പ്രചരണം.കൊട്ടിക്കലാശം ആവേശകരമാക്കിയാണ് മുന്നണികള്‍ പരസ്യ പ്രചരണത്തിന് സമാപനം കുറിച്ചത്.കാതടപ്പിക്കുന്ന അനൗണ്‍സ്മെന്റും കൊട്ടും പാട്ടും നൃത്തച്ചുവടുകളുമൊക്കെയായി സ്ത്രീകള്‍ അടക്കം പരമാധവി പ്രവര്‍ത്തകരെ അണിനിരത്തി ആവേശക്കടല്‍ തീര്‍ത്താണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മുന്നണികള്‍ പ്രചരണം അവസാനിപ്പിച്ചത്.പല സ്ഥലത്തും കൊട്ടിക്കലാശം ചെറിയതോതില്‍ സംഘര്‍ഷത്തിന് ഇടയാക്കി. പത്തടിപ്പാലത്തും, പാലാരിവട്ടത്തും സി പി എം പ്രവര്‍ത്തകര്‍ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കു നേരെ പ്രകോപനമുണ്ടാക്കാന്‍ ശ്രമം നടത്തിയെങ്കിലും പോലിസിന്റെ സമയോചിത ഇടപെടല്‍ മൂലം സംഘര്‍ഷം ഒഴിവായി.പറവൂരില്‍ സി പി എം ബിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടി. പരസ്യ പ്രചാരണത്തിന്റ അവസാന ദിവസമായ ഇന്നലെ രാവിലെ മുതല്‍ തന്നെ സ്ഥാനാര്‍ഥികള്‍ ഓട്ട പ്രദക്ഷിണത്തിലായിരുന്നു. വൈകുന്നേരം മൂന്ന് മണിയോടെ പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ സംഘടിച്ച് കൊട്ടിക്കലാശത്തിന് ഒരുക്കുങ്ങള്‍ തുടങ്ങിയിരുന്നു. സ്ഥാനാര്‍ഥികള്‍ പങ്കെടുത്ത് പാര്‍ലമെന്റ് മണ്ഡലംതല സമാപനം കൂടാതെ ഓരോ നിയമസഭ മണ്ഡലം കേന്ദ്രങ്ങളിലും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത് കൊട്ടിക്കലാശം നടന്നു.


എറണാകുളം ലോക് സഭാ മണ്ഡലത്തിലെ മുന്നണി സ്ഥാനാര്‍ഥികളുടെ കൊട്ടിക്കലാശം വിവിധ കേന്ദ്രങ്ങളിലായി നടന്നു.യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ പങ്കടുത്ത് നടന്ന കൊട്ടിക്കലാശം എറണാകുളം ടൗണ്‍ ഹാള്‍ പരിസരത്തായിരുന്നു നടന്നത്. സമാപനത്തില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശംപകരാന്‍ സ്ഥാനാര്‍ഥി ഹൈബി ഈഡനും കുടുംബസമേതം എത്തി. ഹൈബിക്ക് പിന്തുണയുമായി നടന്‍ ധര്‍മ്മജനും എത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയായി. സ്ത്രീകളും യുവാക്കളുമെമൊക്കെ നൃത്തച്ചുവടുകളുമായി കൊട്ടിക്കലാശം വലിയ ആഘോഷമാക്കി. കലൂരിലെ യുഡിഎഫ് കേന്ദ്രകമ്മിറ്റി ആഫീസ് പരിസരത്തുനിന്നാണ് കൊട്ടിക്കലാശത്തിന് മുന്നോടിയായി പ്രകടനം ആരംഭിച്ചത്. ചെണ്ടമേളവും കരകാട്ടം തുള്ളലുമൊക്കെ പ്രകടനത്തിന് കൊഴുപ്പേകി. സാന്നിധ്യം അറിയിക്കാന്‍ മുന്നണിയിലെ ഘടകകക്ഷികള്‍ മല്‍സരിച്ച് വലിയ കൊടികളുമായി പ്രകടനത്തില്‍ അണിചേര്‍ന്നു. പ്രഫ.കെ വി തോമസ് എംപി, വി ഡി സതീശന്‍ എംഎല്‍എ, മേയര്‍ സൗമിനി ജെയിന്‍, മുന്‍ മന്ത്രി കെ ബാബു, മുന്‍ എംഎല്‍എ ഡൊമിനിക് പ്രസേന്റഷന്‍, മുന്‍ മേയര്‍ ടോണി ചമ്മിണി, ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ്, ദീപ്തി മേരി വര്‍ഗീസ് എന്നിവരെ കൂടാതെ ഉത്തരേന്ത്യയില്‍ നിന്നുള്ള ഹൈബി ഈഡെന്റ പഴയ സഹ പ്രവര്‍ത്തകരായിരുന്ന വനിതകള്‍ അടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരുടെ ആവേശത്തില്‍ പങ്കു ചേരാന്‍ എത്തി.എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവിന്റെ പരസ്യ പ്രചാരണത്തിന്റെ സമാപനം പാലാരിവട്ടത്തായിരുന്നു നടന്നത്.വൈകിട്ട്് നാലു മണിയോടെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ പാലാരിവട്ടത്തേയക്ക് ഒഴുകിയെത്തി. 4.15ന് സ്ഥാനാര്‍സ്ഥി മണ്ഡലത്തിലെ റോഡ് ഷോ പൂര്‍ത്തിയാക്കി പാലാരിവട്ടം ജംഗ്ഷനിലേക്ക് തുറന്ന വാഹനത്തില്‍ കടന്നു വന്നതോടെ ആവേശം ഉച്ചസ്ഥായിയിലായി. ചെങ്കൊടികള്‍, പി. രാജീവിന്റെ കട്ടൗട്ടുകള്‍, ചെണ്ടമേളം, ബാന്റ് വാദ്യം, ധോല്‍ തുടങ്ങിയ സംഗീതോപകരണങ്ങള്‍ അന്തരീക്ഷത്തെ ആവേശം കൊണ്ട് ത്രസിപ്പിച്ചപ്പോള്‍ ആ ബാലവൃദ്ധം ജനങ്ങള്‍ താളമേളങ്ങള്‍ക്കൊത്ത് ചുവടുവച്ചു. 5.55ന് പരസ്യ പ്രചരണം അവസാനിപ്പിച്ചു. എല്‍ ഡി എഫ് മണ്ഡലം കമ്മിറ്റി ചെയര്‍മാനും കണ്‍വീനറുമായ പി രാജു, സി എം ദിനേശ് മണി തുടങ്ങി വിവിധ ഘടകകക്ഷി നേതാക്കള്‍ പരസ്യ പ്രചരണ സമാപനത്തില്‍ സംബന്ധിച്ചു. എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് ആംആദ്മി പ്രവര്‍ത്തകരും എത്തിയിരുന്നു.










