Latest News

മഹല്ലിന്റെയും നാടിന്റെയും ഐക്യവും സ്‌നേഹവും വിളിച്ചോതി ഒരു ഖബറടക്കം

മഹല്ലിന്റെയും നാടിന്റെയും ഐക്യവും സ്‌നേഹവും വിളിച്ചോതി ഒരു ഖബറടക്കം
X

ഓമശ്ശേരി: കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റിവായി മരണപ്പെട്ട ഓമശ്ശേരിയിലെ എം കെ സി മുഹമ്മദിന്റെ ഖബറടക്കം ഒരു നാടിന്റെ ഇച്ഛാശക്തിയുടെയും ഐക്യത്തിന്റെ പ്രതീകമായി. സാമൂഹ്യ പ്രവര്‍ത്തകരായ ഒരു പറ്റം യുവാക്കളുടെ നേതൃത്വത്തിലുള്ള നാട്ടുകാരുടെയും മഹല്ല് ഭാരവാഹികളുടെയും പരിശ്രമഫലമായാണ് സ്വന്തം നാട്ടില്‍ തന്നെ ഖബറടക്കം നടത്താന്‍ സാധിച്ചത്.

നാട്ടിലെ വിവിധ രാഷ്ട്രീയ മത സംഘടനാ പ്രവര്‍ത്തകരുടെ ഏകീകരിച്ച പ്രവര്‍ത്തനം കൂടിയായി മാറി അത്.

കൊവിഡ് ബാധിച്ച വ്യക്തിയുടെ മൃതദേഹം മറവ് ചെയ്യുന്നത് സ്വന്തം നാട്ടുകാര്‍ തടഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ മാതൃകാ കൂട്ടായ്മയുണ്ടായത് എന്നതും ശ്രദ്ധേയം.

മയ്യിത്ത് മഹല്ലിലെ ഖബര്‍സ്ഥാനില്‍ മറവ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മഹല്ല് ഭാരവാഹികള്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി അബ്ദുറഹിമാന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മൃതദേഹം വിട്ടുകിട്ടിയത് പഞ്ചായത്ത് പ്രസിഡന്റ് സക്കീന ടീച്ചറുടെയും സി എച്ച് സെന്റര്‍ ഭാരവാഹി എം എ റസാക്ക് മാസ്റ്ററുടെയും ശ്രമഫലമായാണ്.

കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഖബര്‍ ഏര്‍പ്പെടുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനും കെ പി ബഷീറിന്റെ നേതൃത്വത്തില്‍ കര്‍മ ഓമശ്ശേരിയുടെ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ശമീര്‍, പൊതുപ്രവര്‍ത്തകര്‍ സിദ്ധിക്ക്, സി കെ ബഷീര്‍, മമ്മുട്ടി ബഷീര്‍, ശമീര്‍ പി വി എസ്, തുടങ്ങിയവരും നേതൃത്വം നല്‍കി.

മറവ് ചെയ്യുന്നതിന് ആരോഗ്യ പ്രവര്‍ത്തകരുടെ കൂടെ എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് സിദ്ധിക്ക് ഓ എം പങ്കെടുത്തു. തുടര്‍ന്ന് വിഖായ പ്രവര്‍ത്തകര്‍ പള്ളിയും പരിസരവും അണുവിമുക്തമാക്കി.

നാട്ടിലും പരിസര പ്രദേശങ്ങളിലും അത്യാഹിതങ്ങള്‍ ഉണ്ടാവുമ്പോള്‍ ജീവന്‍ പണയം വച്ചും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന കര്‍മ ഓമശ്ശേരിയുടെ പ്രവര്‍ത്തനം നേരത്തെ തന്നെ പ്രശംസ നേടിയതാണ്. കഴിഞ്ഞ വര്‍ഷം പുത്തുമലയിലും മറ്റും അവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ വലിയ പ്രശംസ നേടിയിരുന്നു. ഈ വര്‍ഷം മലയോര നദികളില്‍ പല സ്ഥലങ്ങളിലായി വെള്ളക്കെട്ടിലകപ്പെട്ടവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുവാനും ഫയര്‍ ഫോഴ്‌സും പോലിസും സഹായം തേടിയതും കര്‍മ്മയോടായിരുന്നു.

Next Story

RELATED STORIES

Share it