Health

ഡിമെന്‍ഷ്യയെ അറിയുക, അല്‍ഷിമേഴ്‌സിനെ മനസ്സിലാക്കാം

ഡിമെന്‍ഷ്യയെ അറിയുക, അല്‍ഷിമേഴ്‌സ് അറിയുക. രോഗനിര്‍ണയം, ലക്ഷണങ്ങള്‍, കൊവിഡ് കാലം ഡിമന്‍ഷ്യ ബാധിതരെ ഏതെല്ലാം രീതിയില്‍ ബാധിച്ചു തുടങ്ങി വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഈ വര്‍ഷത്തെ അല്‍ഷിമേഴ്‌സ് ദിനാചരണം കടന്നു പോകുന്നത്

ഡിമെന്‍ഷ്യയെ അറിയുക, അല്‍ഷിമേഴ്‌സിനെ മനസ്സിലാക്കാം
X

2005 ല്‍ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ അല്‍ഷിമേഴ്‌സ് എന്ന രോഗാവസ്ഥയെ കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടാവുക. അതേ വര്‍ഷം ഹിന്ദിയില്‍ ഇറങ്ങിയ അമിതാഭ് ബച്ചന്‍ ചിത്രം ബ്ലാക്ക്, 2013 ലെ മായി തുടങ്ങി നിരവധി സിനിമകളില്‍ ഡിമന്‍ഷ്യ പ്രമേയമായിട്ടുണ്ട്. അടുത്ത കാലത്തിറങ്ങിയ ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയിലെ ഓള്‍ഡ് ഏജ് ഹോം എന്ന ഹ്രസ്വ ചിത്രത്തില്‍ വരെ. അല്‍ഷിമേഴ്‌സ് എന്തെന്ന് അറിയണമെങ്കില്‍ ഡിമന്‍ഷ്യയെ കുറിച്ചും മനസ്സിലാക്കണം. ഇത്തവണത്തെ ലോക അല്‍ഷിമേഴ്‌സ് ദിനത്തിന്റെ മുദ്രാവാക്യവും അതു തന്നെയാണ്. ഡിമെന്‍ഷ്യയെ അറിയുക, അല്‍ഷിമേഴ്‌സ് അറിയുക. രോഗനിര്‍ണയം, ലക്ഷണങ്ങള്‍, കൊവിഡ് കാലം ഡിമന്‍ഷ്യ ബാധിതരെ ഏതെല്ലാം രീതിയില്‍ ബാധിച്ചു തുടങ്ങി വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഈ വര്‍ഷത്തെ അല്‍ഷിമേഴ്‌സ് ദിനാചരണം കടന്നു പോകുന്നത്.

പ്രശസ്ത എഴുത്തുകാരന്‍ ദേവദത്ത് പടനായിക് അല്‍ഷിമേഴ്‌സിനെ വിശേഷിപ്പിച്ചത് 'ഭാവനയുടെ മരണം' എന്നാണ്. ജോലി ചെയ്യാന്‍ കഴിയാത്ത, ഒറ്റയ്ക്ക് ജീവിക്കാന്‍ സാധിക്കാത്ത, ഒരു കുഞ്ഞിനെപ്പോലെ പൂര്‍ണ്ണമായും ആശ്രയിക്കുന്ന അവസ്ഥയിലേക്ക് അവരെത്തും. ഓര്‍മ്മകള്‍, വര്‍ഷങ്ങള്‍, ഭാവിയെ കുറിച്ചുള്ള ചിന്ത, പ്രതീക്ഷകള്‍ എല്ലാം തന്നെ ഇല്ലാതെയാവും.

ഡിമെന്‍ഷ്യയുടെ ഏറ്റവും സാധാരണമായി കണ്ടുവരുന്ന രൂപമാണ് അല്‍ഷിമേഴ്‌സ്. അറുപത് മുതല്‍ എണ്‍പത് ശതമാനം വരെ ഡിമന്‍ഷ്യ കേസുകളിലും കാണിക്കുന്നത് അല്‍ഷിമേഴ്‌സിന്റേതായ മാനസിക പ്രശ്‌നങ്ങളാണ്. ഓര്‍മ്മക്കുറവ്, മറവി, വിഷാദം, നിസ്സംഗത തുടങ്ങിയ അവസ്ഥതകള്‍ പതുക്കെ പ്രകടമാകും. ഇത് ഒരു വ്യക്തിയെ സംബന്ധിച്ച് ഏറെ സങ്കീര്‍ണവും ആശങ്കപ്പെടുത്തുന്നതുമായ സ്ഥിതിവിശേഷമാണ്. ക്രമേണ വളരെ ലളിതമായ ജോലികള്‍ നിര്‍വഹിക്കുന്നത് പോലും തടസ്സപ്പെടുത്തുന്ന രീതിയില്‍ ബാധിക്കും.

