- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചെങ്കടലിലെ പിന്‍വാങ്ങല്‍ അമേരിക്കയുടെ സൈനിക പരാജയം

പീറ്റര്‍ റോജേഴ്‌സ്
2025ലെ വസന്തകാലത്ത്, അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനു നേരെയുള്ള ആക്രമണങ്ങള്‍ യെമനിലെ ഹൂത്തികള്‍ ശക്തമാക്കിയ പശ്ചാത്തലത്തില്‍ യുഎസും ഹൂത്തികളും തമ്മിലുള്ള സംഘര്‍ഷഭരിതമായ യുദ്ധക്കളമായി ചെങ്കടല്‍ മാറി. പ്രതിരോധം പുനസ്ഥാപിക്കുമെന്നും കപ്പല്‍ ഗതാഗതത്തിനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും പ്രതിജ്ഞയെടുത്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഹൂത്തികള്‍ക്കെതിരേ 'ഓപറേഷന്‍ റഫ് റൈഡര്‍' എന്ന പേരില്‍ വലിയ തോതിലുള്ള ഒരു സൈനിക നടപടി ആരംഭിച്ചു.
100 കോടി ഡോളറിലധികം ചെലവു വരുന്ന ഒരു നീക്കമായിരുന്നു അത്. വിമാനവാഹിനിക്കപ്പല്‍ സ്‌െ്രെടക്ക് ഗ്രൂപ്പുകള്‍, ബി2 ബോംബറുകള്‍, നൂതന മിസൈലുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഈ ആക്രമണ നടപടി ഹൂത്തികളുടെ സൈനിക ശേഷിയെ തളര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. എന്നാല്‍, സൈനിക നടപടി ആരംഭിച്ച് വെറും രണ്ടുമാസങ്ങള്‍ക്കു ശേഷം, 2025 മെയ് 6ന്, ട്രംപ് അപ്രതീക്ഷിതമായി ഹൂത്തികളുമായി ഒരു വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചു. ഇസ്രായേലിനെ മറികടന്ന് യുഎസ് നടത്തിയ ഫലപ്രദമായ മധ്യസ്ഥതയുടെ ഫലമായാണ് കരാര്‍ നിലവില്‍ വന്നത്. അതിനെ തുടര്‍ന്ന് യുഎസ്-യെമന്‍ സംഘര്‍ഷം അവസാനിക്കുകയും ചെയ്തു.
സൈനികവും തന്ത്രപരവുമായ കാര്യക്ഷമതയില്ലായ്മ
2025 മാര്‍ച്ചില്‍ യുഎസ്, സൈനിക നടപടി ആരംഭിച്ചത്, ഹൂത്തികളുടെ മിസൈല്‍ ആയുധശേഖരം, ഡ്രോണുകള്‍, സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. വന്‍തോതിലുള്ള ചെലവുകളും അത്യാധുനിക ആയുധങ്ങളും ഉണ്ടായിരുന്നിട്ടും, അതിന്റെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ അത് പരാജയപ്പെട്ടു. 'ഓപറേഷന്‍ റഫ് റൈഡര്‍' 800ലധികം സ്ഥലങ്ങള്‍ ലക്ഷ്യമിട്ടെങ്കിലും ഹൂത്തികളുടെ സൈനിക ശേഷിയില്‍ പരിമിതമായ പ്രഹരമേല്‍പ്പിക്കാന്‍ മാത്രമേ യുഎസിനു കഴിഞ്ഞുള്ളൂ. ഭൂഗര്‍ഭ സൗകര്യങ്ങളെയും ഇറാനിയന്‍ പിന്തുണയെയും ആശ്രയിച്ച്, ഹൂത്തികള്‍ ആക്രമണങ്ങളെ അതിജീവിച്ചു എന്നു മാത്രമല്ല, വാണിജ്യ, സൈനിക കപ്പലുകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യുഎസ് സമുദ്ര മേധാവിത്വത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തിയ ഒന്നായിരുന്നു ഈ സാഹചര്യം. ഹൂത്തികള്‍ കൂടുതല്‍ ധീരരായി, അമേരിക്കന്‍ യുദ്ധക്കപ്പലുകളെ പോലും ആവര്‍ത്തിച്ച് ലക്ഷ്യം വച്ചു.
