Senior

പ്രായം വെറും നമ്പര്‍ മാത്രം; 88ാം വയസിലും കായിക മേളകളില്‍ മെഡലുകള്‍ വാരിക്കൂട്ടി മാത്യു

കഴിഞ്ഞ 30 വര്‍ഷമായി കായിക രംഗത്ത് സജീവമാണ് ഈ മുന്‍ കോളജ് പ്രഫസര്‍.സ്വര്‍ണവും വെള്ളിയുമൊക്കെയായി 200 ലധികം മെഡലുകളാണ് സംസ്ഥാനത്ത് നടന്ന വിവിധ കായിക മേളകളിലെ ട്രാക്കില്‍ നിന്നും ഫീല്‍ഡില്‍ നിന്നുമായി ഇക്കാലയളവില്‍ മാത്യു വാരിയെടുത്തത്

പ്രായം വെറും നമ്പര്‍ മാത്രം; 88ാം വയസിലും കായിക മേളകളില്‍ മെഡലുകള്‍ വാരിക്കൂട്ടി മാത്യു
X

തനിക്ക് പ്രായം വെറും നമ്പര്‍ മാത്രമാണെന്നാണ് മുന്‍കോളജ് പ്രഫസറായിരുന്ന സി പി മാത്യു പറയുന്നത്.88ാം വയസിലും സംസ്ഥാന,ജില്ലാ തലങ്ങളിലെ കായിക മേളകളില്‍ പങ്കെടുത്ത് മാത്യു വാരിക്കൂട്ടുന്ന സ്വര്‍ണ്ണം,വെള്ളി മെഡലുകളാണ് ഇതിന് തെളിവായി മാത്യു ഉയര്‍ത്തിക്കാട്ടുന്നത്.കഴിഞ്ഞ 30 വര്‍ഷമായി കായിക രംഗത്ത് സജീവമാണ് ഈ മുന്‍ കോളജ് പ്രഫസര്‍.സ്വര്‍ണവും വെള്ളിയുമൊക്കെയായി 200 ലധികം മെഡലുകളാണ് സംസ്ഥാനത്ത് നടന്ന വിവിധ കായിക മേളകളിലെ ട്രാക്കില്‍ നിന്നും ഫീല്‍ഡില്‍ നിന്നുമായി ഇക്കാലയളവില്‍ മാത്യു വാരിയെടുത്തത്.ഇവയില്‍ ഭൂരി ഭാഗവും സ്വര്‍ണ്ണമെഡലുകളാണ് എന്നതാണ് മറ്റൊരു പ്രത്യേകത.ഏറ്റവും ഒടുവിലായി അടുത്തിടെ എറണാകുളം മഹാരാജാസ് കോളജ് മൈതാനത്ത് മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സ് കൊച്ചിയുടെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ നടത്തിയ മാസ്‌റ്റേഴ്‌സ് മീറ്റില്‍ 85 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തില്‍ ഡിസ്‌ക്കസ് ത്രോ,ലോംങ്ജംപ്,100 മീറ്റര്‍ ഓട്ടം എന്നിവയില്‍ പങ്കെടുത്ത് മാത്യു മൂന്നിനത്തിലും സ്വര്‍ണ്ണമെഡലും ക്യാഷ് പ്രൈസും നേടി.


തൃശൂര്‍ എല്‍തുരുത്ത് സെന്റ് അലോഷ്യസ് കോളജിലെ ബോട്ടണി പ്രഫസറായിരുന്നു. സി പി മാത്യു.ചെറുപ്പ കാലത്തും പഠന സമയത്തും സ്‌പോര്‍ട്‌സുമായി വലിയ ബന്ധമൊന്നും മാത്യുവിനില്ലായിരുന്ന.58ാം വയസില്‍ ജോലിയില്‍ നിന്നും വിരമിച്ച ശേഷമാണ് സ്‌പോര്‍ട്‌സിലേക്ക് മാത്യു തിരിഞ്ഞത്.ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷം ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനായി വ്യായാമം ചെയ്തിരുന്ന മാത്യു ക്രമേണ ഓട്ടം,ചാട്ടം അടക്കമുള്ള ഇനങ്ങളില്‍ കുടുതല്‍ ശ്രദ്ധ ചെലുത്താന്‍ തുടങ്ങുകയായിരുന്നു.ഇതിനിടയില്‍ പ്രായമായവര്‍ക്കായി നടത്തുന്ന കായിക മല്‍സരങ്ങളിലും മാത്യു പങ്കെടുക്കാന്‍ തുടങ്ങി.തുടക്കത്തില്‍ 100മീറ്റര്‍,400 മീറ്റര്‍,800 മീറ്റര്‍ ഓട്ട മല്‍സരത്തിലായിരുന്നു പങ്കെടുത്തിരുന്നത്.ഇടയ്ക്ക് ഇനങ്ങള്‍ മാറി.പിന്നീട് ഡിസ്‌ക്കസ് ത്രോ,ലോംങ് ജംപ്,100 മീറ്റര്‍ ഓട്ടം എന്നിവയിലേക്ക് തിരിഞ്ഞു.ചിലപ്പോള്‍ 100 മീറ്റര്‍ ഹര്‍ഡില്‍സും ഹാമര്‍ത്രോയും ചെയ്യും.കായിക മല്‍സരങ്ങളില്‍ ഏതെങ്കിലും മൂന്നെണ്ണത്തില്‍ മാത്രമെ പങ്കെടുക്കാന്‍ സാധിക്കുവെന്നതായിരിക്കും നിബന്ധന.ഒരോ മീറ്റിന്റെയും ആ സമയത്തെ ആരോഗ്യാവസ്ഥയും അടിസ്ഥാനത്തിലായിരിക്കും ഏതൊക്കെ ഇനങ്ങളില്‍ പങ്കെടുക്കണമെന്ന് നിശ്ചയിക്കുകയെന്ന് മാത്യു പറഞ്ഞ


