Loksabha Election 2019

1,107 കോടി ആസ്തിയുള്ള സ്ഥാനാര്‍ഥിക്കു ലഭിച്ചത് 1558 വോട്ട്; കെട്ടിവച്ച കാശ് പോയി...!!

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച രണ്ടാമത്തെ ധനികന്‍ കോണ്‍ഗ്രസ് പ്രതിനിധി കോണ്ട വിശ്വേശര്‍ റെഡ്ഡിയാണ്

1,107 കോടി ആസ്തിയുള്ള സ്ഥാനാര്‍ഥിക്കു ലഭിച്ചത് 1558 വോട്ട്; കെട്ടിവച്ച കാശ് പോയി...!!
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും ധനികനായ സ്ഥാനാര്‍ഥിക്കു ലഭിച്ചത് വെറും 1558 വോട്ടുകള്‍. കെട്ടിവച്ച കാശും പോയി. ബിഹാറിലെ പാടലിപുത്ര സീറ്റില്‍ നിന്നു സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജനവിധി തേടിയ രമേശ് കുമാര്‍ ശര്‍മയ്ക്കാണ് 1558 വോട്ടുകള്‍ ലഭിച്ചത്. ആകെ വോട്ടിന്റെ 0.14 ശതമാനം വോട്ടാണിത്. 26 സ്ഥാനാര്‍ഥികള്‍ മല്‍സരിച്ച ഇവിടെ ബിജെപിയുടെ രാംകൃപാല്‍ യാദവ് അഞ്ചുലക്ഷം(47.28) വോട്ട് നേടിയാണ് വിജയിച്ചത്. രാഷ്ട്രീയ ജനതാദള്‍ സ്ഥാനാര്‍ഥിയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകളുമായ മിസാ ഭാരതിയാണ് രണ്ടാം സ്ഥാനത്ത്-4.7 ലക്ഷം(43.63 ശതമാനം). ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച രണ്ടാമത്തെ ധനികന്‍ കോണ്‍ഗ്രസ് പ്രതിനിധി കോണ്ട വിശ്വേശര്‍ റെഡ്ഡിയാണ്. ഇദ്ദേഹത്തിന്റെ സ്വത്ത് 895 കോടിയാണ്. തെലങ്കാനയിലെ ഷെവെല മണ്ഡലത്തില്‍നിന്നു ടിആര്‍എസ് സ്ഥാനാര്‍ഥി ജി രഞ്ജിത്ത് റെഡ്ഡിയോടാണ് ഇദ്ദേഹം പരാജയപ്പെട്ടത്. മൂന്നാംസ്ഥാനത്തുള്ള ധനിക സ്ഥാനാര്‍ഥി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥാണ്. ചിന്ദ്‌വാര മണ്ഡലത്തില്‍ നിന്നു കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച ഇദ്ദേഹത്തിനു 660 കോടിയാണ് ആസ്തി. ഇദ്ദേഹം 35000ത്തോളം വോട്ടിന് ജയിച്ചു. സ്വത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എച്ച് വസന്തകുമാറിന്റെ സമ്പാദ്യം 417 കോടിയാണ്. തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍നിന്ന് മൂന്നു ലക്ഷം വോട്ടിനാണു ഇദ്ദേഹം ജയിച്ചുകയറിയത്. അഞ്ചാം സ്ഥാനത്തുള്ള ധനികന്‍ കോണ്‍ഗ്രസിന്റെ ജ്യോതിരാദിത്യ സിന്ധ്യയാണ്. സത്യവാങ്മൂലത്തില്‍ ഇദ്ദേഹത്തിന്റെ സ്വത്ത് കാണിച്ചിട്ടുള്ളത് 374 കോടിയാണ്. മധ്യപ്രദേശിലെ ഗുണയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥി കൃഷ്ണപാല്‍ സിങിനോട് ഇദ്ദേഹം ഒരു ലക്ഷത്തോളം വോട്ടിനാണു മുട്ടുമടക്കിയത്.

Next Story

RELATED STORIES

Share it