യുഎസ് നടത്തിയത് 1,712 ആക്രമണങ്ങള്‍
അമേരിക്കയുടെ അമിതമായ സൈനിക കേന്ദ്രീകൃത തന്ത്രത്തില്‍നിന്നാണ് ഈ കാര്യക്ഷമതയില്ലായ്മ ഉടലെടുത്തത്. പ്രാദേശിക സംഘര്‍ഷങ്ങളിലും യെമന്റെ ആഭ്യന്തര പ്രശ്‌നങ്ങളിലും വേരൂന്നിയ ചെങ്കടല്‍ പ്രതിസന്ധി പരിഹരിക്കാന്‍ സൈനിക പ്രതികരണങ്ങള്‍ക്കു മാത്രം കഴിഞ്ഞില്ല. മുമ്പ് ഹൂത്തി വിരുദ്ധ സഖ്യത്തില്‍ സജീവമായിരുന്ന സൗദി അറേബ്യ, യുഎഇ തുടങ്ങിയ പ്രാദേശിക കക്ഷികളുമായുള്ള ഏകോപനക്കുറവും ഈ പരാജയത്തിന് കാരണമായി. ചെങ്കടല്‍ വഴിയുള്ള കപ്പല്‍ ഗതാഗത പാതകളില്‍ വാണിജ്യ വിശ്വാസം പുനസ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ട ബൈഡന്റെ വഴിയേ തന്നെയായിരുന്നു ട്രംപും സഞ്ചരിച്ചത്. ബൈഡന്റെ 'ഓപറേഷന്‍ പ്രോസ്‌പെരിറ്റി ഗാര്‍ഡിയ'ന് സമാനമായി, ട്രംപിന്റെ 'ഓപറേഷന്‍ റഫ് റൈഡറി'നും അതേ പരിമിതികള്‍ നേരിടേണ്ടിവന്നു. ആക്രമണങ്ങള്‍ ശക്തമായിരുന്നിട്ടും, ട്രംപിന്റെ സൈനിക നടപടിക്ക് ഹൂത്തികളുടെ സൈനിക ഓപറേഷനുകള്‍ പൂര്‍ണമായും നിര്‍ത്തിവയ്പിക്കാന്‍ കഴിഞ്ഞില്ല.
വെടിനിര്‍ത്തല്‍ കരാര്‍ പരാജയം
2025 മെയ് 6ന്, ഹൂത്തികള്‍ അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തുന്നതിനു പകരമായി യുഎസ് തങ്ങളുടെ ബോംബിങ് പ്രവര്‍ത്തനം നിര്‍ത്തുമെന്ന് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഒമാന്റെ മധ്യസ്ഥതയിലുള്ള ഈ കരാര്‍, സംഘര്‍ഷം ലഘൂകരിക്കാനുള്ള ഒരു നടപടിയായി അവതരിപ്പിക്കപ്പെട്ടു. പക്ഷേ, അത് അമേരിക്കയുടെ തന്ത്രപരമായ പരാജയമായി പെട്ടെന്ന് വ്യാഖ്യാനിക്കപ്പെട്ടു. ഹൂത്തികള്‍ യുഎസ് കപ്പലുകള്‍ ആക്രമിക്കുന്നത് നിര്‍ത്തിയപ്പോള്‍, അവര്‍ ഇസ്രായേലിനെതിരേ ആക്രമണം തുടര്‍ന്നു. ഇത് കരാറിന്റെ പരിമിതികളെ തുറന്നുകാട്ടുകയും അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായ ഇസ്രായേലുമായുള്ള ഏകോപനക്കുറവിന് അടിവരയിടുകയും ചെയ്തു.
