Latest News

പരപ്പനങ്ങാടിയില്‍ പോലിസിന്റെ സംഘപരിവാര്‍ അനുകൂല നടപടിക്കെതിരേ സിപിഎം രംഗത്തുവന്നത് ജനവികാരം ഭയന്ന്: എസ്ഡിപിഐ

പരപ്പനങ്ങാടിയില്‍ പോലിസിന്റെ സംഘപരിവാര്‍ അനുകൂല നടപടിക്കെതിരേ സിപിഎം രംഗത്തുവന്നത് ജനവികാരം ഭയന്ന്: എസ്ഡിപിഐ
X

പരപ്പനങ്ങാടി: ആര്‍എസ്എസ്സിന്റെ ചട്ടുകമായി പരപ്പനങ്ങാടി പോലിസ് മാറുന്നുവെന്ന സിപിഎമ്മിന്റെ പ്രസ്താവന ജനവികാരം ഭയന്നാണെന്ന് എസ്ഡിപിഐ പരപ്പനങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി കുറ്റപ്പെടുത്തി. പരപ്പനങ്ങാടിയിലെ സിഐ ഹണി കെ ദാസ് ചെയ്തുകൂട്ടുന്ന അതിക്രമങ്ങളും സംഘപരിവാര്‍ അനുകൂല നടപടിയും പരപ്പനങ്ങാടിയില്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പലതവണ പരാതികളും മറ്റും ഉയര്‍ന്നിട്ട് അതില്‍ നിന്നെല്ലാം പോലിസിനെ വെള്ളപൂശുന്ന നടപടിയാണ് സിപിഎം ഇതുവരെ സ്വീകരിച്ചിരുന്നത്.

കൊവിഡ് സമയത്ത് റവന്യൂ ജീവനക്കാരിയുടെ ഭര്‍ത്താവിനെ മര്‍ദ്ദിച്ചത്, വള്ളിക്കുന്ന് അത്താണിക്കലില്‍ ദലിത് യുവാവിനെ മര്‍ദ്ദിച്ചത്, കൊവിഡ് കാലത്ത് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളെ പരപ്പനങ്ങാടിയില്‍ മര്‍ദ്ദിച്ചത്, എസ്ഡിപിഐ ജില്ലാ സെക്രട്ടറി മുസ്ത പാമങ്ങാടനെ അപമാനിച്ചത്, മദ്‌റസ വിദ്യാര്‍ഥിയെ ആക്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ നിസാര വകുപ്പ് ചുമത്തി രക്ഷപ്പെടുത്തിയത്, ഇയാള്‍ക്കെതിരേ പോസ്റ്റിട്ട എസ്ഡിപിഐ പ്രവര്‍ത്തകനെ വധശ്രമക്കേസ് ചുമത്തി ജയിലിലടച്ചത്, ആര്‍എസ്എസ് ശാഖയില്‍ കുട്ടികളെ പീഡിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാതെ സഹായിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചത്, കഞ്ചാവ് കേസില്‍ നിരപരാധിയായ മല്‍സ്യക്കച്ചവടക്കാരനെ കുടുക്കിയത്, യൂത്ത് ലീഗ് പ്രവര്‍ത്തകനെ കാപ്പ ചുമത്തിയത് അടക്കം വ്യാപക അതിക്രമങ്ങളും പരാതികളും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നപ്പോഴൊന്നും ഗൗനിക്കാതെ സിഐയുടെ രക്ഷകനായി മാറുകയായിരുന്നു സിപിഎം.

എന്നാലിപ്പോള്‍ സ്വന്തം പാര്‍ട്ടി കുടുംബത്തിന് നേരേ മതവികാരം വ്രണപ്പെടുത്തിയെന്ന ആര്‍എസ്എസ്സിന്റെ പരാതിയില്‍ സിഐ സ്വീകരിച്ച നടപടി വിവാദമായ സാഹചര്യത്തിലാണ് ഇയാള്‍ക്കെതിരേ സിപിഎം രംഗത്തുവന്നത്. മാത്രമല്ല, നേരത്തെ അക്രമത്തിന് വിധേയമായ റവന്യൂ ജീവനക്കാരിയുടെ പിതൃസഹോദരനായ അധ്യാപകന്റെ വീട്ടിലേക്ക് ആര്‍എസ്എസ് മാര്‍ച്ച് നടത്തി വീട്ടുമുറ്റത്തെത്തുന്നതുവരെ സൗകര്യമൊരുക്കിയതും വീട്ടില്‍ റെയ്ഡ് നടത്തിയതും നേരത്തെ സിഐക്കെതിരേ പരാതി നല്‍കിയതിന്റെ പകതീര്‍ക്കലാണന്ന കാര്യം ഗൗരവത്തിലെടുക്കേണ്ടതാണ്.

ഈ ഘട്ടത്തിലെങ്കിലും പരപ്പനങ്ങാടി സിഐയുടെ നടപടിക്കെതിരേ രംഗത്തുവന്നതില്‍ ആത്മാര്‍ഥത ഉണ്ടങ്കില്‍ ഈ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കാന്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഎം സമര്‍ദ്ദം ചെലുത്തണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. മുനിസിപ്പല്‍ പ്രസിഡന്റ് കെ സിദ്ദീഖ്, സെക്രട്ടറി അബ്ദുല്‍ സലാം കളത്തിങ്ങല്‍, വാസു തറയിലൊടി, അഷ്‌റഫ് കെട്ടുങ്ങല്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it