Senior

കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ മരുന്നു വിതരണം ; കരുതലിന്‍ കരങ്ങളായി കൊച്ചിയിലെ മുതിര്‍ന്ന പൗരന്മാരുടെ സംഘം

ജോലിയില്‍ നിന്നും വിരമിച്ച ഒരു കൂട്ടം മുതിര്‍ന്ന പൗരന്മാര്‍ 2006 ജനുവരി 29 നാണ് ജോര്‍ജ്ജ് ജോസഫിന്റെ നേതൃത്വത്തില്‍ എറണാകുളം ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് ജീവന്‍രക്ഷാ ചാരിറ്റി ആന്‍ഡ് സര്‍വീസ് സൊസൈറ്റിക്ക് തുടക്കം കുറിക്കുന്നത്

കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ മരുന്നു വിതരണം ;  കരുതലിന്‍ കരങ്ങളായി കൊച്ചിയിലെ മുതിര്‍ന്ന പൗരന്മാരുടെ സംഘം
X

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായിരുന്ന ജോര്‍ജ്ജ് ജോസഫ് ജോലി ചെയ്തിരുന്ന കാലത്ത് തന്റെ മാസ ശമ്പളത്തില്‍ നിന്നും ഒരു നിശ്ചിത തുക നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി മരുന്നു നല്‍കുന്നതിനായി നീക്കി വെയ്ക്കുമായിരുന്നു.പിന്നീട് ജോലിയില്‍ നിന്നും വിരമിച്ചപ്പോഴും ഈ പ്രവര്‍ത്തിയില്‍ നിന്നും പിന്മാറാന്‍ ജോര്‍ജ്ജ് ജോസഫ് തയ്യാറായില്ല.തനിക്ക് കിട്ടുന്ന പെന്‍ഷന്‍ തുകയില്‍ നിന്നും ഒരു നിശ്ചിത തുക സൗജന്യ മരുന്നു വിതരണത്തിനായി നീക്കിവെച്ചു തുടങ്ങി.ക്രമേണ ജോര്‍ജ്ജ് ജോസഫിന്റെ ആശയത്തിന് പിന്തുണയുമായി സമപ്രായക്കാരുമായ ഒരു കൂട്ടം മുതിര്‍ന്ന പൗരന്മാരും ഒപ്പം ചേര്‍ന്നതോടെ കഴിഞ്ഞ 15 വര്‍ഷമായി നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്കും വൃക്ക രോഗികള്‍ക്കും കൈത്താങ്ങായി തുടരുന്ന ഒരു പ്രസ്ഥാനത്തിന്റെ ഉദയത്തിന് കാരണമായി.

ജീവന്‍ രക്ഷാ ചാരിറ്റി ആന്റ് സര്‍വ്വീസ് സൊസൈറ്റി എന്നാണ് ആ സ്ഥാപനത്തിന്റെ പേര്.ലോകത്തെയാകെ കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി പ്രതിസന്ധിയിലാക്കിയ കൊവിഡ് വ്യാപനത്തിന് നടുവിലും ജീവന്‍ രക്ഷാ ചാരിറ്റി സൊസൈറ്റി തളരാതെ കാരുണ്യത്തിന്റെയും കരുതലിന്റെയും വഴിയിലൂടെയുള്ള പ്രയാണം തുടരുകയാണ്.


കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഫ്റ്റില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായിരുന്ന ജോര്‍ജ്ജ് ജോസഫ് റിക്രിയേഷന്‍ ക്ലബ്ബിന്റെ പ്രസിഡന്റുമായിരുന്നു.ആ കാലഘട്ടം മുതലേ നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് മരുന്നുകള്‍ വാങ്ങി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ജോര്‍ജ്ജ് ജോസഫിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു.2001 ല്‍ ജോലിയില്‍ നിന്നും വിരമിച്ചു.എങ്കിലും ജോര്‍ജ്ജ് ജോസഫ് ഉദ്യമം തുടര്‍ന്നു.തനിക്ക് കിട്ടുന്ന പെന്‍ഷന്‍ തുകയില്‍ നിന്നും ഒരു നിശ്ചിത തുക സൗജന്യ മരുന്നു വിതരണത്തിനായി നീക്കിവെച്ചു.ക്രമേണ ജോര്‍ജ്ജ് ജോസഫിന്റെ ആശയത്തിന് പിന്തുണയുമായി സമപ്രായക്കാരും സുഹൃത്തുക്കളുമായ ഒരു കൂട്ടം മുതിര്‍ന്ന പൗരന്മാരും ഒപ്പം ചേര്‍ന്നു.തുടര്‍ന്ന് ഇവര്‍ ഒത്തു ചേര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് 2006 ജനുവരി 29 ന് ജീവന്‍ രക്ഷാ ചാരിറ്റി ആന്റ് സര്‍വ്വീസ് സൊസൈറ്റിക്ക് രൂപം നല്‍കി.

നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് തങ്ങളാല്‍ കഴിയും വിധം സൗജന്യമായി മരുന്നു നല്‍കി സഹായിക്കുകയെന്നതായിരുന്നു ലക്ഷ്യം.ഇതിനായി പണം കണ്ടെത്തുക വെല്ലുവിളിയായിരുന്നു.തങ്ങള്‍ക്ക് ലഭിക്കുന്ന പെന്‍ഷനില്‍ നിന്നും ഒരോരുത്തരും ഒരു നിശ്ചിത തുക മാറ്റി വെച്ച് അതുപയോഗിച്ച് നിര്‍ധനരായ രോഗികള്‍ക്ക് മരുന്നു വാങ്ങി നല്‍കാന്‍ തുടങ്ങി.ആദ്യ കാലത്ത് നൂറില്‍ താഴെ അംഗങ്ങള്‍ മാത്രമാണ് സൊസൈറ്റിയില്‍ ഉണ്ടായിരുന്നത്.കാലക്രമേണ സൊസൈറ്റിയുടെ കാരുണ്യപ്രവര്‍ത്തി തിരിച്ചറിഞ്ഞ് കൂടുതല്‍ പേര്‍ ഇതിന്റെ ഭാഗമായി മാറി.തുടക്കത്തില്‍ കാന്‍സര്‍ രോഗികള്‍ക്കുള്ള മരുന്നാണ് വാങ്ങി നല്‍കിയിരുന്നത് എന്നാല്‍ കാന്‍സറിനു പുറമേ വൃക്ക സംബന്ധമായ രോഗികളുടെ എണ്ണവും വര്‍ധിച്ചതോടെ ഇവര്‍ക്കും സഹായം നല്‍കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.ഇത്തരത്തില്‍ കഴിഞ്ഞ 15 വര്‍ഷമായി ഇവര്‍ എല്ലാ മാസവും മുടങ്ങാതെ കാന്‍സര്‍ രോഗികള്‍ക്ക് ജനറല്‍ ആശുപത്രിയിലേക്ക് സൗജന്യമായി മരുന്ന് വാങ്ങി നല്‍കുന്നു. ഒപ്പം വൃക്ക രോഗികള്‍ക്ക് സൊസൈറ്റി നേരിട്ടും ധനസഹായം നടത്തി വരുന്നു.