എസ് ഡി പി ഐ സ്ഥാനാര്‍ഥി വി എം ഫൈസലിന്റെ കൊട്ടിക്കലാശം കളമശ്ശേരി എച്ച് എം ടി ജങ്ഷനിലായിരുന്നു.വൈകുന്നേരം മൂന്നോടെ മുപ്പത്തടം പഞ്ചായത്ത് ജംഗ്ഷനില്‍ നിന്നും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ സ്ഥാനാര്‍ഥിയുമായി ആരംഭിച്ച പ്രചരണം മെട്രോ നഗരത്തെ ആവേശഭരിതമാക്കി.ഇതിനിടയില്‍ പത്തടിപ്പാലത്തും, പാലാരിവട്ടത്തും സി പി എം പ്രവര്‍ത്തകര്‍ എസ്ഡിപി ഐ പ്രവര്‍ത്തകര്‍ക്കു നേരെ പ്രകോപനമുണ്ടാക്കാന്‍ ശ്രമം നടത്തിയെങ്കിലും പോലിസിന്റെ സമയോചിത ഇടപെടല്‍ മൂലം സംഘര്‍ഷം ഒഴിവായി. കളമശ്ശേരി, ഇടപ്പള്ളി, പാലാരിവട്ടം ദേശീയ പാതകളിലൂടെ കടന്നു പോയി അവസാനം കളമശ്ശേരി എച്ച്എംടി ജങ്ഷനില്‍ സമാപിച്ചു. 5.45 ഓടെ കൊട്ടിക്കലാശത്തിന് സമാപനം കുറിച്ച് സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും പിരിഞ്ഞ് പോയി.


എന്‍ ഡി എ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പരസ്യ പ്രചാരണം കലൂരിലായിരുന്നു നടന്നത്.രാവിലെ ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ഈസ്റ്റര്‍ ആഘോഷത്തോനു ശേഷം എറണാകുളം കച്ചേരിപ്പടിയില്‍ നിന്നാരംഭിച്ച പ്രചരണം ലോക്സഭാ മണ്ഡലത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും സന്ദര്‍ശനം നടത്തി.തോപ്പുംപടി,വൈപ്പിന്‍,കടവന്ത്ര,പാലാരിവട്ടം,കുണ്ടന്നൂര്‍,നേവല്‍ബേസ്,ഹൈക്കോടതി ജംഗ്ഷന്‍എന്നിവിടങ്ങളിലും സ്വീകരണ രാഷ്ട്രീയ വിശദീകരണ പരിപാടികള്‍ നടന്നു.ഉച്ചയ്ക്കുശേഷം പറവൂരിലെ നിശ്ചിത കേന്ദ്രങ്ങളില്‍ വോട്ടുതേടി.തുടര്‍ന്ന് കലൂരില്‍ സമാപിച്ചു.

Next Story

RELATED STORIES

Share it