Latest News

ലഹരിക്കെതിരേ ഫ്‌ളാഷ് മോബുമായി വിദ്യാര്‍ഥികള്‍

ലഹരിക്കെതിരേ ഫ്‌ളാഷ് മോബുമായി വിദ്യാര്‍ഥികള്‍
X

പരപ്പനങ്ങാടി: വിദ്യാര്‍ഥികളില്‍ ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളും യുവതലമുറയെ ഉള്‍പ്പെടെ ലഹരിയില്‍ നിന്ന് മോചിപ്പിക്കാനുള്ള സന്ദേശവും നല്‍കി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബ് ശ്രദ്ധേയമായി. ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പരപ്പനങ്ങാടിയിലെ പരപ്പനാട് കോവിലകം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഫ്‌ളാഷ് മോബുമായി തെരുവിലിറങ്ങിയത്.


സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ലഹരി ഉപയോഗവും ലഹരിക്ക് അടിമയായവര്‍ കൂടെയുള്ള വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചുകൊല്ലുന്നതും ലഹരി വില്‍പ്പനക്കെതിരെയും ഉപയോഗിക്കുന്നവര്‍ക്കെതിരെയും പോലിസ്, എക്‌സൈസ് എന്നിവരുടെ ഭാഗത്തുനിന്നുണ്ടാവുന്ന ശക്തമായ നടപടി ഉള്‍പ്പെടെയാണ് ഫ്‌ളാഷ് മോബിലൂടെ അവതരിപ്പിച്ചത്. കൂടി നിന്നവരെ ലഹരി വിരുദ്ധ പ്രതിജ്ഞയെടുപ്പിക്കാനും വിദ്യാര്‍ഥികള്‍ മറന്നില്ല. സംസ്ഥാന എക്‌സൈസ് വകുപ്പുമായി സഹകരിച്ചായിരുന്നു ബോധവല്‍ക്കരണം.

പരപ്പനങ്ങാടി ടൗണ്‍, ചെട്ടിപ്പടി, വള്ളിക്കുന്ന് അത്താണിക്കല്‍ എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിലാണ് വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബുമായെത്തിയത്. പരപ്പനങ്ങാടിയില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ പി ബിജു ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്നില്‍ നടന്ന സമാപനം പി ടി എ പ്രസിഡന്റ് കെ എം ഷാകിറ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് പി മന്‍സൂര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് ഉഷ, എ പി ഗീത എന്നിവര്‍ സംസാരിച്ചു. സാമൂഹിക, ശാസ്ത്ര ക്ലബ് അധ്യാപകരായ കെ ദേവി, കെ ശരണ്യ, ടി ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it