ഇസ്രായേലിനെയും നെതന്യാഹുവിനെയും മറികടക്കാനുള്ള നീക്കം പ്രത്യേകിച്ചും ശ്രദ്ധേയമായിരുന്നു. ഈ പ്രഖ്യാപനത്തില്‍ ഇസ്രായേല്‍ പൂര്‍ണമായും അന്ധാളിച്ചു. തെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ ഒരേസമയം നടന്ന ഹൂത്തികളുടെ മിസൈല്‍ ആക്രമണം ഹൊദൈദ തുറമുഖത്തും സന്‍ആ വിമാനത്താവളത്തിലും ഇസ്രായേലി പ്രതികാര ആക്രമണങ്ങള്‍ക്ക് കാരണമായി. 'യെമന്‍ ചതുപ്പില്‍' നിന്ന് ട്രംപ് പുറത്തുകടന്നതിന്റെ ഉദാഹരണമായി പോര്‍ട്ട് സുഡാനും സന്‍ആ വിമാനത്താവളവും. പക്ഷേ, അത് സംഘര്‍ഷം അവസാനിപ്പിച്ചില്ലെന്നതിന് അടിവരയിടുകയും ചെയ്തു. അബ്ദുല്‍ മാലിക് അല്‍ ഹൂത്തിയുടെ നേതൃത്വത്തിലുള്ള ഹൂത്തികള്‍ കരാറിനെ ' ഒരു വലിയ അമേരിക്കന്‍ പരാജയം ' എന്ന് മുദ്രകുത്തി അതിനെ ഒരു വിജയമായി ചിത്രീകരിച്ചു. അതേസമയം, 'ദ ഇക്കണോമിസ്റ്റ്' യെമനില്‍ ഹൂത്തി നിയന്ത്രണം ശക്തിപ്പെടുത്തുന്ന ഒരു 'ഫൗസ്റ്റിയന്‍ ഉടമ്പടി' ആയി ചിത്രീകരിച്ചു.
പരാജയ കാരണങ്ങള്‍
ഹൂത്തികള്‍ക്കെതിരായ ട്രംപിന്റെ പരാജയപ്പെട്ട യുദ്ധത്തിന് നിരവധി ഘടകങ്ങള്‍ കാരണമായി. ഒന്നാമതായി, മേഖലയിലെ ഭൗമരാഷ്ട്രീയ സങ്കീര്‍ണതയെ അവഗണിച്ച് സൈനിക പരിഹാരങ്ങളെ അമിതമായി ആശ്രയിച്ചു. യുഎസ് വ്യോമാക്രമണം യൂറോപ്യന്‍, ഗള്‍ഫ് രാജ്യങ്ങളെ ' സ്വതന്ത്രമായി സഞ്ചരിക്കാന്‍ ' അനുവദിച്ചു. യുഎസിന് ആനുപാതികമല്ലാത്ത സാമ്പത്തിക, സൈനിക ഭാരം ചുമത്തി. സൈനിക നടപടിയില്‍ പങ്കെടുക്കുന്നതില്‍ പ്രകടമായ പ്രാദേശിക വിമുഖതയും ഹൂത്തികളുടെ ഉയര്‍ന്ന പ്രതിരോധശേഷിയും കൂടിച്ചേര്‍ന്ന് പ്രതിസന്ധി നീണ്ടുനിന്നു.
രണ്ടാമതായി, ട്രംപ് ഭരണകൂടത്തിനുള്ളിലെ മോശമായ രീതിയിലുള്ള ആന്തരിക ഏകോപനവും പ്രവര്‍ത്തനപരമായ കെടുകാര്യസ്ഥതയും ഒരു പ്രധാന പങ്ക് വഹിച്ചു. സിഗ്‌നല്‍ ആപ്പില്‍ സൈനിക പദ്ധതികളുടെ ആകസ്മികമായ ചോര്‍ച്ച ഏകോപനത്തിലും പ്രവര്‍ത്തന സുരക്ഷയിലും പ്രകടമായ വീഴ്ച വെളിപ്പെടുത്തി. പ്രതിരോധ സെക്രട്ടറിയായി പീറ്റ് ഹെഗ്‌സെത്തിനെപ്പോലുള്ളവരെ നിയമിച്ചതുള്‍പ്പെടെ നയതന്ത്രത്തേക്കാള്‍ സൈനിക നടപടികള്‍ക്ക് ഊന്നല്‍ നല്‍കുന്നതായി.