ഇന്ത്യയില്‍ ജനസംഖ്യാപരമായി വാര്‍ധക്യത്തിലുള്ളവരുടെ എണ്ണം വര്‍ധിക്കുന്നതോടെ, ഡിമെന്‍ഷ്യ എന്ന രോഗാവസ്ഥയും പ്രശ്‌നമായി ഉയരാന്‍ പോവുകയാണ്. ഓരോ അഞ്ച് വര്‍ഷത്തിലും ഡിമെന്‍ഷ്യ ബാധിച്ചവരുടെ എണ്ണം ഇരട്ടിയാകുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഭാവിയില്‍ ഏറ്റവും കൂടുതല്‍ ഡിമന്‍ഷ്യ ബാധിതരുള്ള രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയേക്കും. രാജ്യത്ത് ഏകദേശം 4 ദശലക്ഷം ആളുകള്‍ക്ക് ഡിമെന്‍ഷ്യ ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് 2030 ഓടെ ഇരട്ടിയാക്കുമെന്നാണ് വിലയിരുത്തല്‍.

പ്രായത്തിനനുസരിച്ച് ഡിമെന്‍ഷ്യയുടെ വ്യാപനം ക്രമാനുഗതമായി വര്‍ധിക്കുന്നതും കാണാം. 2 ശതമാനം കേസുകളില്‍ മാത്രമാണ് 65 വയസ്സിന് മുമ്പ് തന്നെ ഡിമന്‍ഷ്യ കണ്ടെത്തിയിട്ടുള്ളത്. മാത്രമല്ല പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് രോഗാവസ്ഥ കൂടുതലായി കാണപ്പെടുന്നതും.

1906 ല്‍ അലോയിസ് അല്‍ഷിമര്‍ എന്ന ഡോക്ടറാണ് രോഗാവസ്ഥയെ കുറിച്ച് ആദ്യമായി കണ്ടെത്തുന്നത്. ചില അസാധാരണ മാനസിക വെല്ലുവിളികള്‍ മൂലം മരണപ്പെട്ട സ്ത്രീയുടെ മസ്തിഷ്‌ക കോശങ്ങളിലെ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട അദ്ദേഹം, അതിനെ കുറിച്ച് പഠിക്കുകയായിരുന്നു. ഓര്‍മക്കുറവ്, ഭാഷാ പ്രശ്‌നങ്ങള്‍, പ്രവചനാതീതമായ പെരുമാറ്റം തുടങ്ങിയവയായിരുന്നു ആ രോഗിയിലുണ്ടായിരുന്ന ലക്ഷണങ്ങള്‍. അവരുടെ മസ്തിഷ്‌കം പരിശോധിച്ചപ്പോള്‍, അമിലോയിഡ് പ്ലാക്ക്‌സ് എന്ന് വിളിക്കപ്പെടുന്ന അസാധാരണമായ പല കൂട്ടങ്ങളും, ന്യൂറോഫിബ്രില്ലറി ടാംഗിള്‍സ് എന്ന് വിളിക്കപ്പെടുന്ന നാരുകളുടെ കെട്ടുകളും കണ്ടെത്തി. ഇവ തലച്ചോറിലെ നാഡീകോശങ്ങള്‍ തമ്മിലുള്ള ബന്ധം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നതായും മനസ്സിലാക്കി. അലോയിസ് അല്‍ഷിമറിന്റെ പേരിലാണ് അല്‍ഷിമേഴ്‌സ് രോഗം അറിയപ്പെടുന്നതും.

പ്രശസ്തരായ പലരിലും അല്‍ഷിമേഴ്‌സ് രോഗം കണ്ടെത്തിയിട്ടുണ്ട്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍, ഹോളിവുഡ് അഭിനേതാക്കളായ ചാള്‍സ് ബ്രോണ്‍സണ്‍, ചാള്‍ട്ടണ്‍ ഹെസ്റ്റണ്‍, പീറ്റര്‍ ഫോക്ക്, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഹരോള്‍ഡ് വില്‍സണ്‍ തുടങ്ങിയവര്‍ അതില്‍ ഉള്‍പ്പെടുന്നു.