ഒരു സമയത്ത് 10,000 മീറ്റര്‍ ഓട്ടത്തില്‍ വരെ പങ്കെടുത്തിരുന്നുവെങ്കിലും ക്രമേണ അതില്‍ നിന്നും പിന്മാറിയെന്നും മാത്യു പറഞ്ഞു.60ാം വയസുമുതലാണ് സംസ്ഥാന തലത്തിലുള്ള മീറ്റുകളില്‍ പങ്കെടുത്ത് തുടങ്ങിയതെന്നും മാത്യു പറഞ്ഞു.ആ മീറ്റില്‍ ദീര്‍ഘ ദൂരം ഓട്ടത്തിലടക്കം പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിരുന്നു.തുടര്‍ന്നിങ്ങോട്ട് എല്ലാ മീറ്റുകളിലും പങ്കെടുത്തിട്ടുണ്ടെന്നും മാത്യു പറഞ്ഞു. പ്രായമായവര്‍ക്കായി മലേസ്യയില്‍ നടന്ന രാജ്യാന്തര മീറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.80 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ ഡിസ്‌ക്കസ് ത്രോ,100 മീറ്റര്‍ ഓട്ടം,ഹര്‍ഡില്‍സ് എന്നിവയിലായിരുന്നു പങ്കെടുത്തത്.ഇതില്‍ മാത്യു സ്വര്‍ണ്ണം വെള്ളിമെഡലുകള്‍ നേടിയിരുന്നു.

സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ വിഭാഗത്തില്‍ ഇന്ത്യയില്‍ ആരോഗ്യകരമായി ഫിറ്റായിട്ടുള്ളവരെ കണ്ടെത്തുന്നതിനായി 2019 ആഗസ്തില്‍ സ്‌പോര്‍ട്‌സ് അതോരിറ്റി ഓഫ് ഇന്ത്യ നടത്തിയ സെലക്ഷനില്‍ പങ്കെടുത്ത മാത്യു ഇതിലേക്ക് തിരിഞ്ഞെടുക്കപ്പെട്ടിരുന്നു.ദേശിയതലത്തില്‍ ആകെ 30 പേരെയാണ് തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്നും തിരഞ്ഞെടുത്ത മൂന്നു പേരില്‍ ഒരാള്‍ മാത്യുവായിരുന്നു.ഹിറ്റ് ഇന്ത്യാ മൂവ്‌മെന്റ് പ്രോഗ്രാമിന്റെ ലോഞ്ചിംഗിനോടനുബന്ധിച്ച് മാത്യു അടക്കമുള്ളവരെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഡല്‍ഹിയിലേക്ക് ക്ഷണിച്ചു.തുടര്‍ന്ന് പ്രധാനമന്ത്രിയ്‌ക്കൊപ്പം വേദി പങ്കിടാനും ഭക്ഷണം കഴിക്കാനും ഭാഗ്യം ലഭിച്ചുവെന്നും മാത്യു പറഞ്ഞു.88ാം വയസിലും ചിട്ടയായ ജീവിത ശൈലി പിന്തുടരുന്നതിനാലാണ് ആരോഗ്യം നിലനിര്‍ത്താന്‍ കഴിയുന്നതെന്ന് മാത്യു പറഞ്ഞു.

ദിവസവും പുലര്‍ച്ചെ നാലു മണിക്ക് എഴുന്നേല്‍ക്കും.ഈ സമയത്ത് പത്രം വന്നിട്ടുണ്ടാകും. പത്രവായനയ്ക്ക് ശേഷം ദശപുഷ്പങ്ങളും തേനും ചേര്‍ത്ത ഒരു ഗ്ലാസ് കറ്റാര്‍ വാഴ ജ്യുസ് കുടിക്കും. തുടര്‍ന്ന് യോഗ ചെയ്ത ശേഷം ജോഗിംഗിനായി പോകും.ദിവസവും മുക്കാല്‍ മണിക്കൂറോളം വ്യായാമം ചെയ്യും. ചില ദിവസങ്ങളില്‍ നീന്തും,ചില ദിവസങ്ങളില്‍ ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യും.ഈ രീതിയാണ് പിന്തുടരുന്നത്.ജപ്പാനില്‍ നടക്കാനിരിക്കുന്ന രാജ്യാന്തര മീറ്റിലും അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ദേശിയ മീറ്റിലും പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് സി പി മാത്യു. ഇതിന്റെ തിയ്യതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.എങ്കിലും ഇതില്‍ പങ്കെടുക്കാനുള്ള പരിശീലനത്തിലാണ് മാത്യു.നേരിയ തോതില്‍ ഓര്‍മ്മക്കുറവുണ്ടെങ്കിലും ശാരീരികമായി മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെയില്ലെന്നും മാത്യു പറഞ്ഞു.ഭാര്യയും മക്കളും തന്റെ സ്‌പോര്‍ട്‌സിനെ ഏറെ പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്നും മാത്യു പറഞ്ഞു.സിസിലിയാണ് ഭാര്യ.നാലു നാലു മക്കളുണ്ട്.

Next Story

RELATED STORIES

Share it