മൂന്നാമതായി, വാണിജ്യ, സാമ്പത്തിക ചലനാത്മകതയെ അവഗണിക്കുന്നതും പരാജയത്തിന് കാരണമായി. ചെങ്കടല്‍ ഒഴിവാക്കാനുള്ള ഷിപ്പിങ് കമ്പനികളുടെ തീരുമാനം സുരക്ഷാ ഭീഷണികള്‍ മാത്രമല്ല, ട്രംപിന്റെ വ്യാപാര നയങ്ങള്‍ മൂലമുണ്ടായ ആഗോള ഡിമാന്‍ഡ് കുറയുന്നതും കാരണമാണ്. ഇത് ചെങ്കടല്‍ വഴിയുള്ള സഞ്ചാരം പുനസ്ഥാപിക്കേണ്ടതിന്റെ അടിയന്തര സ്വഭാവത്തിന്റെ പ്രാധാന്യം കുറയ്ക്കുകയും സൈനിക പ്രവര്‍ത്തനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളെ ചുരുക്കുകയും ചെയ്തു.
യുഎസിനുണ്ടായ പ്രത്യാഘാതങ്ങള്‍
ട്രംപിന്റെ പരാജയപ്പെട്ട യുദ്ധവും വെടിനിര്‍ത്തല്‍ കരാറും യുഎസിന്റെ വിശ്വാസ്യതയ്ക്കും യെമനിലെ ഹൂത്തികളുടെ സ്ഥാനത്തിനും ആഴത്തിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. അമേരിക്കയെ സംബന്ധിച്ചിടത്തോളം, ഈ പരാജയം അതിന്റെ പ്രാദേശികവും ആഗോളവുമായ നിലയെ ദുര്‍ബലപ്പെടുത്തി. ആയിരത്തിലധികം വ്യോമാക്രമണങ്ങളെ അതിജീവിച്ചതിനു ശേഷം ഹൂത്തികള്‍ കൂടുതല്‍ ശക്തരായി ഉയര്‍ന്നുവന്നു. ഇത് യുഎസ് സൈനിക ഫലപ്രാപ്തിയില്‍ സംശയം ജനിപ്പിച്ചു. ചൈനയുമായി സാധ്യത ഉണ്ടായേക്കാവുന്ന സംഘര്‍ഷങ്ങള്‍ക്ക് അത്യന്താപേക്ഷിതമായ കൃത്യതയുള്ള യുദ്ധോപകരണങ്ങളുടെ അമിത ഉപയോഗം യുഎസ് ഇന്തോപസഫിക് കമാന്‍ഡിനുള്ളില്‍ ആശങ്കകള്‍ ഉയര്‍ത്തി.
മാത്രമല്ല, ഇസ്രായേലിനെ മറികടക്കാനുള്ള വാഷിങ്ടണിന്റെ തീരുമാനം അതിന്റെ പ്രധാന സഖ്യകക്ഷിയുമായുള്ള ബന്ധത്തില്‍ പിരിമുറുക്കത്തിനിടയാക്കുകയും ചെയ്തു. യുഎസ് ഏകോപനമില്ലാതെ യെമനില്‍ ഇസ്രായേല്‍ നടത്തിയ പ്രതികാര ആക്രമണം, പ്രാദേശിക സഖ്യത്തിനുള്ളിലെ വിള്ളലുകള്‍ വെളിപ്പെടുത്തുന്നതായിരുന്നു. ചെങ്കടല്‍ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ യൂറോപ്യന്‍ ഇടപെടലിന്റെ അഭാവം യുഎസിനെ കൂടുതല്‍ ഒറ്റപ്പെടുത്തി.
