Latest News

ഇന്ധനവില: കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നത് നികുതി ഭീകരതയെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

പെട്രോളിയും ഉല്‍പന്നങ്ങളുടെ അടിസ്ഥാന വിലയില്‍ നിന്ന് 149 ശതമാനമാണ് നികുതിയായി ഈടാക്കുന്നത്. നികുതികൊള്ളയെന്ന ക്രൂരവിനോദമാണ് കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്.

തിരുവനന്തപുരം: ഇന്ധനവിലയില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നികുതി ഭീകരതയാണ് നടപ്പിലാക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധനികുതി കൊള്ളക്കെതിരേ ഏജീസ് ഓഫിസിന് മുന്‍പിലും സംസ്ഥാന സര്‍ക്കാരിന്റെ നികുതി കൊള്ളയ്‌ക്കെതിരേ സെക്രട്ടറിയേറ്റിനു മുന്‍പിലും ഒരേസമയം നടത്തിയ പ്രതിഷേധ ധര്‍ണയും മാര്‍ച്ചും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാധാരണക്കാര്‍ക്ക് മനസ്സിലാവാത്ത രൂപത്തിലാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വില വര്‍ധനയെക്കുറിച്ച് സംസാരിക്കുന്നത്. വിലവര്‍ധനയില്‍ കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുകയാണ്. വിലവര്‍ധനയില്‍ ഇരു സര്‍ക്കാരുകളും തുല്യ പങ്കാളികളാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന് 57 ഡോളറില്‍ നിന്ന് 20 ഡോളറായി വിലകുറഞ്ഞപ്പോള്‍ അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭിച്ചില്ല. കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി വര്‍ധിപ്പിച്ച് ക്രൂഡോയില്‍ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നിഷേധിക്കുകയാണ് ചെയ്തത്. അക്കാലത്ത് 15.5 ശതമാനമാണ് വില വര്‍ധിപ്പിച്ചത്. ക്രൂഡ് ഓയില്‍ വിലക്കുറവിന്റെ ഗുണഭോക്താക്കളായി സര്‍ക്കാര്‍ മാറുന്നു. കൂടാതെ മൂലധന ശക്തികള്‍ക്കായി സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ്. പെട്രോളിയും ഉല്‍പന്നങ്ങളുടെ അടിസ്ഥാന വിലയില്‍ നിന്ന് 149 ശതമാനമാണ് നികുതിയായി ഈടാക്കുന്നത്. നികുതികൊള്ളയെന്ന ക്രൂരവിനോദമാണ് കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. കാര്‍ഷിക മേഖല, വ്യവസായ മേഖല, നിര്‍മാണ മേഖല തുടങ്ങി സര്‍വ മേഖലകളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നിത്യവൃത്തിക്കു തൊഴില്‍ ചെയ്യുന്ന സാധാരണക്കാര്‍ ദിവസക്കൂലിയുടെ ഗണ്യമായ ഭാഗം ഇന്ധന ചെലവിനായി വിനിയോഗിക്കേണ്ട അവസ്ഥയാണ്. ഇന്ധനവില വര്‍ധനയിലൂടെ ഭക്ഷ്യസാധനങ്ങള്‍ക്കുള്‍പ്പെടെ വലിയ വിലവര്‍ധനയാണുണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐയുടെ ധര്‍ണ ഒരു പ്രതീകാത്മക സമരമാണ്. ഇക്കാര്യത്തില്‍ തുടര്‍സമരമാണ് ദേശീയ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുള്ളത്. പൗരന്മാര്‍ വോട്ട് ചെയ്ത് അധികാരത്തിലേറ്റിയവരാണ് തങ്ങളെന്ന ബോധ്യം ഭരണകര്‍ത്താക്കള്‍ക്കുണ്ടാവണം. അത് ബോധ്യപ്പെടുന്ന തരത്തിലും ഭരണകര്‍ത്താക്കളെ അസ്വസ്ഥതപ്പെടുത്തുന്ന രൂപത്തിലും ഈ സമരം മാറും. പൗരന്മാരെ കൊള്ളയടിക്കാനുള്ള കേന്ദ്രസംസ്ഥാന ഭരണാധികാരികളുടെ ത്വരയാണ് ഇന്ധനവില വര്‍ധനയിലൂടെ കാണുന്നതെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.

സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍, സംസ്ഥാന ട്രഷറര്‍ എ കെ സലാഹുദ്ദീന്‍, സംസ്ഥാന സെക്രട്ടറിമാരായയ കെ എസ് ഷാന്‍, ജോണ്‍സണ്‍ കണ്ടച്ചിറ, സംസ്ഥാന സമിതിയംഗങ്ങളായ വി എം ഫൈസല്‍, അന്‍സാരി ഏനാത്ത്, മുസ്തഫ പാലേരി, അഷ്‌റഫ് പ്രാവച്ചമ്പലം, എല്‍ നസീമ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് സംസാരിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് തച്ചോണം നിസാമുദ്ദീന്‍, കരമന ജലീല്‍, സെക്രട്ടറി സിയാദ് തൊളിക്കോട്, സബീനാ ലുഖ്മാന്‍, ട്രഷറര്‍ മണക്കാട് ഷംസുദ്ദീന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ പരുത്തിക്കുഴി മാഹീന്‍, കുറ്റിയാമൂട് ഷജീര്‍, റുബീനാ മഹ്ഷൂഖ് തുടങ്ങിയവര്‍ പങ്കെടുത്തു. ഏജീസ് ഓഫിസിലേക്കുള്ള മാര്‍ച്ച് പാളയത്തു നിന്നും സെക്രട്ടറിയേറ്റിലേക്കുള്ള മാര്‍ച്ച് ജിപിഒയ്ക്കു സമീപത്തു നിന്നും ആരംഭിച്ചു.

Next Story

RELATED STORIES

Share it