അവശത അനുഭവിക്കുന്നവരെ സഹായിക്കാനുള്ള ധാര്‍മികമായ ഉത്തരവാദിത്വമാണ് ജീവന്‍ രക്ഷാ ചാരിറ്റി ആന്റ് സര്‍വ്വീസ് സൊസൈറ്റിയിലെ ഓരോ അംഗത്തെയും മുന്നോട്ടു നയിക്കുന്നതെന്ന് അഡ്വ.ജോര്‍ജ്ജ് ജോസഫ് പറഞ്ഞു.2006 ജനുവരി 29 ന് ആരംഭിച്ച സൊസൈറ്റിയില്‍ ഇപ്പോള്‍ 500 അംഗങ്ങളാണുള്ളത്. ഇതില്‍ 450 പേര്‍ സജീവ അംഗങ്ങളാണ്.ഭൂരിപക്ഷം പേരും ജോലിയില്‍ നിന്നും വിരമിച്ചവരാണ്. എല്ലാവരും തന്നെ 75 മുതല്‍ 81 വരെ പ്രായമുള്ളവരാണ്.എല്ലാ മാസവും സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാന്‍സര്‍ രോഗികള്‍ക്ക് 50,000 രൂപയുടെ മരുന്നുകള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് സൗജന്യമായിവാങ്ങി വാങ്ങി നല്‍കും.ഇതു കൂടാതെ ഡയാലിസിസ് നടത്തന്ന വൃക്കരോഗിള്‍ക്കായി മാസം 70,000 രൂപയുടെ ധനസഹായവും ചെയ്യുന്നു.ഇത്തരത്തില്‍ മാസം ഒന്നേകാല്‍ ലക്ഷം രൂപയോളമാണ് വേണ്ടി വരുന്നതെന്ന് ജോര്‍ജ്ജ് ജോസഫ് പറഞ്ഞു.

നിലവില്‍ നിര്‍ധനരായ 80 ഓളം വൃക്കരോഗികള്‍ക്കാണ് നിശ്ചിത തുക വീതം സഹായമായി നല്‍കുന്നത്.കാന്‍സര്‍ രോഗികള്‍ക്കുള്ള മരുന്ന് ആശുപത്രി മുഖേനയും വൃക്ക രോഗികള്‍ക്കുള്ള ധനസഹായം സൊസൈറ്റി നേരിട്ടുമാണ് നല്‍കുന്നത്.എറണാകുളം കൂടാതെ കോട്ടയം,ആലപ്പുഴ മെഡിക്കല്‍ കോളജുകളിലും സൊസൈറ്റിയുടെ യൂനിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.ഇവരെയും സപ്പോര്‍ട്ടു ചെയ്യുന്നുണ്ടെന്ന് അഡ്വ.ജോര്‍ജ്ജ് ജോസഫ് പറഞ്ഞു. എല്ലാ മാസവും അംഗങ്ങള്‍ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തും.

കൊവിഡ് വന്നതോടെ ഇത്തരത്തിലുള്ള ഒത്തു ചേരല്‍ നിന്നുവെങ്കിലും ഓണ്‍ലൈനായി യോഗം ചേരുന്നുണ്ടെന്നും ജോര്‍ജ്ജ് ജോസഫ് പറഞ്ഞു.2006 മുതല്‍ ഇപ്പോള്‍ വരെ കൃത്യമായി കാര്യങ്ങള്‍ നടക്കുന്നുണ്ട്.രാഷ്ട്രീയത്തിനതീതമായിട്ടാണ് സൊസൈറ്റിയുടെ പ്രവര്‍ത്തനം. അതു കൊണ്ടു തന്നെ സൊസൈറ്റിയുമായി പ്രമുഖ വ്യക്തിത്വങ്ങള്‍ സഹകരിക്കുന്നുണ്ടെന്നും അഡ്വ.ജോര്‍ജ്ജ് ജോസഫ് വ്യക്തമാക്കി.ഗായകന്‍ യേശുദാസ് ഉള്‍പ്പടെ പ്രമുഖര്‍ സൊസൈറ്റിയുടെ മരുന്നുവിതരണത്തിന് എത്തിയിട്ടുണ്ടെന്നും ജോര്‍ജ്ജ് ജോസഫ് വ്യക്തമാക്കി.ജോര്‍ജ്ജ് ജോസഫ് ആണ് സൊസൈറ്റിയുടെ പസിഡന്റ്, പി എസ് അരവിന്ദാഷന്‍ ആണ് ജനറല്‍ സെക്രട്ടറി.

Next Story

RELATED STORIES

Share it