ഹൂത്തികളെ സംബന്ധിച്ചിടത്തോളം, വെടിനിര്‍ത്തല്‍ യെമനിലും മേഖലയിലുടനീളവും അവരുടെ സ്ഥാനം ശക്തിപ്പെടുത്തി. രാജ്യത്തിന്റെ വലിയ ഭാഗങ്ങളില്‍ തങ്ങളുടെ നിയന്ത്രണം ഉറപ്പിച്ചുകൊണ്ട് അവര്‍ കരാറിനെ ഒരു വിജയമായി ചിത്രീകരിച്ചു. യുഎസ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഇസ്രായേലിനെതിരായ തുടര്‍ച്ചയായ ആക്രമണങ്ങള്‍ അവരുടെ പ്രാദേശിക അഭിലാഷങ്ങളെയും മിഡില്‍ ഈസ്റ്റിനെയും ആഗോള ചലനാത്മകതയെയും പുനര്‍നിര്‍മിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കാനുള്ള അചഞ്ചലമായ ദൃഢനിശ്ചയത്തെയും വ്യക്തമാക്കുന്നു. ചെങ്കടല്‍ കപ്പല്‍ ഗതാഗതത്തെ ഭീഷണിപ്പെടുത്തി ആഗോള സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കാന്‍ ഹൂത്തികള്‍ക്ക് കഴിയുമെന്ന് ഇപ്പോള്‍ വ്യക്തമായി.
ഉപസംഹാരം
ഹൂത്തികള്‍ക്കെതിരായ ഡോണള്‍ഡ് ട്രംപിന്റെ 2025ലെ യുദ്ധം യുഎസ് വിദേശനയത്തിലെ തന്ത്രപരമായ പരാജയത്തിന്റെ ഉദാഹരണമായി നിലകൊള്ളുന്നു. പ്രതിരോധം പുനസ്ഥാപിക്കുന്നതിനും ചെങ്കടല്‍ സുരക്ഷിതമാക്കുന്നതിനുമായി ആരംഭിച്ച ചെലവേറിയ സൈനിക നടപടി, ഹൂത്തികളുടെ ശക്തിയെ ദുര്‍ബലപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു എന്ന് മാത്രമല്ല, അമേരിക്കയുടെ നയതന്ത്ര, സൈനിക പരിമിതികള്‍ വെളിപ്പെടുത്തുന്ന ഒരു വെടിനിര്‍ത്തലിലേക്കു നയിക്കുകയും ചെയ്തു. ഇസ്രായേലി ഏകോപനമില്ലാതെ അവസാനിച്ച 2025 മെയ് 6ലെ വെടിനിര്‍ത്തല്‍, ഈ പരാജയത്തിന്റെ പ്രതീകമായിരുന്നു. അത് ഇസ്രായേലിനെതിരായ ഹൂത്തി ആക്രമണങ്ങളെ തടഞ്ഞില്ല, പകരം ഹൂത്തികളുടെ പ്രാദേശിക പദവി ശക്തിപ്പെടുത്തി.
അമിതമായ സൈനിക ആശ്രയത്വം, മോശം ആന്തരിക ഏകോപനം, ഭൗമരാഷ്ട്രീയ, സാമ്പത്തിക ചലനാത്മകതയെക്കുറിച്ചുള്ള അവഗണന എന്നിവയാണ് ഈ പരാജയത്തിന്റെ വേരുകള്‍. ഇവ വിശാലമായ തന്ത്രങ്ങളുടെ അടിയന്തര ആവശ്യകതയാണ് എടുത്തുകാണിക്കുന്നത്. യുഎസിനെ സംബന്ധിച്ചിടത്തോളം, യുദ്ധം അതിന്റെ വിശ്വാസ്യതയെയും സൈനിക വിഭവങ്ങളെയും ദുര്‍ബലപ്പെടുത്തുകയാണ് ചെയ്തത്. അതേസമയം, ഹൂത്തികള്‍ കൂടുതല്‍ ശക്തരും ധൈര്യശാലികളുമായി ഉയര്‍ന്നുവന്നു. ചെങ്കടല്‍ സുരക്ഷയുടെയും യെമന്റെ സ്ഥിരതയുടെയും ഭാവി, സൈനികതയെ മറികടന്ന് നയതന്ത്രം, സഹകരണം, പ്രാദേശിക സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ എന്നിവ സ്വീകരിക്കുന്ന ഒരു ബഹുമുഖ സമീപനം രൂപപ്പെടുത്താനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു. അത്തരമൊരു പരിവര്‍ത്തനം കൂടാതെ, ചെങ്കടല്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയുടെ ഒരു ഫഌഷ് പോയിന്റായി തുടരും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















