Senior

പ്രായം വെറും നമ്പര്‍ മാത്രം;88ാം വയസില്‍ 13ാം പുസ്തകത്തിന്റെ രചനയുടെ തിരക്കിലാണ് ജെര്‍ട്രൂഡ്

കഥകളെയു കവിതകളെയും ചെറുപ്പം മുതലേ ഏറെ സ്‌നേഹിച്ചിരുന്ന ജെര്‍ട്രൂഡിന് 82 വയസുവരെ കാത്തിരിക്കേണ്ടി വന്നു തന്റെ ആദ്യ പുസ്തകം 'കടലിന്റെ മക്കള്‍' എന്ന നോവല്‍ എഴുതി പ്രകാശനം ചെയ്യാന്‍.പ്രായം 88ലെത്തിയ ജെട്രൂഡ് കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് എഴുതി പൂര്‍ത്തിയാക്കിയത് ഇംഗ്ലീഷിലും മലയാളത്തിലുമായി 12 പുസ്തകങ്ങള്‍. ഇതില്‍ മൂന്നു പുസ്തകത്തിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു

പ്രായം വെറും നമ്പര്‍ മാത്രം;88ാം വയസില്‍ 13ാം പുസ്തകത്തിന്റെ രചനയുടെ തിരക്കിലാണ് ജെര്‍ട്രൂഡ്
X

കൊച്ചി: സാഹിത്യത്തിനോടും എഴുത്തിനോടും അടങ്ങാത്ത ആവേശമുണ്ടെങ്കില്‍ അതിന് പ്രായം ഒരു തടസമല്ലെന്ന് തന്റെ ജീവിതം കൊണ്ടും തെളിയിക്കുകയാണ് റിട്ട.ട്രഷറി സൂപ്രണ്ടും കാക്കനാട് മാവേലി പുരം മുതിര വിളയില്‍ പരേതനായ ജോസഫ് എ മിറാണ്ടയുടെ ഭാര്യയുമായ ജെര്‍ട്രൂഡ് ജെ മോറിസ്.കഥകളെയു കവിതകളെയും ചെറുപ്പം മുതലേ ഏറെ സ്‌നേഹിച്ചിരുന്ന ജെര്‍ട്രൂഡിന് 82 വയസുവരെ കാത്തിരിക്കേണ്ടി വന്നു തന്റെ ആദ്യ പുസ്തകം 'കടലിന്റെ മക്കള്‍' എന്ന നോവല്‍ എഴുതി പ്രകാശനം ചെയ്യാന്‍.പ്രായം 88ലെത്തിയ ജെട്രൂഡ് കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് എഴുതി പൂര്‍ത്തിയാക്കിയത് ഇംഗ്ലീഷിലും മലയാളത്തിലുമായി12 പുസ്തകങ്ങള്‍. ഇതില്‍ മൂന്നു പുസ്തകത്തിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു.

കടലിന്റെ മക്കള്‍(നോവല്‍),രാപ്പാടി മാത്രം പാടുന്നു(കഥാസമാഹാരം),കവിതാ മുകുളങ്ങള്‍(കവിതകള്‍),പുരുഷാന്തരം(നോവല്‍),സൂര്യകാന്തി(ലേഖന സമാഹാരം)ഹൃദയം ഇപ്പോഴും മിടിക്കുന്നു(നോവല്‍),മൈ ജോയ്‌സ് തോട്‌സ്(ഇംഗ്ലീഷ്),അവകാശം(നോവല്‍),യേശുവിന്റെ യാത്രയും തിരുവചനങ്ങളും(ബൈബിളിനെ അസ്പദമാക്കിയുള്ള രചന),ബന്ധോല്‍പ്പത്തിയും നീതി നിഗ്രഹവും(നോവല്‍),വാക്ക്(ലേഖനങ്ങളും കവിതകളും)ഇന്റിഗ്രിറ്റി ഓഫ് വേര്‍ഡ്‌സ് ആന്റ് ബ്ലാങ്ക് വെര്‍സസ്(ഇംഗ്ലീഷ്) എന്നിവയാണ് ജെര്‍ട്രൂഡിന്റെ രചനകള്‍.ഇതു കൂടാതെ വിവിധ മാഗസിനുകളില്‍ നിരവധി ലേഖനങ്ങളും ജെര്‍ട്രൂഡ് എഴുതിയിട്ടുണ്ട്.

