Latest News

സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ല; കേന്ദ്രാനുമതിക്കുശേഷം തുടര്‍നടപടിയെന്ന് കെ റെയില്‍

സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ല; കേന്ദ്രാനുമതിക്കുശേഷം തുടര്‍നടപടിയെന്ന് കെ റെയില്‍
X

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കെ റെയില്‍. കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ലെന്നും കെ റെയില്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പദ്ധതിക്ക് കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയതിനെത്തുടര്‍ന്ന് ആരംഭിച്ച പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരികയാണ്.

റെയില്‍വേ ബോര്‍ഡിന്റെ അന്തിമാനുമതി കിട്ടുന്ന മുറയ്ക്ക് തുടര്‍നടപടികളിലേക്ക് കടക്കും. അന്തിമാനുമതിക്ക് മുന്നോടിയായി, ഡിപിആറുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദാംശങ്ങള്‍ ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട ഹൈഡ്രോളജിക്കല്‍ പഠനം, സമഗ്ര പാരിസ്ഥിതി ആഘാത വിലയിരുത്തല്‍ പഠനം, കണ്ടല്‍ക്കാടുകളുടെ സംരക്ഷണം, തീരദേശ പരിപാലനം തുടങ്ങിയവ പൂര്‍ത്തിയാക്കി വരികയാണെന്നും കെ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു.

2020 സപ്തംബര്‍ ഒമ്പതിനാണ് സില്‍വര്‍ ലൈന്‍ ഡിപിആര്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചത്. ഡിപിആര്‍ പരിശോധിച്ച് ബോര്‍ഡ് ഉന്നയിച്ച മറ്റ് സംശയങ്ങള്‍ക്കെല്ലാം കമ്പനി നേരത്തെ തന്നെ മറുപടി നല്‍കിയിരുന്നതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ തല്‍ക്കാലത്തേയ്ക്ക് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി കഴിഞ്ഞ ദിവസമാണ് റിപോര്‍ട്ട് പുറത്തുവരുന്നത്. ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. പിന്നാലെ ഈ വാര്‍ത്ത തെറ്റാണെന്നും പദ്ധതി ഉപേക്ഷിക്കില്ലെന്നും വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it