Latest News

കുടിവെള്ള വിതരണം മുടങ്ങി: ജല അതോറിറ്റി എഞ്ചിനീയറെ ഉപരോധിച്ച് യുഡിഎഫ്

കോഴഞ്ചേരി ബ്ലോക്ക് അംഗം ജെറീ സാം, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ജോമോന്‍ പുത്തന്‍പുരയില്‍, സാറാമ്മാ ഷാജന്‍, സുനിതാ ഫിലിപ്പ് ശ്രീരാജ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് ജോണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.

കുടിവെള്ള വിതരണം മുടങ്ങി:  ജല അതോറിറ്റി എഞ്ചിനീയറെ ഉപരോധിച്ച് യുഡിഎഫ്
X

പത്തനംതിട്ട: കോഴഞ്ചേരി പഞ്ചായത്തിലെ 5, 8, 9 വാര്‍ഡുകളില്‍ ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം മാസങ്ങളോളമായി മുടങ്ങിയതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പത്തനംതിട്ട ജല അതോറിറ്റി എക്‌സിക്യുട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു. കോഴഞ്ചേരി ബ്ലോക്ക് അംഗം ജെറീ സാം, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ജോമോന്‍ പുത്തന്‍പുരയില്‍, സാറാമ്മാ ഷാജന്‍, സുനിതാ ഫിലിപ്പ് ശ്രീരാജ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് ജോണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.

കഴിഞ്ഞ ജൂണില്‍ കുടിവെള്ള പദ്ധതിയുടെ പമ്പ് സെറ്റ് തകരാറിലായതോടെ ഈ പ്രദേശങ്ങളിലെ കുടിവെള്ള വിതരണം തടസ്സപ്പെട്ടിരുന്നു. ജൂലൈ മാസത്തില്‍ പമ്പ് തകരാര്‍ പരിഹരിച്ചെങ്കിലും കോഴഞ്ചേരി നാരങ്ങാനം മണ്ണാറക്കുളഞ്ഞി റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി എസ്‌കവേറ്റര്‍ ഉപയോഗിച്ചുള്ള കാന എടുപ്പിനെ തുടര്‍ന്ന് പൈപ്പ് ലൈന്‍ തകരാറിലായതോടെ വീണ്ടും കുടിവെള്ള വിതരണം മുടങ്ങി. കുടിവെള്ള ക്ഷാമമുള്ള പ്രദേശത്ത് സ്ഥലവാസികള്‍ മാസങ്ങളായി പഞ്ചായത്ത് അധികൃതര്‍ ടാങ്കര്‍ ലോറിയിലെത്തിക്കുന്ന കുടിവെള്ള വിതരണത്തെയാണ് ആശ്രയിക്കുന്നത്. നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഫലമില്ലാതായതോടെയാണ് നാട്ടുകാര്‍ സമരപരിപാടികള്‍ക്ക് രൂപം നല്‍കിയത്.

തകരാര്‍ പരിഹരിക്കാമെന്ന് ജല അതോറിറ്റി അധികൃതര്‍ വാക്കാല്‍ ഉറപ്പ് നല്‍കിയെങ്കിലും നാട്ടുകാര്‍ പിന്‍മാറാന്‍ കൂട്ടാക്കാതിരുന്നതോടെ ഫെബ്രുവരി 28ന് മുമ്പായി തകരാര്‍ പരിഹരിച്ച് കുടിവെള്ള വിതരണം ആരംഭിക്കാമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എഴുതി നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

Next Story

RELATED STORIES

Share it