Latest News

'ചിറയിന്‍കീഴ് മണ്ഡലത്തില്‍ രമ്യ ഹരിദാസ് വേണ്ട'; സണ്ണി ജോസഫിന്റെയും രമ്യ ഹരിദാസിന്റെയും കോലം കത്തിച്ച് പ്രതിഷേധം

ചിറയിന്‍കീഴ് മണ്ഡലത്തില്‍ രമ്യ ഹരിദാസ് വേണ്ട; സണ്ണി ജോസഫിന്റെയും രമ്യ ഹരിദാസിന്റെയും കോലം കത്തിച്ച് പ്രതിഷേധം
X

തിരുവനന്തപുരം: ചിറയിന്‍കീഴ് മണ്ഡലത്തില്‍ രമ്യ ഹരിദാസിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം. രമ്യ വേണ്ടെന്ന് കോണ്‍ഗ്രസ് പ്രാദേശിക ഘടകം. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെയും രമ്യ ഹരിദാസിന്റെയും കോലം കത്തിച്ചു. കഠിനംകുളം പഞ്ചായത്ത് ഓഫീസിന്റെ പരിസരത്തായിരുന്നു പ്രതിഷേധം. പ്രാദേശിക നേതാക്കള്‍ക്ക് തന്നെ സ്ഥാനാര്‍ഥിത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക നേതാക്കള്‍ എഐസിസി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. പട്ടികയില്‍ ഇടംപിടിച്ചിരുന്ന അജിത് കുമാര്‍, ജി ലീന, അനൂപ്, മനോജ് മോഹന്‍ എന്നിവരാണ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്.

രമ്യയെ ചിറയിന്‍കീഴില്‍ മല്‍സരിപ്പിക്കാനുളള നീക്കത്തിനെതിരേ നേരത്തെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. കോഴിക്കോട് ജില്ലക്കാരിയായ രമ്യയെ ചിറയിന്‍കീഴ് കെട്ടിയിറക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു വിമര്‍ശനം. മണ്ഡലത്തിലെ വോട്ടര്‍മാരുടെ വികാരവും സാമുദായിക സാഹചര്യങ്ങളും കണക്കിലെടുക്കണമെന്ന് ആവശ്യം. മണ്ഡലത്തില്‍ ഭൂരിപക്ഷമുള്ള പുലയ, തണ്ടാന്‍ സമുദായങ്ങളില്‍ നിന്നുള്ള, പ്രാദേശികമായി സ്വാധീനമുള്ള നേതാക്കളെ പരിഗണിക്കുന്നത് വിജയസാധ്യത വര്‍ധിപ്പിക്കുമെന്നും കത്തില്‍. പാര്‍ട്ടിക്കായി ത്യാഗം സഹിച്ച ജില്ലയിലെ തന്നെ സമുന്നതരായ നേതാക്കളെ സ്ഥാനാര്‍ഥിയായി നിശ്ചയിക്കണമെന്ന് കത്തില്‍ അഭ്യര്‍ത്ഥന.

രമ്യാ ഹരിദാസിന് സീറ്റ് നല്‍കുന്നത് ജില്ലയിലെ ദളിത് പ്രവര്‍ത്തകരെ അവഹേളിക്കുന്നതിന് തുല്യമാണെന്നും സംവരണ സീറ്റില്‍ ജില്ലയിലെ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും മുന്നില്‍ നിന്ന നേതാക്കളെ തഴയുകയാണെന്നുമാണ് വിമര്‍ശനം. അടൂര്‍ പ്രകാശ് എംപി തിരുവനന്തപുരത്തെ പ്രവര്‍ത്തകരുടെ വികാരം വ്രണപ്പെടുത്തുകയാണെന്നും രമ്യ ഭയന്നോടിയാണ് തിരുവനന്തപുരത്തേക്ക് എത്തുന്നതെന്നും ഇവര്‍ പരാതിയില്‍ ആരോപിച്ചിരുന്നു. ഗ്രൗണ്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാതെ പാട്ടുംപാടി കറങ്ങി നടന്ന് തോറ്റയാളാണ് രമ്യാ ഹരിദാസ് എന്നും പരാതിയില്‍ പറയുന്നു. പ്രാദേശിക നേതാക്കളുടെ എതിര്‍പ്പ് പരിഗണിക്കാതെ രമ്യയെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ആരോപണമുണ്ട്.

Next Story

RELATED STORIES

Share it