ഭൂരിഭാഗം ഡിമന്‍ഷ്യ ബാധിതരിലും അറുപതുകളുടെ മധ്യത്തിലാണ് രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത്. ചിലരില്‍ ഒരു ലക്ഷണമാണെങ്കില്‍ മറ്റു പലരിലും ഒന്നോ അതിലധികമോ രോഗലക്ഷണങ്ങള്‍ പ്രകടമായേക്കാം. ഓര്‍മ്മക്കുറവ് തന്നെ മിക്കവാറും ആളുകളിലും ആദ്യമായി കാണുന്ന സൂചന. പ്രത്യേകിച്ച് അടുത്തിടെ നടന്ന സംഭവങ്ങള്‍ ഓര്‍ത്ത് എടുക്കുന്നതിലുള്ള ബുദ്ധിമുട്ട്. ചിലപ്പോള്‍ എല്ലാ മാസവും മുടങ്ങാതെ അടയ്ക്കാറുള്ള ബില്ലുകള്‍ അടയ്ക്കാന്‍ മറന്നേക്കാം. വീട്ടിലോ തൊഴിലിടത്തിലോ ചെയ്തിരുന്ന പരിചിതമായ ജോലികള്‍ പൂ!ര്‍ത്തിയാക്കാനാകാതെ കഷ്ടപ്പെട്ടേക്കാം. സ്ഥിരം വാഹനവുമായി സഞ്ചരിച്ചിരുന്ന വഴികള്‍ മറന്നു പോകാം. പ്രധാനപ്പെട്ട തീയതികളും വിശേഷ കാര്യങ്ങളും വിട്ടുപോകും. ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും അവ!ര്‍ നമ്മോട് ചോദിച്ചേക്കാം. മാനസികാവസ്ഥയിലും, വ്യക്തിത്വത്തിലും മാറ്റങ്ങള്‍ ഉണ്ടായേക്കാം. അത്തരത്തില്‍ പലതരം പ്രതിസന്ധികളിലൂടെയായിരിക്കും രോഗാവസ്ഥയുടെ ആദ്യ ഘട്ടങ്ങളില്‍ അവര്‍ കടന്നുപോവുക.

നിലവില്‍ അല്‍ഷിമേഴ്‌സ് ഭേദമാകാനുള്ള ചികിത്സ ലഭ്യമല്ല. എന്നാല്‍ നേരത്തേ രോഗനിര്‍ണയം നടത്താനായാല്‍, രോഗലക്ഷണങ്ങളില്‍ നിന്ന് അല്‍പം ആശ്വാസം ലഭിക്കാനും പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങളെ മനസ്സിലാക്കാനും സഹായികമാവും.

അല്‍ഷിമേഴ്‌സ്, രോഗിയേയും അവരുടെ ചുറ്റുമുള്ളവരേയും എങ്ങനെയെല്ലാം ബാധിക്കുമെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.രോഗിയുടെ അനാരോഗ്യം, ശാരീരികമായ വെല്ലുവിളികള്‍, പെരുമാറ്റത്തിലെ മാറ്റങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ എല്ലാം തന്നെ ആ കുടുംബമാണ് പ്രധാനമായും അഭിമുഖരീക്കേണ്ടി വരുന്നത്. അതേ കുടുംബം തന്നെയാണ് രോഗിയുടെ പരിചരണത്തിന്റേയും പിന്തുണയുടേയും ആണിക്കല്ലായി പ്രവര്‍ത്തിക്കേണ്ടതും. കുടുംബ ബന്ധങ്ങള്‍ക്ക് ഏറെ മൂല്യം കല്‍പ്പിക്കുന്ന നമ്മുടെ രാജ്യത്ത് അത് രോഗികള്‍ക്ക് വലിയ ആശ്വാസവുമായിരിക്കും. രക്തബന്ധത്തിലുള്ളവ!ര്‍ സംരക്ഷിക്കുന്നത് പോലെയാവില്ലല്ലോ മറ്റൊരു പരിചരണവും. അതേസമയം ഇന്ന് നഗരകേന്ദ്രീകൃത ജീവിതങ്ങളില്‍ പണം നല്‍കി ഹോംനേഴ്‌സുമാരേയും മറ്റും ചുമതലപ്പെടുത്തുന്നത് വ!ര്‍ധിച്ചിരിക്കുകയാണ് എന്നതാണ് വസ്തുത.

അതുകൊണ്ട് തന്നെ സ്ഥിരമായി പരിചരിക്കുന്നവ!ര്‍ക്കും അല്‍ഷിമേഴ്‌സ് രോഗികളുമായി നിരന്തരം അടുത്തിടപഴകുന്നവര്‍ക്കും കൃത്യമായ പരിശീലനം നല്‍കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചിരിക്കുകയാണ്. ഭക്ഷണം, വ്യക്തി ശുചിത്വം, വസ്ത്രധാരണം, പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കല്‍ തുടങ്ങി സാമ്പത്തിക ക്രയവിക്രയങ്ങള്‍ വരെയുള്ള കാര്യങ്ങളില്‍ രോഗികള്‍ക്ക് മറ്റൊരാളുടെ പിന്തുണ ആവശ്യമുണ്ടാകും.എന്‍ജിഒകള്‍, ഡേ കെയര്‍ സെന്ററുകള്‍, സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍, മെമ്മറി ക്ലിനിക്കുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടത്തുന്ന റെസിഡന്‍ഷ്യല്‍ കെയര്‍ സേവനങ്ങള്‍ പരിമിതമാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എല്‍ കെ,കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ്

ആസ്റ്റര്‍ മിംസ്, കോഴിക്കോട്‌

Next Story

RELATED STORIES

Share it