കൊല്ലം നീണ്ടകരയാണ് ജെര്‍ട്രൂഡിന്റെ ജന്മസ്ഥലം.സ്‌കൂള്‍ പ്രഥമ അധ്യാപകനായിരുന്ന ജോണ്‍ പി മോറിസിന്റെയും വിക്ടോറിയയുടെയും നാലു മക്കളില്‍ മൂത്തയാളായിരുന്നു ജെര്‍ട്രൂഡ്.സ്‌കൂള്‍, കോളജ് പഠനകാലം തൊട്ട് സാഹിത്യത്തിനോട് ഇഷ്ടമുണ്ടായിരുന്നുവെന്ന് ജെര്‍ട്രൂഡ് പറഞ്ഞു.സാഹിത്യമല്‍സരങ്ങളില്‍ പങ്കെടുക്കാറുമുണ്ടായിരുന്നു.ബി എ അവസാന വര്‍ഷ പരീക്ഷ എഴുതി നില്‍ക്കുന്ന സമയത്ത് പി എസ് സി പരീക്ഷ എഴുതി എട്ടാം റാങ്കോടെ പാസായി.തുടര്‍ന്ന് പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും കിട്ടിയ ജോലി സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ജെര്‍ട്രൂഡ് പറഞ്ഞു.തിരുവനന്തപുരം ആയ്യൂര്‍വേദ കോളജില്‍ 1961 ല്‍ ജൂനിയര്‍ ക്ലാര്‍ക്കായിട്ടായിരുന്നു നിയമനം.ജോലിയില്‍ ഇരിക്കുന്ന സമയത്ത് തന്നെ ഡിപ്പാര്‍ട്ട്‌മെന്റ് മാറാന്‍ അപേക്ഷ നല്‍കിയിരുന്നു.അങ്ങനെയാണ് 1962 ല്‍ ട്രഷറിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.

1964 ല്‍ ആയിരുന്നു വിവാഹം പിന്നീട് എറണാകുളത്തേയ്ക്ക് ചേക്കറി.ഇതിനിടയില്‍ പലപ്പോഴായി പ്രമോഷനും ടെസ്റ്റുകളുമൊക്കെ എഴുതി അക്കൗണ്ടന്റും സീനിയര്‍ അക്കൗണ്ടന്റും ഹെഡ് അക്കൗണ്ടന്റും ഒടുവില്‍ സൂപ്രണ്ടുമായി.56 വയസില്‍ ജോലിയില്‍ നിന്നും വിരമിച്ചു.സാഹിത്യത്തിനോടും എഴുത്തിനോടും ഉള്ള ഇഷ്ടം മനസില്‍ ഉണ്ടായിരുന്നതിനാല്‍ ജോലിയ്‌ക്കൊപ്പം സാഹിത്യത്തിലും ശ്രദ്ദ കൊടുക്കാന്‍ ശ്രമിച്ചുവെങ്കിലും ജോലിത്തിരക്ക് ഏറിയതോടെ ആ ശ്രമം ഉപേക്ഷിച്ചെന്ന് ജെര്‍ഡ്രൂട് പറഞ്ഞു.പിന്നീട് ജോലിയില്‍ നിന്നും വിരമിച്ച വീട്ടില്‍ ഭര്‍ത്താവും കുട്ടികളുമൊത്ത് വിശ്രമ ജീവിതം നയിച്ചപ്പോഴും പലവിധ തിരക്കുകള്‍ കാരണം എഴുത്ത് നടന്നില്ല.ഇതിനിടയില്‍ 2010ല്‍ ഭര്‍ത്താവ് ജോസഫ് മരിച്ചു.ജോസഫിന്റെ മരണം ജെര്‍ട്രൂഡിനെ വല്ലാതെ തളര്‍ത്തിയിരുന്നു.ഈ സങ്കടത്തില്‍ നിന്നും മോചനം നേടാന്‍ എഴുത്തിലേക്ക് തിരിയണമെന്ന് തനിക്കൊപ്പം വിദ്യാഭ്യാസ കാലയലളവില്‍ ഒന്നിച്ചു പഠിച്ചിരുന്ന ബന്ധു കൂടിയായ ആന്റണിയുടെ ഉപദേശമാണ് തന്നെ എഴുത്തിലേക്ക് തിരിച്ചുവിട്ടതെന്ന് ജെര്‍ട്രൂഡ് പറഞ്ഞു.

മനുഷ്യന്‍ എന്ന ലേഖനമായിരുന്നു ആദ്യം എഴുതിയത്.ഇത് കൊല്ലത്ത് നിന്നുള്ള മാസികയില്‍ പ്രസിദ്ദീകരിച്ചു.ആന്റണിയാണ് ഇതിന് സഹായം ചെയ്തു തന്നത്.ഇത് വായിച്ച് പലരും അഭിനന്ദിച്ചു.പിന്നിട് പ്രഫ എം കെ സാനുവിന്റെ കൂടി പിന്തുണയുണ്ടായതോടെ എഴുത്തിലേക്ക് കൂടുതല്‍ ശ്രദ്ദ കേന്ദ്രീകരിക്കുകയായിരുന്നുവെന്ന് ജെര്‍ട്രൂഡ് പറഞ്ഞു.2016 ല്‍ തന്റെ 82ാം വയസില്‍ കടലിന്റെ മക്കള്‍ എന്ന ആദ്യ നോവല്‍ പ്രസിദ്ദീകരിച്ചു.കടലുമായും മല്‍സ്യതൊഴിലാളികളുമായും ബന്ധപ്പെട്ടതായിരുന്നു നോവല്‍.മല്‍സ്യതൊഴിലാളികളുടെ സങ്കടങ്ങളും കഷ്ടപ്പാടും നേരിട്ട് അറിഞ്ഞതിനാലാണ് തന്റെ ആദ്യ നോവലിന് ഈ വിഷയം തിരഞ്ഞെടുത്തതെന്ന് ജെര്‍ഡ്രൂട് പറഞ്ഞു.

നോവലിന് നല്ല അഭിപ്രായം കിട്ടിയതോടെയാണ് തുടര്‍ന്നും എഴുതാന്‍ തീരുമാനിച്ചത് 2022 ആയപ്പോഴേക്കും ഇംഗ്ലീഷിലും മലയാളത്തിലുമായി 12 പുസ്തകങ്ങള്‍ ജെര്‍ട്രൂഡ് എഴുതി പൂര്‍ത്തിയാക്കി.ചെമ്മനം ചാക്കോ അടക്കമുളള പ്രമുഖരാണ് പുസ്തങ്ങള്‍ക്ക് അവതാരിക എഴുതിയത്.കടലിന്റെ മക്കള്‍,ഹൃദയം ഇപ്പോഴും ഇടിക്കുന്നു,വാക്ക് എന്ന പുസ്തകങ്ങള്‍ക്ക് പുരസ്‌കാരങ്ങളും ലഭിച്ചു.പുതിയ പുസ്തകത്തിന്റെ രചനയിലാണ് ജെര്‍ട്രൂഡ്.താമസിയാതെ തന്നെ ഇത് പുറത്തിറക്കണമെന്നാണ് ആഗ്രഹമെന്ന് ജെര്‍ട്രൂഡ് പറഞ്ഞു.കൂടാതെ വിവിധ മാഗസിനുകളില്‍ ലേഖനങ്ങളും എഴുതുന്നുണ്ട്.

Next Story

RELATED STORIES

Share it